Tuesday, June 5, 2018
ഉപരോധം ഒരു വർഷം പിന്നിടുമ്പോൾ പുതിയ വഴികള്‍ തേടി ഖത്തര്‍
ദോഹ: സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഒരു വർഷം പിന്നിടുമ്പോൾ ഖത്തറിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. പുതിയ മേഖലകള്‍ തേടിപ്പോകാനും അവസരങ്ങള്‍ കൈമുതലാക്കാനും ഖത്തറിനെ പ്രേരിപ്പിച്ചത് ഉപരോധമാണ്.
കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന് പ്രഖ്യാപിച്ച ഉപരോധം തുടക്കത്തില്‍ ഖത്തറിനെ അലട്ടിയിരുന്നു. സൗദിയും യുഎഇയും വഴിയുള്ള എല്ലാ ഇടപാടുകളും ഒരു സുപ്രഭാതത്തില്‍ ഇല്ലാതായതോടെ ഖത്തര്‍ ശരിക്കും വിറച്ചു. പക്ഷേ, അവിടെ തരിച്ചിരുന്നില്ല. പകരം പതിയെ പുതിയ വഴികള്‍ തേടി. ഇന്ന് ഖത്തറിന്റെ സാമ്പത്തിക രംഗം ശക്തമാണ്.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ അയല്‍രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര,നാവിക, വ്യോമ പാതകളെല്ലാം ഒരു സുപ്രഭാതത്തില്‍ അടച്ചു. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം.
രാജ്യാന്തര തലത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അമേരിക്കയും തുര്‍ക്കിയും കുവൈത്തും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം സമവായത്തിന് ശ്രമിച്ചു. പക്ഷേ, ഉപരോധം അതേപടി തന്നെ നില്‍ക്കുന്നു. ആദ്യം വളരെ പ്രയാസങ്ങള്‍ ഖത്തറിന് നേരിടേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ കഥകള്‍ മാറുകയാണ്.
ഒരു വർഷംപിന്നിടുമ്പോള്‍ ഖത്തര്‍ കരുത്താര്‍ജ്ജിക്കുകയാണെന്നാണ് ധനമന്ത്രി അലി ശെരീഫ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് മന്ത്രി ഖത്തറിന്റെ വളര്‍ച്ചയെ സംബന്ധിച്ച് വിശദീകരിച്ചത്. ഇപ്പോള്‍ ഖത്തര്‍ സാമ്പത്തിക രംഗം ഭദ്രമാണെന്ന് മന്ത്രി പറഞ്ഞു.
ഖത്തറിന് പുതിയ വഴികള്‍ തേടിപ്പോകാന്‍ പ്രേരണ നല്‍കിയത് ഉപരോധമാണെന്ന് പറയാം. ഏതെങ്കിലും ഒരു മേഖല മാത്രം ലക്ഷ്യമിട്ടായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപകര്‍ വന്നിരുന്നത്. പ്രത്യേകിച്ചും എണ്ണ ഖനനത്തിന്. എന്നാല്‍ ഖത്തറിലെ സാഹചര്യം മാറിയെന്ന് മന്ത്രി വിശദീകരിച്ചു.
മാത്രമല്ല, ആഭ്യന്തര നിക്ഷേപകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് ഖത്തര്‍ ഭരണകൂടം ആവിഷ്‌കരിച്ചത്. വിദേശനിക്ഷേപകര്‍ എത്തുമ്പോള്‍ ആഭ്യന്തര കമ്പനികള്‍ക്ക് ആശങ്ക പതിവാണ്. മല്‍സരത്തില്‍ പിന്നാക്കം പോകുമോ എന്ന ഭയം. ഈ സാഹചര്യത്തിലാണ് ആഭ്യന്തര നിക്ഷേപകരെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ ഖത്തര്‍ ആവിഷ്‌കരിച്ചത്.
വിദേശ നിക്ഷേകര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് മേഖല ഖത്തര്‍ തുറന്നിടുകയാണ് ചെയ്തത്. നിക്ഷേകരെ ആകര്‍ഷിക്കുന്നതിന് വന്‍ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനം ഉടനെയുണ്ടാകും. സ്വദേശികളുടെ പിന്തുണയില്ലാതെ തന്നെ ഖത്തറില്‍ കമ്പനികള്‍ തുടങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വ്യാപാര നിയമങ്ങള്‍ ലളിതമാക്കി. പരിഷ്‌കാര നടപടികള്‍ വേഗത്തിലാക്കി. ഇപ്പോള്‍ ഖത്തറിലെ ഗള്‍ഫിലെ ബിസിനസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. ക്ഷീര ഉല്‍പ്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിച്ചു. ഇറച്ചി ഉല്‍പ്പാദനത്തിനും വന്‍ കുതിപ്പ് നടത്തി.
തുര്‍ക്കി ഇറാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഖത്തര്‍ മുന്നേറ്റം നടത്തിയത്. നേരത്തെ ഈ രാജ്യങ്ങളുമായി ഖത്തറിന് ബന്ധം കുറവായിരുന്നു. ഉപരോധത്തിന് ശേഷമാണ ബന്ധം ദൃഢമാക്കിയത്. സൗദി, യുഎഇ വഴി ഖത്തറിലേക്ക് എത്തിയിരുന്ന ചരക്കുകള്‍ ഇപ്പോള്‍ ഒമാന്‍ വഴി എത്തിക്കുന്നു.
വിദേശത്ത് നിന്ന് ചരക്കുകള്‍ വരുന്നത് കുറഞ്ഞിട്ടില്ല. ഭക്ഷ്യ ഉല്‍പ്പനങ്ങളും നിര്‍മാണ സാമഗ്രികളും സുഗമമായി എത്തുന്നു. ഉപരോധത്തിന്റെ ആദ്യത്തില്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഭയമില്ല.
ഇന്ത്യയുള്‍പ്പെടെയുള്ള 80 ലധികം രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാന്‍ അനുമതി നല്‍കി. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതും ഖത്തറിന്റെ മാത്രം മേന്‍മയാണ്.
Tuesday, May 30, 2017
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
18 മുതല്‍ 30 നോട്ട് വരെ വേഗത്തില്‍ അടിക്കുന്ന കാറ്റ് ചില സമയങ്ങളില്‍ 35-45 നോട്ട് വരെ ശക്തിപ്രാപിക്കും. പകലാണ് പ്രധാനമായും കാറ്റ് ശക്തമാവുക. തിരമാലകള്‍ 8-12 അടിവരെ ഉയരുകയും പൊടി മൂലം കാഴ്ചാ പരിധി 2 കിലോമീറ്ററില്‍ താഴെയാവുകയും ചെയ്യും.
പകല്‍ സമയത്തെ കൊടും ചൂട് തുടരും. പരമാവധി താപനില 40-45 ഡിഗ്രിയാവും. പ്രത്യേകിച്ച് മധ്യ, കിഴക്കന്‍ ഭാഗങ്ങളിലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക.
ഇന്ത്യന്‍ മണ്‍സൂണ്‍ കാലവും ഉത്തര അറേബ്യന്‍ ഉപദ്വീപില്‍ രൂപപ്പെടുന്ന അതിമര്‍ദ്ദവുമാണ് ഗള്‍ഫ് മേഖലയില്‍ അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിനു കാരണം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ കാറ്റും മഴക്കാലവും തുടങ്ങുന്നതോട് കൂടിയാണ് അല്‍ബവാരി കാറ്റ് രൂപപ്പെടുന്നത്. പൊടി ഉയര്‍ത്തുന്ന ശക്തമായ കാറ്റിനാണ് അറബിയില്‍ അല്‍ബവാരി എന്ന് പറയുന്നത്.
ജൂണ്‍ ആദ്യം മുതല്‍ ജൂലൈ മധ്യം വരെ തുടരുന്നതിനാല്‍ 40 ദിന കാറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ഇടവിട്ട് ശക്തി പ്രാപിക്കുന്ന ഈ കാറ്റ് ജൂണ്‍ പകുതിയിലാണ് ഉഗ്രരൂപം കൈക്കൊള്ളുക.
രാത്രിയില്‍ ശക്തി കുറയുകയും പ്രഭാതത്തോടെ കരുത്താര്‍ജിച്ച് ഉച്ചയോട് കൂടി അതിശക്തമാവുകയും ചെയ്യുന്നതാണ് അല്‍ബവാരി കാറ്റിന്റെ സ്വഭാവം.
ഇത് പൊടിപടലം ഉയര്‍ത്തുന്നതിനാല്‍ കാഴ്ച്ചാ പരിധി 1 കിലോമീറ്ററില്‍ താഴെവരെ കുറയാറുണ്ട്. ഇതോടൊപ്പം ചൂടും വര്‍ധിക്കും. ഉപരിതലത്തിലും 3000 അടി ഉയരത്തിലുമുള്ള കാറ്റിന്റെ വേഗതയിലുള്ള വലിയ വ്യത്യാസം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ വിമാന ഗതാഗതത്തെയും ബാധിക്കാറുണ്ട്.
ഈ കാലയളവില്‍ കടലില്‍ പോവരുതെന്നും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Thursday, April 20, 2017
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഇനി ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം!.
ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധന നടത്തണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി.).
വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ക്യു.സി.ബി. പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആറുമാസം ഇടവിട്ട് സാങ്കേതിക പരിശോധന നിര്‍ബന്ധമാക്കിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നാല് മാസത്തിനിടയിലും ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസം ഇടവിട്ടുമാണ് പരിശോധന നടത്തേണ്ടത്.
ഉദാഹരണത്തിന് 2001 മോഡല്‍ കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും നിര്‍ബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. 1996 മോഡല്‍ വാഹനങ്ങള്‍ ഓരോ നാലുമാസം കൂടുമ്പോഴും പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് തൃശൂർ ചിത്ര രചനാ മത്സരം ഏപ്രിൽ 28 ആം തിയതി
ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഫ്രണ്ട്സ് ഓഫ് തൃശൂർ സംഘടിപ്പിക്കുന്ന ഒൻപതാമത് ചിത്രരചനാ മത്സരം ഏപ്രിൽ 28 ആം തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂളിൽ വച്ച് നടത്തുന്നു.
ഖത്തറിലെ പതിനഞ്ചോളം വരുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ലാസ്സുകളെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വരെ ഒന്നാം വിഭാഗത്തിലും, നാലു മുതൽ ആറു വരെ രണ്ടാം വിഭാഗത്തിലും, ഏഴു മുതൽ ഒൻപതു വരെ മൂന്നാം വിഭാഗത്തിലും, പത്തു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ നാലാം വിഭാഗത്തിലുമാണ് മത്സരം നടക്കുന്നത്.
മത്സരത്തിലേക്കുള്ള അപേക്ഷകൾ ഇതിനോടകം തന്നെ എല്ലാ വിദ്യാലയങ്ങളിലും സംഘാടകർ എത്തിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ പൂർണമായി വിദ്യാലയങ്ങൾ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ഓരോവിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതിനോടൊപ്പം തന്നെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാത്ഥികൾക്കും സംഘടനയുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
ഏറ്റവും കൂടുതൽ വിജയികൾ ഉണ്ടാകുന്ന വിദ്യാലയത്തിന് എം.എഫ്.ഹുസ്സൈൻ മെമ്മോറിയൽ ട്രോഫിയും, ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് രാജാരവിവർമ്മ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.
ഇന്ത്യയും ഖത്തറും അടങ്ങുന്ന പത്തിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ചിത്രകലയിൽ പ്രഗത്ഭരായ കലാകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
മത്സരം നടന്ന് ഒരാഴ്‌ചക്കകം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പത്താം വാർഷികദിനത്തോടനു ബന്ധിച്ചുള്ള ആഘോഷ പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
മത്സരം നടക്കുന്ന വേദിയിൽ ഖത്തർ അഭ്യന്തരവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മറ്റും ബോധവത്കരണ പ്രദർശനങ്ങളും, മയക്കുമരുന്നുകളും, ആൾക്കുകൂട്ടത്തിൽ നിന്നും ക്രിമിനലുകളെയും മറ്റും തിരഞ്ഞുപിടിക്കുന്ന ശ്വാനവിഭാഗത്തിന്റെ പ്രകടനങ്ങളും, കുട്ടികൾക്കായി വടംവലി മത്സരങ്ങളും മറ്റും ഉണ്ടായിരിക്കും.
കുട്ടികളോടൊപ്പം രക്ഷാകർത്താക്കൾക്കും ഉപകാരപ്രദമായ രീതിയിലുള്ള ബോധവത്കരണ പരിപാടികളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 44317273 - 55535034 - 55811289 - 77773017 - 66204565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ‘ഉല്‍ക്കമഴ’!.
ദോഹ: വാനനിരീക്ഷകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കി ശനിയാഴ്ച ഖത്തറിന്റെ ആകാശത്ത് ഉല്‍ക്ക വര്‍ഷിക്കുന്നത് കാണാം. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഖത്തറില്‍ ഉല്‍ക്ക വര്‍ഷിക്കുന്നത്.
ഒരേ കേന്ദ്രത്തില്‍നിന്ന് ഒട്ടനവധി ഉല്‍ക്കകള്‍ മിന്നിമറയുന്ന വിസ്മയകാഴ്ചയാണ് ശനിയാഴ്ച രാത്രി നടക്കുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണെങ്കിലും ആകാശത്തുടനീളം ഇവയെ കാണാം.
ഏപ്രില്‍ പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ ഉല്‍ക്കാവര്‍ഷം കാണാമെങ്കിലും ഏറ്റവും ശക്തമായി ഉല്‍ക്ക പതിക്കുന്നത് ഏപ്രില്‍ 22-നാണ്. പുലര്‍ച്ചെയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഉല്‍ക്ക പതിക്കുക.
ടെലസ്‌കോപ്പില്ലാതെ നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാമെങ്കിലും പ്രകാശത്തില്‍നിന്ന് അകലം പാലിക്കണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെയുള്ള സമയത്ത് ഉല്‍ക്കപതിക്കുന്നത് കാണാം.
മണിക്കൂറില്‍ പത്തുമുതല്‍ ഇരുപതുവരെയും ചിലപ്പോള്‍ നൂറുവരെയും ഉല്‍ക്കകള്‍ വേഗത്തില്‍ മിന്നിമറയുന്നത് കാണാം. ഇവ ഭൂമിയിലേക്ക് കുത്തനെയാണ് വീഴുക.
ഭൗമോപരിതലത്തില്‍ എത്തുന്നതിന് മുമ്പേതന്നെ ഇവ വിഭജിക്കപ്പെടും. കണ്ണുചിമ്മുന്ന വേഗത്തിലാണ് ഇവ പതിക്കുന്നത്. ചന്ദ്രന്‍ അര്‍ധാകൃതിയിലായതിനാല്‍ നന്നായി ഉല്‍ക്കകളെ കാണാന്‍ കഴിയും. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും കഴിയും.
Tuesday, April 18, 2017
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ 'NRI HELP DESK' തുടങ്ങും : അദ്ധ്യക്ഷ പ്രേമജ സുധീർ
ദോഹ : ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി പ്രേമജ സുധീറിന് ഖത്തർ വെളിയങ്കോട് മഹല്ല് റിലീഫ് കമ്മറ്റി സ്വീകരണം നല്‍കി.
QVMRC മെമ്പർമാരുടെ നിവേദന പ്രകാരം വെളിയങ്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു 'NRI HELP DESK' തുടങ്ങാം എന്ന് പ്രസിരണ്ട് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
'പ്രവാസി ക്ഷേമനിധികള്‍ നാം അറിയേണ്ടത്' എന്ന വിഷയത്തില്‍ അബ്ദുല്‍ റൌഫ് കൊണ്ടോട്ടി ക്ലാസ് എടുത്തു. റസല്‍ റസാക്ക് സ്വാഗതവും കാളിയത്ത് മുസ്തഫ അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ നസീബ് വെളിയങ്കോട് നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)