Sunday, October 10, 2010
തട്ടിപ്പുകളുടെ കോടികള്‍ ഉയരുന്നു;വ്യാപാരികള്‍ ചെക്കുകള്‍ വാങ്ങുന്നത് നിര്‍ത്തുന്നു.
ദോഹ : ഖത്തറില്‍ നടന്ന ബിസിനസ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ 65 കോടി രൂപയില്‍ നിന്ന് തട്ടിപ്പ് സംഖ്യ 90 കോടി രൂപയിലേക്ക് ഉയര്‍ന്നു.
ഈ തട്ടിപ്പ് പുറത്തു വന്നതോടെ നേരത്തേ ലക്ഷക്കണക്കില് റിയാലിന്റെ അവധി ചെക്കുകള്‍ നല്കി സാധനങ്ങള്‍ വില്പന നടത്തിയിരുന്ന കമ്പനികള്‍ പുതുതായി ചെക്കുകള്‍ സ്വീകരിക്കല്‍ നിറുത്തി.ഇത് വാണിജ്യരംഗത്ത് പ്രതിസന്ധിക്ക് കാരണമാക്കിയെന്നതാണ് പുതിയ വിലയിരുത്തല്‍ .
ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് 90 കോടി രൂപയുടെ കെട്ടിട നിര്‍മാണ സാധനങ്ങള്‍ വാങ്ങിയാണ് ഹബീബ് അബ്ദുള്‍ ഖാദര്‍ എന്ന മലയാളിയും അജിത് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരു മലയാളിയും കൂട്ടുകാരും സാധനങ്ങള്‍ ദുബായിലേക്ക് കടത്തി ദോഹയില്‍ കെനിയയിലേക്ക് കടന്നത്.
25 വരെ കാലാവധിയുള്ള ചെക്കുകളാണ് ഫ്ളോമിങ് ഇന്റര്‍നാഷണല്‍ എന്ന ഈ വ്യാജകമ്പനി രജിസ്റ്റര്‍ ചെയ്ത് ഖത്തറില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള കമ്പനികള്‍ക്ക് നല്‍കിയത്. 60 മുതല്‍ 70 വരെ കമ്പനികള്‍ ഈ തട്ടിപ്പിനിരയായതായി അറിയുന്നു. ദശലക്ഷം ഖത്തര്‍ റിയാലുകളുടെ ചെക്കുകളാണിവര് നല്‍കിയത്. ഒരു ചെക്ക് പോലും ബാങ്കില്‍ നിന്നും കാശാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വിദഗ്ധരുടെ ആസൂത്രണ വൈദഗ്ധ്യം ബോധ്യപ്പെടുത്തുന്നത്.
തട്ടിപ്പ് നടത്തിയ വിദഗ്ധര്‍ക്കെല്ലാം രണ്ടു പാസ്പോര്‍ട്ട് വീതമുണ്ടെന്നാണറിയുന്നത്. പാസ്പോര്ട്ടില് രേഖപ്പെടുത്തിയ പേരുകളും സ്വദേശവുമൊക്കെ വ്യാജമാണെന്നാണ് കമ്പനി ഉടമകളുടെ അന്വേഷണത്തില്‍ മനസ്സിലായത്. ജനറല്‍ മാനേജരായി പരിചയപ്പെടുത്തിയ അജിത്കുമാര്‍ നേരത്തേ ദുബായിയില്‍ ഉല്ലാസ് എന്ന പേരിലാണ് അറിയപ്പെട്ടതെന്നും ദുബായില്‍ വന്തട്ടിപ്പുകള് നടത്തി നിരവധികാലം ജയിലില്‍ കിടന്നവരാണ് ഈ സംഘാംഗങ്ങളെന്നും പറയപ്പെടുന്നു.
രണ്ടു ദശലക്ഷത്തിലേറെ റിയാലിന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട കമ്പനികളുണ്ട്. ഈ കമ്പനികള്‍ക്കെല്ലാം പ്രതിസന്ധിയില്‍ നിന്ന് എളുപ്പം കരകയറാനാവില്ല. വര്‍ഷങ്ങളായി നടന്നു വരുന്നതാണ് അവധി ചെക്കുകള്‍ സ്വീകരിച്ചുകൊണ്ടുള്ള കച്ചവടം. പൊടുന്നനെ ഈ സമ്പ്രദായം നിര്‍ത്തേണ്ടി വന്നത് സാധനങ്ങള്‍ വാങ്ങുന്ന കമ്പനികള്‍ക്കും വില്പന നടത്തുന്ന കമ്പനികള്‍ക്കും പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്.മുന്‍പും പലരും ഇത്തരം അവധി ചെക്കുകള്‍ നല്‍കുകയും സാധനങ്ങള്‍ വാങ്ങി മുങ്ങിയ സംഭവം ദോഹയില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ തുകയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നില്ല.
തട്ടിപ്പിനിരയായ വ്യാപാരികള്‍ ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്ലിക്കും,ഇന്ത്യന്‍ ഗവര്മെന്റിനും, കേരളത്തിലെയും കര്‍ണാടകത്തിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും,കേരള പോലിസിനും,ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിക്കും,ഖത്തര്‍ ക്യാപിറ്റല്‍ പോലിസിലും, ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്കി കഴിഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതായും വ്യാപാരികള്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:
ഖത്തറില്‍ നടന്ന ബിസിനസ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ 65 കോടി രൂപയില്‍ നിന്ന് തട്ടിപ്പ് സംഖ്യ 90 കോടി രൂപയിലേക്ക് ഉയര്‍ന്നു.
പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
Post a Comment