ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.ദോഹ:ഖത്തറില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ഗവണ്‍മെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഖത്തര്‍ പ്രവാസി താമസ കുടിയേറ്റ നിയമത്തിനു വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് നിയമ നടപടികളില്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിന് (താമസ കുടിയേറ്റ നിയമം 4/2009 പ്രകാരം) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര വകുപ്പ് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു.

മൂന്ന്മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്നും അറിയിപ്പില്‍ പറയുന്നു. 2016 സെപ്ററംബര്‍ 1 മുതല്‍ ഡിസംബര്‍ 1 വരെ കാലയളവിനുള്ളില്‍ സെര്‍ച്ച്ആന്‍റ് ഫോളോ അപ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് (സമയം: ഞായര്‍ - വ്യാഴം 2.00 pm മുതല്‍ 8.00 pm വരെ) യാത്രാ നടിപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

വിസ കാലാവധി കഴിഞ്ഞും റസിഡന്‍്റ്സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാന്‍ സാധിക്കും.

താമസകുടിയേറ്റ നിയമം ലംഘിച്ചു എന്നതിന്‍്റെ നിയമനടപടികള്‍ ഒഴിവാക്കി ഇതിന്‍െറ പേരിലുള്ള കേസുകള്‍ ഒഴിവാക്കി നാട്ടിലേക്ക് പോകാനുള്ള അവസരമാണിത് എന്നതിനാല്‍ പൊതുമാപ്പ് പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്.

പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമായി മാറും എന്നാണ് കരുതുന്നത്. സ്പോണ്‍സര്‍മാരില്‍ നിന്നും മറ്റും വിവിധ പ്രശ്നങ്ങളുടെ പേരില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്കും പൊതുമാപ്പ് ഏറെ ആശ്വാസമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

റമദാൻ മാസത്തെ സ്വാഗത്വമോതി ഖൈമകൾ


ദോഹ:അറബികളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ഖൈമകള്‍ (തമ്പുകള്‍) റമദാൻ മാസത്തില്‍ സംജാതമാകുന്നതോടെ വീണ്ടും ജനപ്രിയമാകുന്നു.

മരുഭൂമിയില്‍ വേട്ടയ്ക്കും മറ്റും പോയിരുന്ന അറബികള്‍ പൗരാണിക കാലം മുതല്‍ക്കേ താത്കാലിക ഖൈമകള്‍ കെട്ടി താമസിച്ചാണ് വേട്ടയാടിയിരുന്നത്. ഈത്തപ്പഴവും മത്സ്യവും ഭക്ഷിച്ച് ജീവിച്ച നാളുകളില്‍ ഖൈമകളും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്ന അറബികള്‍ ഖൈമകള്‍ മടക്കിക്കെട്ടി ഒട്ടകപ്പുറത്ത് കൊണ്ടുപോവുക പതിവായിരുന്നു.

സമകാലികലോകത്ത് റമദാനിലാണ് ഖൈമകള്‍ക്ക് പ്രിയമേറുന്നത്. അറബികളുടെ വീടുകള്‍ക്ക് മുമ്പിലെല്ലാം ഖൈമകള്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം പൊതു സ്ഥലങ്ങളിലും പരമ്പരാഗത മജ്‌ലിസുകള്‍ ഖൈമകള്‍ക്കകത്താണ്.

പരവതാനികളും തലയിണയും ഖൈമകളെ മനോഹരമാക്കുന്നു. ചമ്രംപടിഞ്ഞിരുന്ന് സൊറ പറഞ്ഞ് കഹ്‌വയും സുലൈമാനിയും കുടിച്ചും ഈത്തപ്പഴം തിന്നും റമദാൻ രാവുകളെ അവര്‍ സജീവമാക്കുന്നു. ഉറങ്ങുന്ന പകലുകളും ഉണരുന്ന രാവുകളുമാണ് റമദാന്റെ സവിശേഷത.

നോമ്പുതുറ കഴിഞ്ഞാല്‍ തറാവീഹ് സമസ്‌കാരാനന്തരം ഖൈമകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും സംഗമിക്കുന്നു. കുടുംബകാര്യങ്ങള്‍ മുതല്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നു.

അത്യന്താധുനിക ജീവിത സൗകര്യങ്ങള്‍ പറുദീസയൊരുക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലും പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും മനസ്സിലേറ്റി നടക്കുന്ന അറബികള്‍ ഖൈമ സംസ്‌കാരവും കൈവിടാനൊരുക്കമില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും റമദാനില്‍ പ്രത്യക്ഷപ്പെടുന്ന ഖൈമകള്‍ വര്‍ണദീപങ്ങള്‍കൊണ്ടും അകത്തെ അലങ്കാരങ്ങള്‍കൊണ്ടും ആകര്‍ഷകമാണ്.

വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ 'ഷീഷ' വലിക്കാനും അവര്‍ ഖൈമകളിലെത്തുന്നു. റംസാന്‍ രാവുകള്‍ക്കാനന്ദം പകരാന്‍ ഖൈമകളില്‍ പ്രശസ്ത ഗായകരുതിര്‍ക്കുന്ന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് ആനന്ദം പകരുന്നു. ചില ഹോട്ടലുകളില്‍ നൃത്തപരിപാടികളും അറബ് സംസ്‌കാരത്തിന്റെ ഭാഗമായി അരങ്ങേറുന്നു.

ആഗോള ചന്ത @ മിയ പാർക്ക് on ശനിയാഴ്ച in ഖത്തർ

ദോഹ: ഇസ്ലാമിക് ആർട്ട് മ്യൂസിയം പാർക്കിന് ചുറ്റുമുള്ള പുൽ ത്തകിടി ശനിയാഴ്ചകളിൽ ഒരു ആഗോള ചന്തയായി മാറും. ഏഷ്യൻ , ആഫ്രിക്കൻ , അമേരിക്കൻ എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെയോ ഭാഷയുടെയോ അതിർ വരമ്പുകളില്ലാതെ ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നുമുള്ളവർ അണിനിരക്കുന്ന വിപണി.

വിവിധ രാജ്യക്കാരായ പ്രവാസികൾ അവരുടെ പാരമ്പര്യ വിഭവങ്ങളുമായാണ് മിയ പാർക്ക് ബസാറിലെ പുൽത്തകിടിയിൽ എത്തുന്നത്. കച്ചവടക്കാരുടെ വൈവിധ്യം സാധനങ്ങൾ വാങ്ങാനത്തെുന്നവരിലും വിൽപന മേശകളിലെ ഉൽപന്നങ്ങളിലും കാണാം.

വിവിധ നാടുകളിലെ രുചിയും ഗന്ധവും പരത്തുന്ന തനതുവിഭവങ്ങൾ മുതൽ കരകൗശല വസ്തുക്കളും മനോഹരമായ പെയിൻറ്റിങ്ങുകളും ഇവിടെ വിലകൊടുത്തുവാങ്ങാം. മലയാളി വീട്ടമ്മമാരടക്കം ഇന്ത്യൻ പ്രവാസികളും സ്വന്തം കയ്യൊപ്പ് ചാർത്തിയ ഉല്‍പന്നങ്ങളുമായി ആഴ്ച തോറും ഇവിടെയത്തൊറുണ്ട്.

ഇസ്ലാമിക് ആർട്ട് മ്യൂസിയം അധികൃതർ തന്നെയാണ് ആഗോളവിപണിയെന്ന ഈ ആശയം യാഥാർഥ്യമാക്കിയത്. എല്ലാ ശനിയാഴ്ചകളിലും 150ഓളം സ്റ്റാളുകളാണ് ഇവിടെ ഉയരാറുള്ളത്. കമ്പിളി നൂലുകൾകൊണ്ട് തുന്നിയുണ്ടാക്കുന്ന ക്രോഷറ്റ് ഉൽപന്നങ്ങളും ചണനാരുകൾ കൊണ്ട് നിർമിച്ച പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളും മുതല്‍ ക്വില്ലിംഗ് ആർട്ട് എന്ന പേപ്പർ ജുവലറികൾ വരെ ഇന്ത്യക്കാരുടെ സ്റ്റാളുകളിലുണ്ട്.

സാംസ്കാരിക വൈവിധ്യങ്ങളുടെ ഇന്ത്യൻ പൈതൃകത്തെ ഓർമിപ്പിക്കുന്ന വർണ വസ്ത്രങ്ങളും തുന്നല്‍പ്പണികളുമായി ഗുജറാത്തികളും രാജസ്ഥാനികളുമെല്ലാം മിയാപാർക്ക് ബസാറിലെ സ്ഥിര സാന്നിധ്യമാണ്. നമ്മുടെ അയൽ നാട്ടുകാരായ പാകിസ്താനികളും ബംഗ്ളാദേശികളും ശ്രീലങ്കക്കാരും നേപ്പാളികളുമെല്ലാം അവരവരുടെ തനത് വിഭവങ്ങളുമായി ഈ ചന്തയിലത്തെുന്നു.

ആവശ്യക്കാരായും സന്ദർശകരായും ഇവിടെയത്തെുന്നവർക്ക് ഈ വൈവിധ്യം വേറിട്ട അനുഭവം സമ്മാനിക്കും. രാജ്യത്തെ പ്രധാന സൂഖുകളിൽ പോലും കിട്ടാത്ത ഒട്ടേറെ വിഭവങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്നുവെന്നതാണ് മിയാപാർക്ക് ബസാറിന്‍െറ സവിശേഷത.

വിവിധ രാജ്യക്കാരായ പ്രവാസി വീട്ടമ്മമാർ തന്നെയാണ് ഈ ബസാറിലെ സ്റ്റാളുകളധികവും സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ആഴ്ചയും ബസാറിന്‍െറ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഇവിടെ വ്യാപാരത്തിന് അവസരം ലഭിക്കുന്നത്. എല്ലാ ആഴ്ചയും 150ഓളം പേർക്കാണ് അവസരം.

സ്വന്തമായി ഉല്‍പാദനം നടത്തുന്നവർക്കും വീട്ടമ്മമാർക്കുമാണ് മുൻഗണന. വാടകയൊന്നും ഈടാക്കുന്നിലെന്ന് മാത്രമല്ല, ഒരു മേശയും രണ്ട് കസേരകളും മ്യൂസിയം അധികൃതർ ഇവർക്ക് നല്‍കുകയും ചെയ്യും. പ്രവാസ ലോകത്ത് തങ്ങളുടെ തനത് വിഭവങ്ങൾ പരിപചയപ്പെടുത്തുന്നതോടൊപ്പം ചെറിയ തോതിലെങ്കിലും വരുമാനം നേടാനുള്ള അവസരം കൂടിയാണ് അധികൃതർ പ്രവാസികൾക്ക് സമ്മാനിക്കുന്നത്.

ഒരു വർഷത്തിലധികമായി ആഴ്ച തോറും മിയ ബസാറിൽ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. 2014 ഒക്ടോബറിലാണ് മിയ ബസാറിന്‍െറ തുടക്കം. ശനിയാഴ്ചകളിൽ ഉച്ചക്ക് 12 മണിമുതൽ രാത്രി ഏഴ് മണിവരെയാണ് ഇവിടം സജീവമാകുക.

സ്വദേശികളും പ്രവാസികളും ഒരു പോലെയത്തെുന്ന ചന്തയിൽ മിതമായ വിലയിൽ മെച്ചപ്പെട്ട വിഭവങ്ങൾ ലഭ്യമാകുന്നുവെന്ന സവിശേഷതയുമുണ്ട്. വാരാന്ത്യത്തിൽ സമയം ചെലവഴിക്കാനത്തെുന്നവരും സാധനങ്ങൾ സ്വന്തമാക്കാനത്തെുന്നവരുമായി നല്ലൊരു ജനക്കൂട്ടത്തെ ഇവിടെ കാണാം.

കെനിയ, താൻസാനിയ, എത്യോപ്യ തുടങ്ങി വിവിധ ആഫ്രിക്കൻ നാടുകളിൽ നിന്നുള്ളവർ ഒരുക്കിയ സ്റ്റാളുകളിൽ നമുക്ക് പരിചയമില്ലാത്ത ഭക്ഷ്യവിഭവങ്ങളും തനത് പ്രകൃതി വിഭവങ്ങളും കാണാനാവും. വ്യത്യസ്തമായ കലാ സൃഷ്ടികൾ മുതൽ പലതരം ആഭരണങ്ങളും ഉടയാടകളും വരെ സ്റ്റാളുകളുടെ അലങ്കാരമാണ്.

അറബികൾക്ക് പരിചിതമായ വിഭവങ്ങൾക്കൊപ്പം തനത് പാരമ്പര്യ വസ്തുക്കളുടെ വിപണനം കൂടി ലക്ഷ്യമിട്ടാണ് യെമൻ, ഈജിപിത്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ചന്തയുടെ ഭാഗമാവുന്നത്. കാനഡ, അമേരിക്ക, ഇറ്റലി, ജർമനി, ആസ്ട്രേലിയ, ആസ്ട്രിയ, ചിലി, ദക്ഷിണാഫ്രിക്ക തുടങ്ങിയവ രാജ്യങ്ങളിൽ നിന്നുള്ളവരെല്ലാം ഇവിടെ വ്യാപാരികളായുണ്ട്.

മുള ഇലകളിൽ തീർത്ത തൊപ്പിയും മറ്റു കൗതുക വസ്തുക്കളുമായി വിയറ്റ്നാംകാരും തനതുവിഭവങ്ങളും ആഭരണങ്ങളുമായി ഇന്തോനേഷ്യക്കാരും മലേഷ്യക്കാരും ഈ ചന്തയിൽ സജീവമാണ്. ചുരുക്കത്തിൽ ലോകത്തിന്‍െറ ചെറുപതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന മിയ പാര്‍ക്ക് ബസാർ സന്ദർശകർക്ക് വിസ്മയക്കാഴ്ചകൾ നല്‍കും.

വിഭവങ്ങൾ മാത്രമല്ല സാംസ്കാരങ്ങൾ കൂടിയാണ് ഇവിടെ പരസ്പരം കൈമാറുന്നത്. വിവിധ രാജ്യക്കാർ ഇത്രയേറെ വൈവിധ്യത്തോടെ ഇടപഴകുന്ന ഇടം ഖത്തറിൽ മറ്റെവിടെയും കാണാനാവില്ല. പല രാജ്യക്കാരും സന്ദർശകരായത്തെുന്ന ഈ ബസാറിൽ പക്ഷെ, മലയാളികൾ മാത്രം കാര്യമായി എത്തിനോക്കുന്നിലെന്ന പരാതിയാണ് മലയാളി കച്ചവടക്കാർക്കുള്ളത്.