Monday, December 20, 2010

ത്തറില്‍ മലയാളി യുവാക്കളുടെ വധശിക്ഷ ജീവപര്യന്തമാക്കി


ദോഹ: ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊലചെയ്യ്‌ത കേസില്‍ രണ്ട് മലയാളികളുടെയും ഒരു നേപ്പാള്‍ സ്വദേശിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

കുന്നംകുളം ചൊവ്വന്നൂര്‍ മാച്ചാലങ്ങത്ത് ശ്രീധരന്റെ മകന്‍ മണികണ്ഠന്‍ (31), തൃശൂര്‍ മണ്ണുത്തി സ്വദേശി മഹാദേവന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (34), നേപ്പാള്‍ സ്വദേശി ചന്ദ്രശേഖരന്‍ യാദവ് എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമാക്കിയത്. മലയാളികള്‍ 25 വര്‍ഷവും നേപ്പാളിക്ക് 15 വര്‍ഷവും തടവനുഭവിക്കണമെന്നാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.

2003 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്തോനേഷ്യക്കാരിയായ യുവതിയുടെ അഴുകിയ മൃതദേഹം വക്ര ബീച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ കണ്ട കറ മനുഷ്യരക്തമല്ലെന്നും ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം അഭ്യര്‍ഥിച്ചിരുന്നു.

2007ലാണ് വധശിക്ഷ ലഭിച്ച ഇവരെ അതില്‍ നിന്നും ഒഴിവാക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അല്‍ അന്‍സാരി ലോ ഓഫീസിലെ അഡ്വ. നിസാര്‍ കോച്ചേരിയാണ് ഇവര്‍ക്ക് വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്.

കേസിലെ മൂന്നു പ്രതികള്‍ക്ക് വധശിക്ഷയും നാലാമന് രണ്ടുവര്‍ഷം തടവും 2000 റിയാല്‍ പിഴയും വിധിച്ച് 2006 നവംബറില്‍ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വധശിക്ഷക്കെതിരെ പ്രതിഭാഗം ഹരജി നല്‍കിയെങ്കിലും 2008 ജൂണ്‍ 25ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെച്ചു. ഇതിനെതിരായ ഹരജിയില്‍ വിധി പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന വിചാരണയിലാണ് വധശിക്ഷ റദ്ദാക്കിയത്. മണികണ്ഠന്‍ വെല്‍ഡറും ഉണ്ണികൃഷ്ണന്‍ ടാക്‌സി ഡ്രൈവറും നേപ്പാളിയായ ചന്ദ്രശേഖരന്‍ യാദവ് സെക്യൂരിറ്റി ജീവനക്കാരുമായരുന്നു.

1 comment:

Unknown said...

ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊലചെയ്യ്‌ത കേസില്‍ രണ്ട് മലയാളികളുടെയും ഒരു നേപ്പാള്‍ സ്വദേശിയടക്കം മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.