Wednesday, October 29, 2008

ആരോഗ്യകേന്ദ്രങ്ങള്‍ പരിശോധനയില്‍ പരാജയപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ



ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

വാര്‍ത്തക്ക് കടപ്പാട്:മാത്യഭൂമി

ദോഹ: ഖത്തറിലേക്ക് തൊഴിലാളികളെ കയറ്റിയയയ്ക്കുന്ന രാജ്യങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്ക് നിയോഗിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ സാംക്രമിക രോഗങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴയടക്കേണ്ടിവരും.
അത്തരം ആരോഗ്യ കേന്ദ്രങ്ങള്‍ ഉത്തരവാദിത്വരാഹിത്യം കാണിച്ചാല്‍ പിഴയീടാക്കണമെന്ന നിര്‍ദേശം ഗള്‍ഫിലേക്ക് വരുന്ന തൊഴിലാളികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഗള്‍ഫ് രാഷ്ട്ര സഹകരണ കൗണ്‍സില്‍ (ജി.സി.സി) നിയോഗിച്ച കമ്മിറ്റി യോഗം മുന്നോട്ടുവെച്ചു.

പല ഏഷ്യന്‍, ആഫ്രിക്കന്‍, മധ്യപൗരസ്ത്യ രാജ്യങ്ങളിലുമായി 212 ആരോഗ്യ കേന്ദ്രങ്ങളെയാണ് ഗള്‍ഫിലേക്ക് വരുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടത്താന്‍ അധികാരപ്പെടുത്തിയത്. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്, ടി.ബി. രോഗങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സംക്രമിക്കാതിരിക്കാനാണ് ഈ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതെന്ന് ദേശീയ ആരോഗ്യ അതോറിറ്റിയുടെ മെഡിക്കല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഡോ.അഹമ്മദ് കമാല്‍ നാജി പ്രസ്താവിച്ചു.

നിര്‍ബന്ധ ആരോഗ്യ പരിശോധന സൗദി അറേബ്യപോലുള്ള രാജ്യങ്ങളിലേക്ക് വരുന്നവര്‍ നേരത്തേ തന്നെ നടത്തുന്നുണ്ട്. ജി.സി.സി. പാനലിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഖത്തറും ഇത് പിന്‍തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം എയ്ഡ്‌സ് രോഗങ്ങളുള്ള അഞ്ച് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചക്കുറവ് കാണിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ 1000 ഡോളര്‍ പിഴയടക്കേണ്ടിവരും. എന്നാല്‍ ഒരു എയ്ഡ്‌സ് കേസോ, ഹെപ്പറ്ററ്റിസ്, ക്ഷയരോഗ കേസുകളോ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ക്കും പിഴശിക്ഷ വിധിക്കും. ഒരു വിദേശി ഖത്തറിലെത്തിയാല്‍ ഒരു മാസത്തിനകം അയാളെ നിര്‍ബന്ധ ആരോഗ്യ പരിശോധനയ്ക്ക് മെഡിക്കല്‍ കമ്മീഷന്‍ വിധേയമാക്കും.

സ്വന്തം രാജ്യത്തുനിന്ന് ആരോഗ്യ പരിശോധന നടത്താതെ വരുന്ന വിദേശികളെ തടയാന്‍ ഖത്തര്‍ നിര്‍ബന്ധിതമാകുമെന്ന് ഡോ. നാജി പറഞ്ഞു.

1 comment:

Unknown said...

ഖത്തറിലേക്ക് തൊഴിലാളികളെ കയറ്റിയയയ്ക്കുന്ന രാജ്യങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്ക് നിയോഗിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ സാംക്രമിക രോഗങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴയടക്കേണ്ടിവരും.
അത്തരം ആരോഗ്യ കേന്ദ്രങ്ങള്‍ ഉത്തരവാദിത്വരാഹിത്യം കാണിച്ചാല്‍ പിഴയീടാക്കണമെന്ന നിര്‍ദേശം ഗള്‍ഫിലേക്ക് വരുന്ന തൊഴിലാളികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഗള്‍ഫ് രാഷ്ട്ര സഹകരണ കൗണ്‍സില്‍ (ജി.സി.സി) നിയോഗിച്ച കമ്മിറ്റി യോഗം മുന്നോട്ടുവെച്ചു.