റമദാന്‍ വിഭവങ്ങള്‍
പാചകം നിങ്ങൾക്കായി ഇവിടെ ക്രോഡീകരിക്കുന്നത് : ജസീന ഹംസ


പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്.ചെറിയ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധിയാണ്. മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും.


കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്.


തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍ .ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.


അതുപോലെ ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.കൂടാതെ അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയാണ് പതിവായി കഴിക്കാറുള്ളത്.


റമദാൻ ഒന്നിലെ വിഭവം.

തരിക്കഞ്ഞി.ചേരുവകള്‍ :-

1.പാല്‍ഒരു ലിറ്റര്‍
2.പഞ്ചസാര- ഒരു കപ്പ്
3.റവ- ഒരു കപ്പ്
4.മുട്ട- ഒന്ന്
5.ഏലയ്ക്കാ പൊടിച്ചത്- ഒരു നുള്ള്

പാകം ചെയ്യുന്ന വിധം:-

പാല്‍ ഒരു കപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും റവയും ചേര്‍ത്തിളക്കി വിണ്ടൂം തിളപ്പിക്കുക കുറുകി തുടങ്ങുമ്പോള്‍ മുട്ട അടിച്ചതു മെല്ലെ ചേര്‍ത്ത് ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്തു വാങ്ങുക.


റമദാന്‍ രണ്ടിലെ വിഭവം.

ചെറുപയര്‍ കഞ്ഞി.


ചേരുവകള്‍ :-

കുഞ്ഞരി – (കയമ അരി) – 100 ഗ്രാം
ചെറുപയര്‍ – 100 ഗ്രാം
പച്ച തേങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

തേങ്ങാഅരച്ചു പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവയ്ക്കുക.രണ്ടാംപാലില്‍ കുഞ്ഞരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിള വരുമ്പോള്‍ വാങ്ങിവയ്ക്കുക.

റമദാന്‍ മൂന്നിലെ വിഭവം

മുട്ടപ്പണ്ടം.
ചേരുവകള്‍ :-

മുട്ട – 3 എണ്ണം
മൈദ – രണ്ടു ടേബിള്‍ സ്പൂണ്‍വെള്ളം -
ഉപ്പ് – പാകത്തിന്
കിസ്മിസ് അണ്ടിപ്പരിപ്പ് ഏലയ്ക്കാപ്പൊടി -പാകത്തിന്

പാകം ചെയ്യുന്ന വിധം:-

രണ്ടു മുട്ട, ഒന്നര ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അണ്ടിപ്പരിപ്പ്, കിസ്മിസ്ഇവ അടുപ്പില്‍ വച്ചു നന്നായി ഇളക്കി ചേര്‍ത്ത് (പണ്ടം) വറുക്കുക. മൈദഉപ്പും വെള്ളവും ഒരു മുട്ടയും ചേര്‍ത്തു വളരെ നേര്‍മയായി കലക്കുക. ഫ്രൈപാനില്‍ ചൂടാവുന്നതിനു മുന്‍പു മൈദ കൂട്ടൊഴിച്ചു നേരിയ ദോശമാതിരിനല്ലവണ്ണം വേവാതെ എടുക്കുക. ഇതില്‍ പണ്ടംവച്ചു വട്ടത്തില്‍ നാലായിമടക്കുക. ഒന്നുകൂടി ഇങ്ങനെ കുറച്ചു വിലിപ്പത്തില്‍ ചുട്ടെടുക്കുക. അതില്‍പണ്ടം വച്ച്, ആദ്യം മടക്കിവച്ചതും വച്ചു വീണ്ടും മടക്കുക. പഞ്ചസാര വെള്ളവും ഏലയ്ക്കാ പൊടിയും ചേര്‍ത്തു തിളപ്പിക്കുക. ഈ പാനീയംഇതിനു മുകളിലൊഴിച്ചു വിളമ്പാം.

റമദാന്‍ നാലിലെ വിഭവം.

ഇറച്ചി അപ്പം.ചേരുവകള്‍ :-


ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം
(കയമ അരി)- 1 കപ്പ്
തേങ്ങ – 1 പകുതി
മുട്ട – 1 എണ്ണം
ഉപ്പ് – പാകത്തിന്
സവാള – 1 (ചെറുത്)
പച്ചമുളക് – 2 എണ്ണം
കറിവേപ്പില, മല്ലിയില
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – 1 കഷണം

പാകം ചെയ്യുന്ന വിധം:-

അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക.
ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില തൂവുക, കുതിര്‍ത്തുവച്ച അരി, തേങ്ങ, മുട്ട, ഉപ്പ് ഇവ നേര്‍മയായി നന്നായി അരച്ചെടുക്കുക. ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ചു മാവൊഴിച്ചു മുകളില്‍ മസാലയിട്ടു വീണ്ടും മാവൊഴിച്ചു വേവിച്ചെടുക്കുക.


റമദാന്‍ അഞ്ചിലെ വിഭവം.

ഉണ്ട പുട്ട്.ചേരുവകള്‍ :-


പുഴുങ്ങലരി – 250 ഗ്രാം
തേങ്ങ – 1 പകുതി
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
ചെമ്മീന്‍ – 500 ഗ്രാം
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
ഉള്ളി (സവാള) – 1 കഷണം

പാകം ചെയ്യുന്ന വിധം:-

ചെമ്മീന്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു വെളിച്ചെണ്ണയില്‍ ഇട്ടു വഴറ്റിയെടുക്കുക. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്തു ജീരകം ,തെങ്ങാ, ഉള്ളി ഇവ ചേര്‍ത്തു മുറുക്കി അരച്ചെടുക്കുക. (കട്ടിയായി അരച്ചെടുക്കു) ഇതു ചെറിയ ഉരുളകളാക്കി പരത്തി ഇതില്‍ ചെമ്മീന്‍ ഫില്ലിങ് വച്ച് ഉരുളകളാക്കി എടുക്കുക. ആവി പാത്രത്തില്‍ വാഴയിലവച്ച് അതിനു മീതെ ഉരുളകള്‍വച്ചു വേവിച്ചെടുക്കുക.


റമദാന്‍ ആറിലെ വിഭവം.

നേന്ത്രപ്പഴം കേക്ക് .ചേരുവകള്‍ :-

നേന്ത്രപ്പഴം – 1 വലുത്
മുട്ട – 2 എണ്ണം
മൈദ – 5 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ബേക്കിങ് പൌഡര്‍ – അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

വെളിച്ചെണ്ണയില്‍ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതു പൊരിച്ചെടുക്കുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ നന്നായി പതപ്പിക്കുക. അതില്‍ മൈദ, പൊരിച്ചുവെച്ച പഴം ഇവ ചേര്‍ത്ത് ബേക്ക് ചെയ്തെടുക്കുക. (ബേക്ക് ചെയ്യുന്നതിനു പകരം പ്രഷര്‍ കുക്കറില്‍ നെയ്യ് പുരട്ടി, മൈത തൂവി, കൂട്ടൊഴിച്ചു കുക്കറിന്റെ വെയ്റ്റ് ഇടാതെ വേവിച്ചെടുക്കാം) അങ്ങിനെ നേന്ത്രപഴം കൊണ്ടുളള കേക്ക് റെഡിയായി.ഇനി ചെറിയ കഷണങ്ങളാക്കി മുറിച്ച് വിളമ്പാം.

റമദാന്‍ ഏഴിലെ വിഭവം.


മീന്‍ പത്തിരി.
ചേരുവകള്‍ :-

1. പുഴുക്കലരി-അര കിലോ
2. തേങ്ങ ചിരകിയത്-ഒരു മുറി
പെരുംജീരകം-ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി-അഞ്ച്
ഏലയ്ക്കാ പൊടിച്ചത്-നാല്
ഉപ്പ്-പാകത്തിന്.
(അകത്തു നിറയ്ക്കുവാനുള്ള കൂട്ടിനായുള്ളത്)
3. ദശ കട്ടിയുള്ള മീന്‍-നാല് കഷണം
4. സവാള കൊത്തിയരിഞ്ഞത്-200 ഗ്രാം
പച്ചമുളക് വട്ടത്തിലരിഞ്ഞത്-അഞ്ച്
ഇഞ്ചി അരിഞ്ഞത്-ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്-ഒന്ന്
മല്ലിയില അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
പുതിനയില അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്-രണ്ടു കതിര്‍പ്പ്
5. മുളകുപൊടി-ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്
6. എണ്ണ-വഴറ്റാന്‍ വേണ്ടത്

പാകം ചെയ്യുന്ന വിധം:-

പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചു ചേര്‍ത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും പുരട്ടി വറുത്തെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നാലാമത്തെ ചേരുവകള്‍ യഥാക്രമം വഴറ്റിയെടുക്കുക. ഇതില്‍ അഞ്ചാമത്തെ ചേരുവകളും യഥാക്രമം ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ വറുത്തെടുത്ത മീന്‍ കഷണങ്ങള്‍ ഇട്ട് വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക.
ഒരു വാഴയിലയില്‍ അല്പം എണ്ണ തൂവുക. അരിമാവിന്റെ ഉരുളയെടുത്ത് ഇതില്‍ വച്ച് പത്തിരിപോലെ കൈവിരല്‍ കൊണ്ട് പരത്തുക. അതിന്റെ മീതേ തയാറാക്കി വച്ചിരിക്കുന്ന മീന്‍ മസാലക്കൂട്ട് പരത്തുക. വീണ്ടും വേറേ വാഴയിലയില്‍ മറ്റൊരു ഉരുള പരത്തി മസാലക്കൂട്ടിന്റെ മുകളില്‍ വച്ച് പത്തിരിയുടെ എല്ലാ വശവും ഒട്ടിച്ചെടുക്കണം. ഇത് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക.ഇതുപോലെ ബാക്കിയുള്ളതും തയ്യാറാക്കുക.

റമദാന്‍ എട്ടിലെ വിഭവം.

കടുക്ക നിറച്ചത്.ചേരുവകള്‍ :-

1. കല്ലുമ്മക്കായ -25
2. പുഴുക്കലരി- അര കിലോ
3. തേങ്ങ ചിരകിയത്-ഒരു മുറി
പെരുംജീരകം-ഒരു ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി-അഞ്ച്
ഏലയ്ക്കാ-അഞ്ച്
ഉപ്പ്-പാകത്തിന്
4. മുളകുപൊടി-രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാലപ്പൊടി-അര ടീസ്പൂണ്‍
ഇഞ്ചി അരച്ചത്-ഒരു കഷണം
വെളുത്തുള്ളി-എട്ട് അല്ലി
5. എണ്ണ-വറുക്കാന്‍ വേണ്ടത്

പാകം ചെയ്യുന്ന വിധം:-

കല്ലുമ്മക്കായ നല്ലവണ്ണം ഉരച്ചു കഴുകി നെടുകെ പിളര്‍ന്ന് ഉള്ളിലെ നാരുകള്‍ കളഞ്ഞു വീണ്ടും കഴുകിയെടുക്കുക. ഇത് ഒരു വശം മാത്രമേ തുറക്കാവൂ.പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരച്ചത് ചേര്‍ക്കുക. അരിമാവിന്റെ കൂടെ മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക. ഇത് വലിയ ചെറുനാരങ്ങായുടെ വലിപ്പത്തിലുള്ള ഉരുളകളാക്കി കല്ലുമ്മക്കായയുടെ ഉള്ളില്‍ നിറയ്ക്കുക. ഇത് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. ചൂടാറിയശേഷം തോടില്‍ നിന്നടര്‍ത്തി അഴുക്കുള്ള ഭാഗം നീക്കംചെയ്യണം. നാലാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കലക്കിയെടുത്ത്, കല്ലുമ്മക്കായ ഓരോന്നും ഇതില്‍ മുക്കി ചൂടുള്ള എണ്ണയില്‍ വറുത്തു കോരുക.

റമദാന്‍ ഒമ്പതിലെ വിഭവം.
 
പച്ച കറി.


 

ചേരുവകള്‍ :-

1.പച്ചക്കായ- ഒന്ന്
2.വന്‍പയര്‍- 100 ഗ്രാം
3.ഉപ്പ്- പാകത്തിന്
ജീരകം- ഒരു നുള്ള്
ചുവന്നുള്ളി- നാല്
പച്ചമുളക്- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
4.തേങ്ങ- രണ്ട് വലിയ സ്പൂണ്‍


പാകം ചെയ്യുന്ന വിധം:-
 

പച്ചക്കായ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞതും വന്‍പയര്‍ കുതിര്‍ത്തതും മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക. വെന്തശേഷം തേങ്ങ ചിരകിയത് ഒതുക്കിയിട്ട് ചേര്‍ത്തിളക്കി വാങ്ങി ഉപയോഗിക്കുക.

റമദാന്‍ പത്തിലെ വിഭവം.

 
പല്ലട. 

ചേരുവകള്‍ :-

1.മൈദ- 250 ഗ്രാം
2.വെള്ളം- കുഴക്കാന്‍ പാകത്തിന്
3.ഉപ്പ്- പാകത്തിന്
4.എണ്ണ- ഒരു വലിയ സ്പൂണ്‍
5.തേങ്ങ- ഒരു തേങ്ങായുടെ പകുതി
6.കടലപ്പരിപ്പു വേവിച്ച് ഉപ്പിട്ടത്- 200 ഗ്രാം
7.കശുവണ്ടി(നുറുക്കണം)- ആറ്
8.കിസ്മിസ്- 10-15
9.ഏലയ്ക്കാ പൊടിച്ചത്- നാല്
10.പഞ്ചസാര- പാകത്തിന്
11.എണ്ണ- വറുക്കാന്‍ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം:-


മൈദ, ഉപ്പു പാകത്തിനു വെള്ളവും ചേര്‍ത്തു ചപ്പാത്തിപ്പരുവത്തില്‍ കുഴയ്ക്കുക. എണ്ണചേര്‍ത്തു വീണ്ടും കുഴച്ചശേഷം അല്പസമയം മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി, കശുവണ്ടിയും കിസ്മിസും വഴറ്റിയ ശേഷം തേങ്ങ ചിരകിയതും ചേര്‍ത്തു നന്നായി വഴറ്റുക. തേങ്ങ ചുവക്കരുത് വറുത്തശേഷം പഞ്ചസാര ചേര്‍ത്തു വഴറ്റുക. ഇതിലേക്കു പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി വാങ്ങുക. കുഴച്ചു വച്ചിരിക്കുന്ന മൈദാമാവ് ചെറിയ ഉരുളകളാക്കി പരത്തി പൂരിയുടെ വട്ടത്തില്‍ മുറിച്ചെടുക്കുക. പരത്തിയ ഓരോ മൈദാമാവിലും തയാറാക്കി വച്ചിരിക്കുന്ന കൂട്ട് അല്പാല്പം ചേര്‍ത്ത് അട നടുവെ മടക്കി അറ്റം പിരിച്ചെടുത്തു ചൂടായ എണ്ണയില്‍ വറുത്തു കോരുക.
 

റമദാന്‍ പതിനൊന്നിലെ വിഭവം.
 
ഗോതമ്പു കഞ്ഞി.

 

 

ചേരുവകള്‍ :-

1.വെള്ള ഗോതമ്പ്- 250 ഗ്രാം
2.തേങ്ങ- ഒരു തേങ്ങയുടെ പകുതി
3.ചിക്കന്‍- 150 ഗ്രാം
4.ഉപ്പ്- പാകത്തിന്
5.ചുവന്നുള്ളി- രണ്ട്
6.നെയ്യ്- ഒരു വലിയ സ്പൂണ്‍


പാകം ചെയ്യുന്ന വിധം:-


ചിക്കന്‍ വേവിച്ചു വയ്ക്കുക. തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാല്‍ എടുക്കുക. ഗോതമ്പു കഴുകി വാരി മൂന്നാം പാല്‍ ചേര്‍ത്തു കുക്കറില്‍ ഏകദേശം 15-20 മിനിറ്റു വേവിക്കുക. കുഴഞ്ഞിരിക്കുന്നതാണു പാകം. ഇതിലേക്ക് ചിക്കന്‍ വേവിച്ച വെള്ളം ചേര്‍ത്തു തിളച്ച ശേഷം ഉപ്പിടുക. ചിക്കന്‍ പീസുകള്‍ ചെറുതായി പിച്ചിക്കീറിയതു ചേര്‍ത്തു രണ്ടാം പാലും ചേര്‍ത്തു നന്നായി തിളപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ളു ജീരകവും രണ്ടല്ലി ചുവന്നുള്ളി അരിഞ്ഞതും ചേര്‍ക്കാം) ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്തു തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങുക. ഉള്ളി അരിഞ്ഞതും നെയ്യില്‍ മൂപ്പിച്ചു ഗോതമ്പു കഞ്ഞിയില്‍ ചേര്‍ക്കുക.


റമദാന്‍ പന്ത്രണ്ടിലെ വിഭവം.
 
നേന്ത്രപ്പഴയപ്പം. 

ചേരുവകള്‍ :-

1.ഏത്തപ്പഴം - രണ്ടെണ്ണം
2.അരിപ്പൊടി - ഒരു കപ്പ്‌
3.തേങ്ങാ ചിരകിയത് - ഒരു മുറി
4.തേങ്ങാപാല്‍ - അര ഗ്ലാസ്‌
5.ജീരകം - ഒരു നുള്ള്
6.ഏലയ്ക്ക - ഒന്ന്
7.ഉപ്പു - ഒരു നുള്ള്
8.പഞ്ചസാര - ആറേഴു സ്പൂണ്‍


പാകം ചെയ്യുന്ന വിധം:-


തേങ്ങയും ജീരകവും ഏലക്കായും നല്ല വെണ്ണ പോലെ അരച്ചെടുക്കുക.ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് തേങ്ങാപാലോ ഇളം ചൂട് വെള്ളമോ ഒഴിച്ചു അപ്പത്തിനെക്കാളും അല്പം മുറുകിയ പാകത്തില്‍ യോജിപ്പിക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.ഏത്തപ്പഴം ചെറു കഷ്ണങ്ങള്‍ ആയി മുറിച്ചത് ഇതില്‍ ചേര്‍ത്ത് ഇളക്കുക.മയം പുരട്ടിയ ഒരു പാത്രത്തില്‍ ഇതൊഴിച്ച്ചു ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം.


റമദാന്‍ പതിമൂന്നിലെ വിഭവം.

 
റവപ്പുട്ട്. 

ചേരുവകള്‍ :-

1.റവ- 250 ഗ്രാം
2.തേങ്ങ- ഒരു തേങ്ങയുടെ പകുതി
3.ഉപ്പ്- പാകത്തിന്
4.കോഴി- 250 ഗ്രാം
5.സവാള- 500 ഗ്രാം
6.ഇഞ്ചി- ഒരു കഷ്ണം
7.വെളുത്തുള്ളി- നാല് അല്ലി
8.പച്ചമുളക്- മൂന്ന്
9.കറിവേപ്പില- ഒരു തണ്ട്
10.കുരുമുളക്(ചതച്ചത്)- ആറ്
11.മഞ്ഞള്‍പ്പൊടി- കാല്‍ ചെറിയ സ്പൂണ്‍
12.ഗരംമസാല- ഒരു നുള്ള്
13.തക്കാളി- ഒന്ന്
14.മല്ലിയില- മൂന്ന് തണ്ട്
15.പുതിനയില- ഒരു തണ്ട്
16.എണ്ണ- പാകത്തിന്


പാകം ചെയ്യുന്ന വിധം:-


ഇറച്ചി കഷ്ണങ്ങളാക്കിയത് ഓരോ നുള്ളു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തു വഴറ്റുക. സവാള നിറം മാറി തുടങ്ങുമ്പോള്‍ കുരുമുളകും മഞ്ഞള്‍പ്പൊടിയും ഗരംമസാലയും ചേര്‍ത്തു വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതും ഇലകളും ചേര്‍ത്തിളക്കി മസാല തയാറാക്കുക. റവ ഉപ്പു ചേര്‍ത്തു പുട്ടിനെന്നപോലെ നനച്ചു പുട്ടുകുറ്റിയില്‍ നിറച്ച് ആവി കയറ്റുക. ആവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ചു വയ്ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ ചുരണ്ടിയത് പിന്നെ മസാല പിന്നെ റവ എന്നിങ്ങനെ ഇടവിട്ടു നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. അതിനു മറ്റു കറിയൊന്നു വേണ്ട.


റമദാന്‍ പതിനാലിലെ വിഭവം.

 
ചട്ടിപ്പത്തിരി. 

ചേരുവകള്‍ :-

1.മൈദ- രണ്ട് കപ്പ്
2.മുട്ട- 1+12
3.ഉപ്പ്- പാകത്തിന്
4.കശുവണ്ടി- 100 ഗ്രാം
5.കിസ്മിസ്- 100 ഗ്രാം
6.കസ്സ്കസ്സ്- 25 ഗ്രാം
7.പഞ്ചസാര- ഒരു കപ്പ്
8.ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
9.നെയ്യ്- 200 ഗ്രാം
10.ചുവന്നുള്ളി- നാല്


മസാലയ്ക്കുള്ള കൂട്ട്:-


11.ചിക്കന്‍- അരക്കിലോ
12.ഉപ്പ്- പാകത്തിന്
മുളകുപൊടി,മഞ്ഞള്‍പ്പൊടി-രണ്ടു നുള്ളു വീതം
13.സവാള(നീളത്തില്‍ അരിഞ്ഞത്)-ആറ്
ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത്-രണ്ട് വലിയ സ്പൂണ്‍ വീതം
14.മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍
15.മഞ്ഞള്‍പ്പൊടി- അര ചെറിയ സ്പൂണ്‍
16.ഗരംമസാല- ഒരു നുള്ള്


പാകം ചെയ്യുന്ന വിധം:-


ചിക്കന്‍ പന്ത്രണ്ടാമത്തെ ചേരുവ പുരട്ടി അല്പസമയം വച്ച ശേഷം നന്നായി വറുത്തെടുക്കുക. വറുത്ത ചിക്കന്‍ ചെറിയ കഷ്ണങ്ങളായി പിച്ചിക്കീറിയെടുക്കുക. എണ്ണ ചൂടാക്കി സവാള, ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,എന്നിവ വഴറ്റുക. സവാള, ചുവന്നു തുടങ്ങുമ്പോള്‍ പതിനാലാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു പിച്ചിക്കീറി വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്തു നന്നായി മൊരിച്ചു മാറ്റി വയ്ക്കുക. ഇനി മൈദ,ഒരു മുട്ട, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി കലക്കി ദോശമാവു പരുവത്തിലാക്കുക. തവ ചൂടാക്കി മാവു കോരിയൊഴിച്ചു കനം കുറച്ചു പരത്തി, 10-12 ദോശ തയാറാക്കുക. ഇതാണ് ഓട്ടട. ബാക്കി 12 മുട്ട, പഞ്ചസാര ഏലയ്ക്കാപ്പൊടി,എന്നിവ ചേര്‍ത്തടിക്കുക. നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കുക, ഇത് ആറിയ ശേഷം മുട്ടക്കൂട്ടിലേക്കു ചേര്‍ത്ത് അടിക്കുക. നോണ്‍സ്റ്റിക്കിന്റെ ബിരിയാണി ചെമ്പ് എടുത്ത് (അടുപ്പില്‍ വയ്ക്കരുത്) അതില്‍ ആദ്യം ഒരു ഓട്ടട വയ്ക്കുകഅതിന് മീതെ മുട്ടക്കൂട്ട് ഒരു തവി ഒഴിച്ചു മെല്ലെ പരത്തുക. ഇതിനു മീതെ തയാറാക്കിയ മസാല അല്പം വിതറുക. അടുത്ത നിരയില്‍ കശുവണ്ടി, കിസ്മിസ്, കശ്കശ് എന്നിവ വിതറുക. ഇങ്ങനെ ഓട്ടട തീരും വരെ പല തട്ടുകളായി വയ്ക്കുക. ഏറ്റവും മീതെ കശുവണ്ടിയും കിസ്മിസ്,കശ്കശ് ധാരാളം വരണം. ഇങ്ങനെ നിറച്ച നോണ്‍സ്റ്റിക് പാന്‍ അടച്ച് അടുപ്പത്തുവച്ച് ചെറു തീയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കണം. വെന്തശേഷം പാന്‍ തുടന്നു ചട്ടിപ്പത്തിരി തിരിച്ചിട്ടു രണ്ടു മിനിറ്റു വേവിക്കുക. മുകള്‍ വശവും ചുവന്നു വരാനാണിത്. ചട്ടിപ്പത്തിരി തയ്യാര്‍ .


റമദാന്‍ പതിനഞ്ചിലെ വിഭവം.

 
ഈന്തപ്പഴം വട. 

ചേരുവകള്‍ :-

1.മുട്ട- മൂന്ന്
2.പഞ്ചസാര- രണ്ടരകപ്പ്
3.ഈന്തപ്പഴം കുരു കളഞ്ഞുപൊടിയായി അറിഞ്ഞത്- മൂന്നു കപ്പ്
4.എണ്ണ- വറുക്കാന്‍ ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം:-


പഞ്ചസാരയും മുട്ടയും ചേര്‍ത്തു നന്നായി അടിക്കുക. ഇതിലേക്കു റവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവില്‍ റവക്കൂട്ടിലേക്കു ഈന്തപ്പഴം ചേര്‍ത്തു വട പാകത്തിനുള്ള മാവു തയാറാക്കുക. മാവു വടയുടെ ആകൃതിയില്‍ പരത്തി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക.

റമദാന്‍ പതിനാറിലെ വിഭവം.


വെജിറ്റബിൾ ഫ്രൈഡ് റൈസ്. 

ചേരുവകള്‍ :-

1.ബസ്മതി റൈസ്‌ - 1 കിലോ
2.നെയ്യ്‌/ബട്ടര്‍ - 100g
3.ഏലക്കാ - 5 എണ്ണം
4.കറുവ പട്ട - 2 കഷണം
5.ഗ്രാമ്പൂ - 5 എണ്ണം
6.കിസ്മിസ്‌ (ഉണക്ക മുന്തിരി) - 50 g
7.അണ്ടിപ്പരിപ്പ്‌ - 50 g
8.മഞ്ഞള്‍പ്പൊടി - 1 നുള്ള്‌.
9.ബീന്‍സ്‌ 100 g
10.ക്യാരറ്റ്‌ - 1 എണ്ണം
11.സവോള - 5 എണ്ണം.
12.ഉപ്പ്‌ - പാകത്തിന്‌.

പാകം ചെയ്യുന്ന വിധം:-

1. ബസ്മതി റൈസ്‌കഴുകി 1/2 മണിക്കൂര്‍കുതിര്‍ത്തതിനു ശേഷം നന്നായി വാര്‍ത്തെടുക്കുക.
2. വാര്‍ത്തെടുത്ത ബസ്മതി റൈസ്‌ അല്‍പം ബട്ടര്‍/നെയ്യ്‌ ചേര്‍ത്ത്‌ഒരു ഫ്രൈയിംഗ്‌പാനില്‍അടുപ്പത്ത്‌വച്ച്‌ഇളം ബ്രൗണ്‍നിറമാകുന്നതുവരെ തുടരെ ഇളക്കുക.
3. ഒരു പാത്രത്തില്‍ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, 2 സ്പൂണ്‍ഉപ്പു എന്നിവചേര്‍ത്ത്‌വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ്‌ തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക്‌ഇട്ട്‌12 മിനിട്ട്‌വേവിക്കുക. (8 മിനിറ്റ്‌ആകുമ്പോള്‍മുതല്‍ഇടക്കിടെ വേവ്‌പരിശോദിക്കണം). (റൈസ്‌വേവുമ്പോള്‍ വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം ഉണ്ടായിരിക്കണം!)
4. വെന്ത ബസ്മതി റൈസ്‌നന്നായി വാര്‍ത്തെടുക്കുക.
5. വാര്‍ത്തെടുത്ത ബസ്മതി റൈസ്‌കുറേശ്ശെ, ഒരു ഫ്രൈയിംഗ്‌പാനില്‍കുറച്ച്‌നെയ്യൊഴിച്ച്‌ചെറുതായി വറത്തെടുക്കുക.
6. ചെറുതായി അരിഞ്ഞ സവോള ബ്രൗണ്‍നിറമാവുന്നതുവരെ എണ്ണയില്‍വറുത്ത്‌ കോരുക
7. ചെറുതായി അരിഞ്ഞ ബീന്‍സ്‌, ക്യാരറ്റ്‌എന്നിവ എണ്ണയില്‍വറുത്തു കോരുക.
8. കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌എന്നിവ എണ്ണയിലോ നെയ്യിലോ വറുത്തു കോരുക.
9. തയ്യാറാക്കിയ ബസ്മതി റൈസില്‍നിന്നു ഒരു സ്പൂണ്‍എടുത്ത്‌ഒരു നുള്ളു മഞ്ഞള്‍പ്പൊടിചേര്‍ത്ത്‌വറുത്തെടുക്കുക.
10. തയ്യാറാക്കിയ ബസ്മതി റൈസില്‍ മുകളില്‍പറഞ്ഞ പ്രകാരം തയ്യാറാക്കിയ സവോള, ബീന്‍സ്‌, ക്യാരറ്റ്‌, കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌, മഞ്ഞ നിറമുള്ള 1 സ്പൂണ്‍ ബസ്മതി റൈസ്‌(മഞ്ഞള്‍ചേര്‍ത്ത്‌ വരുത്തെടുത്തത്‌) എന്നിവ ചേര്‍ത്തിളക്കുക.
11. കിസ്മിസ്‌, അണ്ടിപ്പരിപ്പ്‌ എന്നിവ ഉപയോഗിച്ച്‌അലങ്കരിച്ച്‌ചൂടോടെ സെര്‍വ്‌ചെയ്യുക.

റമദാന്‍ പതിനേഴിലെ വിഭവം.


ബീഫ് കട്ട്ലേറ്റ്.


 

ചേരുവകള്‍ :-

1.ഇറച്ചി - 1/2 കിലോ
2.ഉരുളക്കിഴങ്ങ്‌ - 1 കിലോ
3.സവോള - 4 എണ്ണം
4.പച്ചമുളക്‌ - 8 എണ്ണം
5.മുട്ട - 3 എണ്ണം
6.ഇഞ്ചി - 1 കഷണം
7.കറിവേപ്പില - 1 തണ്ട്
8.മസലപ്പൊടി (ഇറച്ചി മസാല) - 3 ടീസ്പൂണ്‍.
9.റൊട്ടിപ്പൊടി - 1/2 കപ്പ്‌.
10.ഉപ്പ്‌ - പാകത്തിന്‌
11.പാചക എണ്ണ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം:-

1. ഇറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്‌ മസാലപ്പൊടിയിട്ട്‌വെള്ളം കുറച്ച്‌കറിവച്ച്‌വറ്റിച്ചെടുക്കുക.
2. ഇറച്ചി വറ്റിച്ചെത്‌മിക്സിയിലിട്ട്‌മിന്‍സ്‌(പൊടിക്കുക) ചെയ്ത്‌എടുക്കുക. (Note:മിക്സി ഒന്നോ രണ്ടോ സെക്കന്റ്‌മാത്രമേ minceചെയ്യാന്‍പാടുള്ളൂ. അല്ലെങ്കില്‍ഇറച്ചി കൂടുതല്‍അരഞ്ഞു പോകും.)
3. ഉള്ളി, മുളക്‌, ഇഞ്ചി, കറിവേപ്പില എന്നിവ എണ്ണയില്‍ നല്ലതുപോലെ വഴറ്റിയെടുക്കുക (ഉള്ളി ഗോള്‍ഡെന്‍ കളര്‍ ആകുന്നതുവരെ). ഇതിന്റെ കൂടെ പൊടിച്ച ഇറച്ചി ചേര്‍ത്ത്‌ വഴറ്റിയെടുക്കണം.
4. ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിച്ചെടുക്കുക.
5. ഉരുളക്കിഴങ്ങ്‌പൊടിച്ചതും, വഴറ്റിയ ചേരുവകളും (പൊടിച്ച ഇറച്ചിയും മറ്റും)നല്ലതുപോലെ മിക്സ്‌ചെയ്ത്‌കട്ലറ്റ്ന്റെ രൂപത്തില്‍ പരത്തി, മുട്ടവെള്ളയില്‍മുക്കി, റൊട്ടിപ്പൊടിയില്‍പൊതിഞ്ഞ്‌എണ്ണയില്‍ വറത്തെടുക്കുക.

റമദാന്‍ പതിനെട്ടിലെ വിഭവം.


വെള്ളപ്പം. 

ചേരുവകള്‍ :-

1.പച്ചരി - 2 കപ്പ്‌
2.തേങ്ങ - അര കപ്പ്‌
3.ഈസ്റ്റ്‌ - അര ടീസ്പൂണ്‍
4.പശുവിന്‍ പാല്‍ - കാല്‍കപ്പ്‌
5.പഞ്ചസാര - 6 ടീസ്പൂണ്‍
6.ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം:-

1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ക്കുക.
2. കുതിര്‍ത്ത 1 കപ്പ്‌അരിയും അര കപ്പ്‌തേങ്ങായും മിക്സ്‌ ചെയ്തു നല്ലത്‌പോലെ അരക്കുക.
3. ബാക്കി അരി അരച്ച്‌, അതില്‍നിന്നും 2 സ്പൂണ്‍എടുത്ത്‌കപ്പു കാച്ചുക (കുറുക്കുക)
4. അര ടീസ്‌സ്പൂണ്‍ഈസ്റ്റും 3 ടീസ്‌സ്പൂണ്‍പഞ്ചസരയും ചെറു ചൂടു വെള്ളത്തില്‍കലക്കി 15 മിനിറ്റ്‌ വയ്ക്കുക.
5. കപ്പു കാച്ചിയതു തണുത്തതിനു ശേഷം, അരച്ചമാവും, കപ്പ്‌ കാച്ചിയതും ഈസ്റ്റ്‌കലക്കിയതും നല്ലതുപോലെ മിക്സ്‌ചെയ്ത്‌10 മണിക്കൂര്‍ വയ്ക്കുക.
6. 10 മണിക്കൂറിനു ശേഷം കാല്‍കപ്പ്‌പാലും, 3 ടീസ്സ്പൂണ്‍ പഞ്ചസാരയും മിക്സുചെയ്ത്‌അര മണിക്കൂര്‍വയ്ക്കുക.
7. അര മണിക്കൂറിനു ശേഷം പാകത്തിനു ഉപ്പ്‌ചേര്‍ത്ത്‌, അപ്പം ചുടാം. (ഒരു തവി മാവ്‌ചൂടായ അപ്പച്ചട്ടിയില്‍(or Frying Pan) ഒഴിച്ച്‌, 15 സെക്കന്റിനു ശേഷം അപ്പച്ചട്ടി ഒന്നു ചുറ്റിച്ചു (For the soft meshed texture and shape. ) അടച്ചു വയ്ക്കുക
NB: മാവ്‌അരക്കുന്ന സമയത്ത്‌, പരമാവധി വെള്ളം കുറച്ച്‌ അരയ്ക്കുക.

റമദാന്‍ പത്തൊമ്പതിലെ വിഭവം.


വട്ടപ്പം. 

ചേരുവകള്‍ :-

1. അരി - 3 കപ്പ്‌
2. തേങ്ങ ചിരകിയത് - ഒന്നര കപ്പ്‌
3. ഈസ്റ്റ്‌ - അര ടീസ്പൂണ്‍
4. ജീരകം - 2 ടീസ്പൂണ്‍
5. ഏലക്ക - 6 എണ്ണം
6. ഉണക്ക മുന്തിരി - 50 ഗ്രാം
7. അണ്ടിപ്പരിപ്പ്‌ - 50 ഗ്രാം
8. പശുവിന്‍പാല്‍ - അര കപ്പ്‌
9. പഞ്ചസര - 2 കപ്പ്‌

പാകം ചെയ്യുന്ന വിധം:-

1.പച്ചരി ഏകദേശം 8 മണിക്കൂര്‍കുതിര്‍ത്ത്‌പോടിക്കുക.
2.ജീരകം ഏലക്ക എന്നീ ചേരുവകള്‍പൊടിക്കുക
3.ഈസ്റ്റും 3 ടീസ്‌സ്പൂണ്‍ പഞ്ചസാരയും അര ഗ്ലാസ്‌വെള്ളത്തില്‍കലക്കി 15 മിനിറ്റ്‌വയ്ക്കുക.
4.മൂന്നു ടീസ്‌സ്പൂണ്‍അരിപൊടി ഒരു കപ്പ്‌വെള്ളത്തില്‍കലക്കി അടുപ്പത്തുവച്ച്‌ തുടരെ ഇളക്കി കുറുക്കിയെടുക്കുക(കപ്പ്‌കാച്ചുക)
5.അരിപ്പൊടി, ജീരകം, എലക്കാ, ഈസ്റ്റ്‌, തെങ്ങാ ചിരവിയത്‌,
കപ്പ്‌കാച്ചിയത്‌എന്നിവ നന്നായി മിക്സ്‌ ചെയ്ത്‌വെല്ലം കുറച്ചു കുഴച്ച്‌8 മണിക്കൂര്‍വയ്ക്കുക.
6.എട്ട് മണിക്കൂറിനു ശേഷം പാലും 2 കപ്പ്‌ പഞ്ചസാരയും ചേര്‍ത്ത്‌ നന്നായി ഇളക്കി 10 മിനിറ്റ്‌ വയ്ക്കുക.
7.മാവ്‌ അനുയോജ്യമായ പാത്രത്തില്‍ ഒഴിച്ച്‌, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ്‌എന്നിവ ചേര്‍ത്ത്‌ഡെക്കറേറ്റ്‌ചെയ്ത്‌അപ്പ്ചെമ്പില്‍ പുഴുങ്ങിയെടുക്കുക.

റമദാന്‍ ഇരുപതിലെ വിഭവം.

ഇറച്ചി പത്തിരി. 

ചേരുവകള്‍ :-

1.ഇറച്ചി - 250g.
2.സവോള - 250g.
3.ഇഞ്ചി - 1 കഷണം
4.മസാല - 1 tsp.
5.ഉപ്പ്‌ - പാകത്തിന്‌
6.പച്ചമുളക്‌ - 4 എണ്ണം
7.വെളുത്തുള്ളി - 5 അല്ലി
8.മുളക്‌ പൊടി - 1/2 tsp.
9.മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
10.കുരുമുളക്‌പൊടി - 1 tsp.
11.ഗോതമ്പ്‌പൊടി - 1/2 Kg.
12.മൈദ - 250 g.
13.മല്ലിയില - 1/2 tsp.

പാകം ചെയ്യുന്ന വിധം:-

ഇറച്ചി വേവിച്ച്‌പൊടിച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്‌, സവോള, വെളുത്തുള്ളി ഇവ കൊത്തിയരിയുക. അല്‍പം എണ്ണ ചൂടാക്കി വഴറ്റുക. വാടിയശേഷം കുരുമുളകുപോടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ക്കുക. ഉടനെ തന്നെ പൊടിച്ചു വച്ച ഇറച്ചിയും, മസാലയും ചേര്‍ക്കുക. ആവശ്യത്തിന്‌ഉപ്പും ചേര്‍ത്ത്‌ഉണക്കി ഉലര്‍ത്തിയെടുക്കുക. മൈദയും ഗോതമ്പ്‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന്‌ഉപ്പും വെള്ളവും ചേര്‍ത്ത്‌ചപ്പാത്തിമാവിന്റെ അയവില്‍കുഴയ്ക്കുക. ഒരേ വലിപ്പത്തിലുള്ള പൂരികളാക്കുക. പൂരിയുടെ നടുവില്‍അല്‍പം ഇറചിക്കൂട്ട്‌വച്ച്‌നിരത്തുക. വേറൊരെണ്ണം കൊണ്ട്‌ cover-ചെയ്ത്‌, ഒന്നു press- ചെയ്ത്‌ തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.

റമദാന്‍ ഇരുപത്തിയൊന്നിലെ വിഭവം.


ബീഫ് കറി.


 

ചേരുവകള്‍ :-

1. ബീഫ്‌ - 1 കിലോ
2. സവോള - 5 എണ്ണം
3. ഇഞ്ചി - 1 കഷ്ണം
4. വെളുത്തുള്ളി - 5 എണ്ണം
5. മുളക്‌പൊടി - 1 ടീസ്പൂണ്‍
6. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
7. മസലപ്പൊടി (ഇറച്ചി മസാല) - 2 ടീസ്പൂണ്‍
8. ഉപ്പ്‌ - പാകത്തിന്‌.
7. കറിവേപ്പില - 1 തണ്ട്‌.
8. എണ്ണ - 1 റ്റീസ്പൂണ്‍
9. കടുക്‌ - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:-

1. ചെറിയ കഷണങ്ങളായി മുറിച്ച്‌, നന്നായി കഴുകിയ ഇറച്ചിയില്‍, മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചി മസാല, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ ഇളക്കി 2 മണിക്കൂര്‍ഫ്രിഡ്ജില്‍വയ്ക്കുക.
2. ഇറച്ചി ഫ്രിഡ്ജില്‍ നിന്ന് എടുത്ത്‌ 1/2 കപ്പ്‌വെള്ളം ചേര്‍ത്ത്‌ 15 മിനിറ്റ്‌ പ്രെഷര്‍കുക്കറില്‍ വേവിക്കുക.
3. ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴറ്റിയെടുത്ത്‌ വെന്ത ഇറച്ചിയി ല്‍ചേര്‍ത്ത്‌ ഒരു ഫ്രൈയിംഗ്‌പാനില്‍ 10 മിനിട്ട്‌ കൂടി വേവിക്കുക.
4. ഇറച്ചിക്കറിയില്‍ കടുക്‌ പൊട്ടിച്ച്‌, കറിവേപ്പില ചേര്‍ത്ത്‌ ഉപയോഗിക്കാം.
NB-കറിയ്ക്ക്‌ കൊഴുപ്പു കിട്ടാന്‍ 1 സ്പൂണ്‍ മൈദപ്പൊടിയോ, ആട്ടയോ ചേര്‍ത്താല്‍മതി.

റമദാന്‍ ഇരുപത്തിരണ്ടിലെ വിഭവം.


പൂരി. 

ചേരുവകള്‍ :-

1. ഗോതമ്പ്‌ആട്ട - 2 കപ്പ്‌
2. നെയ്യ്‌- 1 ടീസ്പൂണ്‍
3. ഉപ്പ്‌- പാകത്തിന്‌
4. എണ്ണ- പാകത്തിന്‌

പാകം ചെയ്യുന്ന വിധം:-

1. ആട്ടയില്‍ (ഗോതമ്പ്‌പൊടി), നെയ്യും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ (വെള്ളം വളരെ കുറച്ച്‌) കുഴച്ചെടുക്കുക. മാവ്‌ നന്നായി ഇടിച്ച്‌ കുഴച്ചാല്‍ പൂരിയ്ക്ക്‌ കൂടുതല്‍ മാര്‍ദ്ദവം കിട്ടും.
2. കുഴച്ച മാവില്‍ നിന്നും കുറേശ്ശെ എടുത്ത്‌ ഉരുളകള്‍ ആക്കുക.
3. ഉരുളകള്‍ പപ്പടവട്ടത്തില്‍ പരത്തി തിളച്ച എണ്ണയില്‍ ഇട്ട്‌ golden നിറമാവുമ്പോള്‍ കോരിയെടുക്കുക.

റമദാന്‍ ഇരുപത്തിമൂന്നിലെ വിഭവം.


ആട്ടിറച്ചി മസാല കറി. 

ചേരുവകള്‍ :-

1. ആട്ടിറച്ചി - അര കിലോ
2. സവാള - അഞ്ചെണ്ണം
3. മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍ സ്പൂണ്‍
4. ഉണക്കമുളക്‌ - എട്ടെണ്ണം
5. മഞ്ഞള്‍ - അര ടീസ്പൂണ്‍
6. കുരുമുളക്‌ - എട്ടെണ്ണം
7. ഗ്രാമ്പു - മുന്നെണ്ണം
8. പട്ട - ഒരു കഷണം (ഒരു ഇഞ്ച്‌ നീളത്തില്‍ )
9. തേങ്ങാ - കാല്‍ മുറി
10. ഉപ്പ്‌ - പാകത്തിന്‌
11. വെള്ളം - ഒരു കപ്പ്‌
12. കറിവേപ്പില - രണ്ടു തണ്ട്‌
13. എണ്ണ - മൂന്ന്‌ ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം:-

1. ഇറച്ചി കഷണങ്ങള്‍ ആക്കി വൃത്തിയായി കഴുകുക.
2. സവാള ചെറുതായരിയുക.
3. അല്‍പം എണ്ണയില്‍ കുറച്ച്‌ സവാള അരിഞ്ഞത്‌,
4. മല്ലി, ഉണക്കമുളക്‌, മഞ്ഞള്‍, കുരുമുളക്‌, ഗ്രാമ്പു, പട്ട എന്നിവയിട്ട്‌ മൂപ്പിച്ച്‌ 5. വെണ്ണപോലെ അരയ്ക്കുക. തേങ്ങ ചെറുകഷണങ്ങള്‍ ആയി മുറിക്കുക.
6. ഒരു പ്രഷര്‍ കുക്കറില്‍ ഇറച്ചിയും വെള്ളവും ഒഴിച്ചടച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. ഇടത്തരം ചൂടില്‍ 15 മിനിറ്റ്‌ വേവിക്കുക. കുക്കര്‍ ആറിയ ശേഷം തുറക്കുക.
7. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ ചൂടാക്കി മിച്ചമുള്ള സവാളയിട്ട്‌ വഴറ്റുക. ബ്രൗണ്‍ നിറമാകും വരെ വറുക്കുക.
8. അരച്ചുവച്ച മസാല, കറിവേപ്പില, ഉപ്പ്‌, വേവിച്ച ഇറച്ചി എന്നിവ ചേര്‍ക്കുക. ചാറ്‌ കുറുകും വരെ വേവിക്കുക.

റമദാന്‍ ഇരുപത്തിനാലിലെ വിഭവം.


സ്പെഷല്‍ മീന്‍ ഫ്രൈ .


 

ചേരുവകള്‍ :-

1. വലിയ മീന്‍ - 2 എണ്ണം
2. മുട്ട - 2 എണ്ണം
3. റൊട്ടിപ്പൊടി - 100 ഗ്രാം
4. കുരുമുളക് പൊടി - 1 ടി സ്പൂണ്‍
5. മഞ്ഞള്‍പ്പൊടി - 1 ടി സ്പൂണ്‍
6. മുളക് പൊടി - 1 ടി സ്പൂണ്‍
7. മല്ലിപ്പൊടി - 1 ടി സ്പൂണ്‍
8. വിനാഗിരി - 1 ടി സ്പൂണ്‍
9. വെളുത്തുള്ളി - 4 അല്ലി
10. ഇഞ്ചി - 2 കഷണം
11. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:-

ഉള്ളി, ഇഞ്ചി എന്നിവ ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക.
മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരുമണിക്കൂറില്‍ അധികം വയ്ക്കണം.
മീന്‍ കഷണങ്ങള്‍ മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് വറുത്ത് എടുക്കുക.

റമദാന്‍ ഇരുപത്തിയഞ്ചിലെ വിഭവം.


വെജിറ്റബിള്‍ കുറുമ . 

ചേരുവകള്‍ :-

1. കാരറ്റ്- 1 എണ്ണം
2. ബീന്‍സ്‌- ഒരു പിടി
3. ഉരുളന്‍ കിഴങ്ങ് -1
4. ഗ്രീന്‍ പീസ്‌ - 1/4 കപ്പ്‌
5. കോളിഫ്ലവര്‍ - 10 ഇതളുകള്‍
6. സവാള-1
7. ചിരവിയ തേങ്ങ- ഒരു കപ്പ്
8. പച്ചമുളക്-4 എണ്ണം
9. ഇഞ്ചി-ഒരു ചെറിയ കഷ്ണം
10. പെരുംജീരകം, ഗ്രാമ്പു, കറുക പട്ട,മല്ലി, ഏലക്ക- (മസാല )
11. കടുക്‌ - പാകത്തിന്
12. എണ്ണ - പാകത്തിന്
13. കറിവേപ്പില - പാകത്തിന്
14. മഞ്ഞള്‍പ്പൊടി - പാകത്തിന്
15. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം:-

1. കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങ്ങള്‍ ആക്കുക.
2. കോളിഫ്ലവര്‍ ഇതളുകള്‍ ആക്കി എടുക്കുക.
3. ബീന്‍സ്‌ മുറിച്ചെടുക്കുക.
4. സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.
5. പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
6. പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
7. ഒരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക.
8. വഴറ്റി വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക.
9. ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ഉപ്പ്‌ ചേര്‍ത്ത് അടച്ചു വെക്കുക.
10. അരപ്പ്‌ കഷ്ണങ്ങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.

റമദാന്‍ ഇരുപത്തിയാറിലെ വിഭവം.


തേങ്ങ അരച്ച മീന്‍ കറി . 

ചേരുവകള്‍ :-

1. ചെറിയ മീന്‍ വൃത്തിയാക്കി എടുത്ത്-10 എണ്ണം
2. തേങ്ങ ചുരണ്ടിയത്- 5 സ്പൂണ്‍
3. മുളകുപൊടി- 1 സ്പൂണ്‍
4. മല്ലിപൊടി- അര സ്പൂണ്‍
5. മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
6. പച്ചമുളക് - 2 എണ്ണം
7. ഇഞ്ചി- ഒരു കഷ്ണം
8. വെളുത്തുള്ളി- 2 അല്ലി
9. ചുമന്നുള്ളി- 2 എണ്ണം
10. ഉപ്പ്,എണ്ണ,കറിവേപ്പില-ആവശ്യത്തിന്
11. കുടംപുളി- 2 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത് ചതച്ച് എടുത്ത്)

പാകം ചെയ്യുന്ന വിധം:-

1. തേങ്ങയും, പൊടികളും ചുമന്നുള്ളിയും കൂടി നന്നായി അരച്ചെടുക്കുക.
2. വളരെ കുറച്ച് വെള്ളം ചേര്‍ത്ത് അരപ്പും കുടംപുളി ചതച്ചതും ഒരു പാത്രത്തിലാക്കി അടുപ്പില്‍ വെക്കുക.
3. പച്ച മുളക് നടുവേ കീറിയതും വെളുത്തുള്ളിയും ഇഞ്ചിയും തീരെ ചെറുതായി അരിഞ്ഞ് അരപ്പില്‍ ചേര്‍ക്കുക.
4. അരപ്പ് തിളച്ചു കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
5. വൃത്തിയാകി വെച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങള്‍ തിളയ്ക്കുന്ന അരപ്പില്‍ ചേര്‍ത്ത് തീ കുറയ്ക്കുക.
6. മീന്‍ കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കറിവേപ്പിലയും എണ്ണയും ഒഴിച്ചു മൂടി വെക്കുക. അല്പസമയത്തിനു ശേഷം എടുത്തു ഉപയോഗിക്കുക.

റമദാന്‍ ഇരുപത്തിയേഴിലെ വിഭവം.


ചിക്കന്‍ ബിരിയാണി.


 


ചേരുവകള്‍ :-

1. ബസ്മതി അരി - 1 കിലോ
2. കോഴിയിറച്ചി - 1 കിലോ
3. സവോള - 250 ഗ്രാം
4. നെയ്യ്‌ - 150 ഗ്രാം
5. ഏലക്കാ - 10-12 എണ്ണം
6. ഗ്രാമ്പൂ - 8-10 എണ്ണം
7. കറുവാ പട്ട - 6 എണ്ണം
8. ഇഞ്ചി 2 കഷണം
9. വെളുത്തുള്ളി - 5-6 അല്ലി
10. ഉപ്പ്‌ പാകത്തിന്‌
11. തക്കാളി - 1 എണ്ണം
12. തൈര്‌ - 1/2 കപ്പ്
13. കുരുമുളക്‌ - 10 എണ്ണം
14. ചെറുനാരങ്ങാ - 1 എണ്ണം
15. മഞ്ഞള്‍പ്പൊടി - 1 നുള്ള്‌
16. മുളക്‌ പൊടി - 2 ടീസ്പൂണ്‍
17. മല്ലിയില - അല്‍പം
18. അണ്ടിപ്പരിപ്പ്‌ - 25 ഗ്രാം 

19. ഉണക്കമുന്തിരി - 15 ഗ്രാം

പാകം ചെയ്യുന്ന വിധം:-

1. ചോറുവയ്ക്കാന്‍ ആവശ്യമായ വെള്ളത്തില്‍ ഉപ്പിട്ട്‌ വെട്ടിത്തിളയ്ക്കുമ്പോള്‍ ബിരിയാണി അരിയും, കറുവ പട്ടയും, ഏലക്കായും, കുരുമുളകും, ഗ്രാമ്പൂവും ഇട്ട്‌ അരി അധികം വെന്തുപോകാതെയും പൊടിഞ്ഞുപോകാതെയും പകുതിവേവില്‍ ചോറ്‌ കോരി കുട്ടയിലോ, പരന്ന പാത്രത്തിലോ നിരത്തി വയ്ക്കുക.
2. അണ്ടിപ്പരിപ്പും സവോള നീളത്തിലരിഞ്ഞതും നെയ്യില്‍ വറുത്ത്‌ കോരുക. 3. കോഴി കഷണങ്ങളാക്കി മുറിയ്ക്കുക. പിന്നീട്‌ ഇഞ്ചി, പച്ചമുളക്‌, സവോള, മസാല, ഉപ്പ്‌, മുളക്‌ പൊടി ഇവ ഒരോന്ന് മൂപ്പിക്കുക. എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ക്കുക.
4. വീണ്ടും എണ്ണ തെളിയുമ്പോള്‍ ഒരുകപ്പ്‌ വെള്ളം ചേര്‍ത്ത്‌ തിളയ്ക്കുമ്പോള്‍ ഇറച്ചി ചേര്‍ത്ത്‌ വേവിക്കുക.
5. ഈ റോസ്റ്റ്‌ ഒരു പീസ്‌ ഒരു പാത്രത്തില്‍ എടുത്ത്‌ ചോറുകൊണ്ട്‌ മൂടി വറുത്ത അണ്ടിപ്പരിപ്പും,ഉണക്കമുന്തിരിയും, സവോള വറുത്തതും മുകളില്‍ വിതറി വിളമ്പാം.

റമദാന്‍ ഇരുപത്തിയെട്ടിലെ വിഭവം.


നെയ്ച്ചോര്‍ . 

ചേരുവകള്‍ :-

1. ബസ്മതി റൈസ്‌ - 4 ഗ്ലാസ്‌.
2. വലിയ ഉള്ളി - 2 (ഇടത്തരം)
3. ഡാള്‍ഡ - 3 ടീസ്പൂണ്‍.
4. അണ്ടിപ്പരിപ്പ്‌ - 10 എണ്ണം
5. മുന്തിരി - 15 എണ്ണം
6. ഏലയ്ക - 4 എണ്ണം
7. ഗ്രാമ്പൂ - 6 എണ്ണം
8. കറുവാപട്ട - ചെറിയ കഷ്ണം.
9. ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം:-

1. അരി നന്നായി കഴുകി വെള്ളത്തില്‍ തന്നെ ഇട്ട്‌ വെക്കുക.
2. വലിയ ഉള്ളി ചെറുതായി കട്ട്‌ ചെയ്യുക.
3. ശേഷം ഡാല്‍ഡയില്‍ നന്നായി വഴറ്റുക.
4. അതിലേക്ക്‌ അണ്ടിപ്പരിപ്പ്‌, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇട്ട് നന്നായി വഴറ്റിയശേഷം
5. ആറുഗ്ലാസ്സ്‌ വെള്ളം എടുത്ത് ഉള്ളി വെച്ച പാത്രത്തില്‍ ഒഴിക്കുക.
6. ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ക്കുക.
7. വെള്ളം നന്നായി തിളച്ച ശേഷം അരിയിടുക. കുറച്ച്‌ ഭാഗം തുറന്നിട്ട്‌ മൂടിവെക്കുക.
8. വെള്ളം ഏകദേശം വറ്റിയാല്‍ ഒന്ന് നന്നായി ഇളക്കി തീ കഴിയുന്നത്ര കുറച്ചു വെക്കുക.
9. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഇരുപത്‌ മിനുട്ട്‌ അടുപ്പത്ത്‌ വെക്കുക.
10. ഇരുപത്‌ മിനുട്ടിന്‌ ശേഷം നെയ്ച്ചോര്‍ വിളമ്പാം.

റമദാന്‍ ഇരുപത്തിയൊമ്പതിലെ വിഭവം.


ചിക്കന്‍ കറി. 

ചേരുവകള്‍ :-

1. കോഴിയിറച്ചി - ചെറിയ കഷണം ഒരു കിലോ
2. സവാള - മൂന്നെണ്ണം
3. പച്ചമുളക് - അഞ്ചെണ്ണം
4. ഇഞ്ചി ചെറുതായരിഞ്ഞത് - രണ്ട് ടേബിള്‍സ്​പൂണ്‍
5. വെളുത്തുള്ളി - രണ്ട് ടേബിള്‍സ്​പൂണ്‍
6. മല്ലിപ്പൊടി - മൂന്ന് ടേബിള്‍സ്​പൂണ്‍
7. മുളകുപൊടി - രണ്ട് ടേബിള്‍സ്​പൂണ്‍
8. ഗരംമസാല, മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍സ്​പൂണ്‍ വീതം
9. വെള്ളം - ഒരു കപ്പ്
10. മല്ലിയില - ഒരു പിടി
11. എണ്ണ - കാല്‍ കപ്പ്
12. തേങ്ങാപാല്‍ - കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം:-

1. കോഴിയിറച്ചി മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക.
2. ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി എണ്ണയൊഴിച്ച് കോഴിക്കഷണങ്ങള്‍ ചെറുതായി വറുത്തെടുക്കുക.
3. അതേ എണ്ണയില്‍ത്തന്നെ സവാള ചെറുതായി അരിഞ്ഞതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും നന്നായി എണ്ണ തെളിയുന്നവരെ വഴറ്റുക.
4. വറുത്ത കോഴിക്കഷണങ്ങള്‍ ഇട്ട് നന്നായി മസാലയില്‍ ഇളക്കിയശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
5. വെന്തു കുറുകിയ ചിക്കന്‍കറിയില്‍ തേങ്ങാപാല്‍ ഒഴിച്ച് ഒന്നു പാത്രം ചുറ്റിച്ച് തീ അണയ്ക്കുക.
6. മല്ലിയില മുറിച്ചത് ചേര്‍ത്ത് ഇളക്കി അഞ്ചു മിനുട്ട് പാത്രം അടച്ചുവെക്കുക.
7.പിന്നീട് എടുത്ത് ചൂടോടെ ഉപയോഗിക്കാം.