Sunday, February 6, 2011
ബട്ടിന് പത്ത്,ആസിഫിന് ഏഴ്, ആമിറിന് അഞ്ച്
ദോഹ: മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടിന് പത്ത് വര്‍ഷത്തേക്കും പേസ് ബൗളര്‍മാരായ മുഹമ്മദ് ആസിഫിന് ഏഴ് വര്‍ഷത്തേക്കും മുഹമ്മദ് ആമിറിന് അഞ്ച് വര്‍ഷത്തേക്കും ഐ.സി.സി വിലക്ക് ഏര്‍പ്പെടുത്തി.ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കോഴ വാങ്ങി നോബാളെറിഞ്ഞ കേസിലാണ് ഈ താരങ്ങള്‍ക്ക് വിലക്ക് കല്‍പിച്ച് ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. ഇന്നലെ വൈകീട്ടോടെ ദോഹയിലാണ് വിധി പ്രഖ്യാപിച്ചത്.
മസ്ഹര്‍ മജീദ് എന്ന വാതുവെപ്പ്കാരനില്‍ നിന്ന് കോഴവാങ്ങി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മനഃപൂര്‍വം നോബാള്‍ എറിഞ്ഞു എന്നതാണ് മൂന്ന് പേര്‍ക്കുമെതിരായ കേസ്. വിശദമായ അന്വേഷണത്തിനും കഴിഞ്ഞമാസം ദോഹയില്‍ ആറ് ദിവസം നീണ്ടുനിന്ന വിചാരണക്കും ഒടുവിലാണ് മൈക്കിള്‍ ബെലോഫ് തലവനും ശരദ് റാവു, ജസ്റ്റിസ് ആല്‍ബി സാഷ്‌സ് എന്നിവര്‍ അംഗങ്ങളുമായ ട്രൈബ്യൂണല്‍ കേസില്‍ വിധി പ്രഖ്യാപിച്ചത്.
വിധിക്കെതിരെ 21 ദിവസത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഐ.സി.സിക്കും താരങ്ങള്‍ക്കും അവകാശമുണ്ടെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. നോബാള്‍ എറിയാന്‍ കോഴവാഗ്ദാനം ചെയ്ത കാര്യം അന്ന് ക്യാപ്റ്റനായിരുന്ന ബട്ട് മറച്ചുവെക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷ തന്നെ നല്‍കിയത്. ആസിഫും ആമിറും ചേര്‍ന്ന് നോബാള്‍ എറിയുകയായിരുന്നുവെന്നും ബട്ട് അതിന് കൂട്ടുനിന്നെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് താരങ്ങളുടെ അഭിഭാഷകര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
ബട്ടിന് പത്ത്,ആസിഫിന് ഏഴ്, ആമിറിന് അഞ്ച്
Post a Comment