Sunday, September 5, 2010

ത്തര്‍ സര്‍ക്കാര്‍ സ്വദേശിവത്കരണനടപടികള്‍ ശക്തമാക്കി


ദോഹ: രാജ്യത്തെ സ്വകാര്യകമ്പനികളിലെ തൊഴില്‍ നിയമനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയാറായിക്കഴിഞ്ഞു. മന്ത്രിസഭ നേരത്തെ ചര്‍ച്ച ചെയ്ത കരട് നിയമം ഇപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആവശ്യമായ ഭേദഗതികളോടെ നിയമം ഉടന്‍ ബന്ധപ്പെട്ട ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കും.

സ്വകാര്യകമ്പനികളിലെ നിയമനങ്ങളില്‍ സ്വദേശികള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കര്‍ശന വ്യവസ്ഥകളാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് കരട് ബില്ലിന് രൂപം നല്‍കിയത്.

സ്വദേശിവത്കരണ നിയമം ലംഘിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് അര ലക്ഷം മുതല്‍ ഒരുലക്ഷം വരെ റിയാല്‍ പിഴ ചുമത്തണമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കണമെന്നതുമാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. നിയമനത്തില്‍ നിശ്ചിതശതമാനം ഒഴിവുകള്‍ സ്വദേശികള്‍ക്കായി നീക്കിവെക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കമ്പനികള്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിശ്ചിത ശതമാനം ഒഴിവുകളില്‍ സ്വദേശികളെ മാത്രം നിയമിക്കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകും.

മന്ത്രാലയങ്ങളടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കുമെല്ലാം നിയമം ബാധകമാണ്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവില്‍ തന്നെ സ്വദേശികള്‍ക്ക് മതിയായ പ്രാതിനിധ്യമുള്ളതിനാല്‍ സ്വകാര്യകമ്പനികളെയാകും നിയമം കാര്യമായി ബാധിക്കുക. കമ്പനികള്‍ നിയമം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ക്ക് ജുഡീഷ്യല്‍ അധികാരം നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്താന്‍ ഏത് കമ്പനിയിലും അധികൃതര്‍ക്ക് മിന്നല്‍പരിശോധന നടത്താം. ഇതുമായി ബന്ധപ്പെട്ട് തൊഴിലുടമകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു തര്‍ക്കപരിഹാര സമിതിക്ക് രൂപം നല്‍കാന്‍ നിയമം നിര്‍ദേശിക്കുന്നു.

സ്വദേശിവത്കരണത്തിനായി സ്ഥിരം സമിതി രൂപവത്കരിക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്. ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും സമയാസമയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുമാണ് ഈ സമിതിയുടെ ചുമതല. സ്വദേശികളായ ഉദ്യോഗാര്‍ഥികളെ ആവശ്യമെങ്കില്‍ മതിയായ പരിശീലനം നല്‍കി നിയമിക്കണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

രണ്ടു ഷിഫ്റ്റുകളിലായി ജോലി ചെയ്യാന്‍ സ്വദേശികള്‍ക്ക് പൊതുവെ താല്‍പര്യമില്ലെന്നതാണ് നിയമം നടപ്പാക്കുന്നതിനുള്ള പ്രധാന തടസ്സമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, സ്വദേശികള്‍ വിദേശികളെ അപേക്ഷിച്ച് കൂടുതല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുകയും ചെയ്യും. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍, ദീര്‍ഘകാല ഭവനവായ്പ എന്നിവയെല്ലാം സ്വദേശികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളാണ്. വിദേശികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നില്ല എന്നത് സ്വകാര്യ കമ്പനികള്‍ക്ക് ഏറെ ആശ്വാസമാണ്.

സ്വദേശികളായ ജോലിക്കാര്‍ക്ക് ആവശ്യമായ തൊഴില്‍പരിശീലനം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ മുതല്‍ അരലക്ഷം റിയാല്‍ വരെയാണ് നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പിഴ. വീഴ്ച തിരുത്തിയില്ലെങ്കില്‍ പിഴ ഇരട്ടിയാകും.

1 comment:

Unknown said...

രാജ്യത്തെ സ്വകാര്യകമ്പനികളിലെ തൊഴില്‍ നിയമനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയാറായിക്കഴിഞ്ഞു. മന്ത്രിസഭ നേരത്തെ ചര്‍ച്ച ചെയ്ത കരട് നിയമം ഇപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആവശ്യമായ ഭേദഗതികളോടെ നിയമം ഉടന്‍ ബന്ധപ്പെട്ട ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കും.