Tuesday, December 13, 2016

ഖത്തറിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു!.



ദോഹ : ഖത്തറിലെ ഇരുത്തിയൊന്നു ലക്ഷം വിദേശ തൊഴിലാളികളെ ബാധിക്കുന്ന നിർണായക നിയമമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.

സ്‌പോൺസർഷിപ് (ഖഫാല) നിയമം റദ്ദാക്കി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ പോക്കുവരവും കുടിയേറ്റവും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതാണ് പുതിയ ഭേദഗതികൾ.

പുതിയ തൊഴിൽ കരാറിൽ നിശ്ചിത കാലാവധി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അഞ്ചു വർഷത്തിന് ശേഷം ഉടൻ തന്നെ തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിയും വിസയും മാറാൻ സാധിക്കും.

രണ്ടുവർഷത്തെ വിലക്ക് ഇവർക്ക് ബാധകമാവില്ല. രണ്ടു വർഷമായിരിക്കും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാനുള്ള കരാറിലെ കുറഞ്ഞ കാലാവധി.എന്നാൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ജോലി മാറാനുള്ള താൽപര്യം തൊഴിലാളി രേഖാമൂലം തൊഴിലുടമയെ അറിയിക്കുകയാണെങ്കിൽ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ വിലക്കില്ലാതെ ജോലി മാറാൻ കഴിയും.

എക്സിറ്റ് പെർമിറ്റിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി തൊഴിലുടമയിൽ നിന്ന് തന്നെയാണ് അനുവാദം വാങ്ങേണ്ടത്. എന്നാൽ തൊഴിലുടമ എക്സിറ്റ് പെർമിറ്റ് നിഷേധിക്കുകയാണെങ്കിൽ പരാതി കേൾക്കാനും മൂന്നു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാനും തൊഴിൽ ആഭ്യന്തര മന്ത്രാലയം പ്രതിനിധികളും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധിയും ഉൾപെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ തൊഴിൽ റദ്ധാക്കി നാട്ടിലേക്ക് മടങ്ങിയവർക്ക് രണ്ടു വർഷം പൂർത്തിയാകുന്നതിനു മുമ്പ് രാജ്യത്തു പ്രവേശിക്കാൻ കഴിയുമോ എന്ന വിഷയത്തിൽ ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

അതോടോപ്പം വർഷങ്ങളായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പുതിയ കരാറിൽ ഒപ്പു വെക്കാതെ മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന കാര്യത്തിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്.

തൊഴില്‍ മന്ത്രാലയത്തിന് കൂടുതല്‍ ഫലപ്രദമായി മേഖലയില്‍ ഇടപെടാനും തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കഴിയും. വിസ വില്‍ക്കല്‍ പരിപാടികളും വിസ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തട്ടിപ്പുകളും ഇല്ലാതാക്കാനാകും.

പുതിയ നിയമത്തിലെ കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം : -

1 . വിദഗ്ധ തൊഴിലാളികളുടെ ഖത്തറിലെ പ്രവേശനവും താമസവുമെല്ലാം പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തില്‍.

2 . പുതിയ വര്‍ക്ക് വിസയ്ക്കുള്ള 2 വര്‍ഷ വിലക്ക് ഇല്ലാതാകും.

3 . പുതിയൊരു കമ്പനിയില്‍ ജോലിക്ക് കയറുന്നതിന് പഴയ കമ്പനി അധികൃതരുടെ അനുമതി വേണ്ട.

4 . പുതിയ കരാര്‍ ലഭിച്ച ഒരാള്‍ക്ക് പിറ്റേന്ന് തന്നെ ഖത്തറിലേക്ക് മടങ്ങിയെത്താം.

5 . എക്സിറ്റ് പെർമിറ്റിനായി തൊഴിലുടമയിൽ നിന്ന് അനുവാദം വാങ്ങണം. 6 . തൊഴിലുടമ എക്സിറ്റ് പെർമിറ്റ് നിഷേധിക്കുകയാണെങ്കിൽ അതിനായി രൂപീകരിച്ചിട്ടുള്ള സമിതിയും പരാതിപ്പെടാം.

7 . ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളുടെ കരാര്‍ പുതിയ നിയമത്തിന് അനുസരിച്ച് മാറ്റും.

8 . തൊഴിലാളി ഒപ്പിട്ട ദിനം മുതലാകും കരാര്‍ കാലാവധി ആരംഭിക്കുക.

9 . തൊഴില്‍ കരാറിന് തൊഴില്‍ - സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.

10 . ക്ലോസ്ഡ് കരാറുകളുടെ പരിധി അഞ്ച് വര്‍ഷത്തില്‍ കൂടുതലുണ്ടാകില്ല.

11 . ഓപ്പണ്‍ - എന്‍ഡഡ് കരാര്‍ ആണെങ്കില്‍ ആദ്യ തൊഴില്‍ ദാതാവിനൊപ്പം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ തൊഴിലാളിക്ക് കഴിയും.

12 . സ്ഥിര ജോലി കരാറില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ കരാര്‍ അവസാനിച്ച ശേഷം എന്‍ഒസി ഇല്ലാതെ തന്നെ പുതിയ ജോലിക്ക് കരാറില്‍ ഒപ്പിടാം. പക്ഷേ ആഭ്യന്തര, തൊഴില്‍- സാമൂഹ്യക്ഷേമ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കണം.

13 . സ്‌പോണ്‍സര്‍ മരണമടയുകയോ ജോലി ചെയ്തു വന്നിരുന്ന കമ്പനി യാതൊരു കാരണവുമില്ലാതെ അടുച്ചുപൂട്ടുകയോ ചെയ്താല്‍ ഈ രണ്ട് മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്‍ വിദഗ്ധ തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ കഴിയും.

14 . ഔദ്യോഗിക അനുമതി ലഭിക്കാതെ തങ്ങളുടെ കീഴില്‍ ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികളെ മറ്റൊരു തൊഴില്‍ ദാതാവിന് കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന തൊഴില്‍ ദാതാക്കളെ പിടികൂടിയാല്‍ 50000 ഖത്തര്‍ റിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

15 . വിദഗ്ധ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ 10000 റിയാല്‍ മുതല്‍ 25000 റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരും.

തൊഴില്‍ മേഖലയില്‍ നിലവിലുള്ള പല അവ്യക്തതകളും പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാകും

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തൊഴില്‍ മേഖലയില്‍ നിലവിലുള്ള പല അവ്യക്തതകളും പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാകും