Tuesday, June 5, 2018

ഉപരോധം ഒരു വർഷം പിന്നിടുമ്പോൾ പുതിയ വഴികള്‍ തേടി ഖത്തര്‍


ദോഹ: സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഒരു വർഷം പിന്നിടുമ്പോൾ ഖത്തറിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. പുതിയ മേഖലകള്‍ തേടിപ്പോകാനും അവസരങ്ങള്‍ കൈമുതലാക്കാനും ഖത്തറിനെ പ്രേരിപ്പിച്ചത് ഉപരോധമാണ്.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം തുടക്കത്തില്‍ ഖത്തറിനെ അലട്ടിയിരുന്നു. സൗദിയും യുഎഇയും വഴിയുള്ള എല്ലാ ഇടപാടുകളും ഒരു സുപ്രഭാതത്തില്‍ ഇല്ലാതായതോടെ ഖത്തര്‍ ശരിക്കും വിറച്ചു. പക്ഷേ, അവിടെ തരിച്ചിരുന്നില്ല. പകരം പതിയെ പുതിയ വഴികള്‍ തേടി. ഇന്ന് ഖത്തറിന്റെ സാമ്പത്തിക രംഗം ശക്തമാണ്.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ അയല്‍രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര,നാവിക, വ്യോമ പാതകളെല്ലാം ഒരു സുപ്രഭാതത്തില്‍ അടച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം.

രാജ്യാന്തര തലത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അമേരിക്കയും തുര്‍ക്കിയും കുവൈത്തും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം സമവായത്തിന് ശ്രമിച്ചു. പക്ഷേ, ഉപരോധം അതേപടി തന്നെ നില്‍ക്കുന്നു. ആദ്യം വളരെ പ്രയാസങ്ങള്‍ ഖത്തറിന് നേരിടേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ കഥകള്‍ മാറുകയാണ്.

ഒരു വർഷംപിന്നിടുമ്പോള്‍ ഖത്തര്‍ കരുത്താര്‍ജ്ജിക്കുകയാണെന്നാണ് ധനമന്ത്രി അലി ശെരീഫ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് മന്ത്രി ഖത്തറിന്റെ വളര്‍ച്ചയെ സംബന്ധിച്ച് വിശദീകരിച്ചത്. ഇപ്പോള്‍ ഖത്തര്‍ സാമ്പത്തിക രംഗം ഭദ്രമാണെന്ന് മന്ത്രി പറഞ്ഞു.

ഖത്തറിന് പുതിയ വഴികള്‍ തേടിപ്പോകാന്‍ പ്രേരണ നല്‍കിയത് ഉപരോധമാണെന്ന് പറയാം. ഏതെങ്കിലും ഒരു മേഖല മാത്രം ലക്ഷ്യമിട്ടായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപകര്‍ വന്നിരുന്നത്. പ്രത്യേകിച്ചും എണ്ണ ഖനനത്തിന്. എന്നാല്‍ ഖത്തറിലെ സാഹചര്യം മാറിയെന്ന് മന്ത്രി വിശദീകരിച്ചു.

മാത്രമല്ല, ആഭ്യന്തര നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ഖത്തര്‍ ഭരണകൂടം ആവിഷ്‌കരിച്ചത്. വിദേശനിക്ഷേപകര്‍ എത്തുമ്പോള്‍ ആഭ്യന്തര കമ്പനികള്‍ക്ക് ആശങ്ക പതിവാണ്. മല്‍സരത്തില്‍ പിന്നാക്കം പോകുമോ എന്ന ഭയം. ഈ സാഹചര്യത്തിലാണ് ആഭ്യന്തര നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ ഖത്തര്‍ ആവിഷ്‌കരിച്ചത്.

വിദേശ നിക്ഷേകര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖല ഖത്തര്‍ തുറന്നിടുകയാണ് ചെയ്തത്. നിക്ഷേകരെ ആകര്‍ഷിക്കുന്നതിന് വന്‍ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനം ഉടനെയുണ്ടാകും. സ്വദേശികളുടെ പിന്തുണയില്ലാതെ തന്നെ ഖത്തറില്‍ കമ്പനികള്‍ തുടങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വ്യാപാര നിയമങ്ങള്‍ ലളിതമാക്കി. പരിഷ്‌കാര നടപടികള്‍ വേഗത്തിലാക്കി. ഇപ്പോള്‍ ഖത്തറിലെ ഗള്‍ഫിലെ ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ക്ഷീര ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ചു. ഇറച്ചി ഉല്‍പ്പാദനത്തിനും വന്‍ കുതിപ്പ് നടത്തി.

തുര്‍ക്കി ഇറാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഖത്തര്‍ മുന്നേറ്റം നടത്തിയത്. നേരത്തെ ഈ രാജ്യങ്ങളുമായി ഖത്തറിന് ബന്ധം കുറവായിരുന്നു. ഉപരോധത്തിന് ശേഷമാണ ബന്ധം ദൃഢമാക്കിയത്. സൗദി, യുഎഇ വഴി ഖത്തറിലേക്ക് എത്തിയിരുന്ന ചരക്കുകള്‍ ഇപ്പോള്‍ ഒമാന്‍ വഴി എത്തിക്കുന്നു.

വിദേശത്ത് നിന്ന് ചരക്കുകള്‍ വരുന്നത് കുറഞ്ഞിട്ടില്ല. ഭക്ഷ്യ ഉല്‍പ്പനങ്ങളും നിര്‍മാണ സാമഗ്രികളും സുഗമമായി എത്തുന്നു. ഉപരോധത്തിന്റെ ആദ്യത്തില്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഭയമില്ല.

ഇന്ത്യയുള്‍പ്പെടെയുള്ള 80 ലധികം രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാന്‍ അനുമതി നല്‍കി. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതും ഖത്തറിന്റെ മാത്രം മേന്‍മയാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഉപരോധം ഒരു വർഷം പിന്നിടുമ്പോൾ പുതിയ വഴികള്‍ തേടി ഖത്തര്‍