Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts
Tuesday, May 30, 2017
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
18 മുതല്‍ 30 നോട്ട് വരെ വേഗത്തില്‍ അടിക്കുന്ന കാറ്റ് ചില സമയങ്ങളില്‍ 35-45 നോട്ട് വരെ ശക്തിപ്രാപിക്കും. പകലാണ് പ്രധാനമായും കാറ്റ് ശക്തമാവുക. തിരമാലകള്‍ 8-12 അടിവരെ ഉയരുകയും പൊടി മൂലം കാഴ്ചാ പരിധി 2 കിലോമീറ്ററില്‍ താഴെയാവുകയും ചെയ്യും.
പകല്‍ സമയത്തെ കൊടും ചൂട് തുടരും. പരമാവധി താപനില 40-45 ഡിഗ്രിയാവും. പ്രത്യേകിച്ച് മധ്യ, കിഴക്കന്‍ ഭാഗങ്ങളിലായിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക.
ഇന്ത്യന്‍ മണ്‍സൂണ്‍ കാലവും ഉത്തര അറേബ്യന്‍ ഉപദ്വീപില്‍ രൂപപ്പെടുന്ന അതിമര്‍ദ്ദവുമാണ് ഗള്‍ഫ് മേഖലയില്‍ അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിനു കാരണം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്‍സൂണ്‍ കാറ്റും മഴക്കാലവും തുടങ്ങുന്നതോട് കൂടിയാണ് അല്‍ബവാരി കാറ്റ് രൂപപ്പെടുന്നത്. പൊടി ഉയര്‍ത്തുന്ന ശക്തമായ കാറ്റിനാണ് അറബിയില്‍ അല്‍ബവാരി എന്ന് പറയുന്നത്.
ജൂണ്‍ ആദ്യം മുതല്‍ ജൂലൈ മധ്യം വരെ തുടരുന്നതിനാല്‍ 40 ദിന കാറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ഇടവിട്ട് ശക്തി പ്രാപിക്കുന്ന ഈ കാറ്റ് ജൂണ്‍ പകുതിയിലാണ് ഉഗ്രരൂപം കൈക്കൊള്ളുക.
രാത്രിയില്‍ ശക്തി കുറയുകയും പ്രഭാതത്തോടെ കരുത്താര്‍ജിച്ച് ഉച്ചയോട് കൂടി അതിശക്തമാവുകയും ചെയ്യുന്നതാണ് അല്‍ബവാരി കാറ്റിന്റെ സ്വഭാവം.
ഇത് പൊടിപടലം ഉയര്‍ത്തുന്നതിനാല്‍ കാഴ്ച്ചാ പരിധി 1 കിലോമീറ്ററില്‍ താഴെവരെ കുറയാറുണ്ട്. ഇതോടൊപ്പം ചൂടും വര്‍ധിക്കും. ഉപരിതലത്തിലും 3000 അടി ഉയരത്തിലുമുള്ള കാറ്റിന്റെ വേഗതയിലുള്ള വലിയ വ്യത്യാസം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ വിമാന ഗതാഗതത്തെയും ബാധിക്കാറുണ്ട്.
ഈ കാലയളവില്‍ കടലില്‍ പോവരുതെന്നും നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Thursday, April 20, 2017
പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഇനി ആറുമാസം കൂടുമ്പോള്‍ പരിശോധന നടത്തണം!.
ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ആറുമാസം കൂടുമ്പോള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധന നടത്തണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി.).
വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ക്യു.സി.ബി. പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആറുമാസം ഇടവിട്ട് സാങ്കേതിക പരിശോധന നിര്‍ബന്ധമാക്കിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നാല് മാസത്തിനിടയിലും ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മൂന്ന് മാസം ഇടവിട്ടുമാണ് പരിശോധന നടത്തേണ്ടത്.
ഉദാഹരണത്തിന് 2001 മോഡല്‍ കാര്‍ ഓരോ ആറുമാസം കൂടുമ്പോഴും നിര്‍ബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. 1996 മോഡല്‍ വാഹനങ്ങള്‍ ഓരോ നാലുമാസം കൂടുമ്പോഴും പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് തൃശൂർ ചിത്ര രചനാ മത്സരം ഏപ്രിൽ 28 ആം തിയതി
ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി ഫ്രണ്ട്സ് ഓഫ് തൃശൂർ സംഘടിപ്പിക്കുന്ന ഒൻപതാമത് ചിത്രരചനാ മത്സരം ഏപ്രിൽ 28 ആം തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെ എം.ഇ.എസ് ഇന്ത്യൻ സ്ക്കൂളിൽ വച്ച് നടത്തുന്നു.
ഖത്തറിലെ പതിനഞ്ചോളം വരുന്ന വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ലാസ്സുകളെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വരെ ഒന്നാം വിഭാഗത്തിലും, നാലു മുതൽ ആറു വരെ രണ്ടാം വിഭാഗത്തിലും, ഏഴു മുതൽ ഒൻപതു വരെ മൂന്നാം വിഭാഗത്തിലും, പത്തു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ നാലാം വിഭാഗത്തിലുമാണ് മത്സരം നടക്കുന്നത്.
മത്സരത്തിലേക്കുള്ള അപേക്ഷകൾ ഇതിനോടകം തന്നെ എല്ലാ വിദ്യാലയങ്ങളിലും സംഘാടകർ എത്തിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിലേതുപോലെ പൂർണമായി വിദ്യാലയങ്ങൾ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ഓരോവിഭാഗത്തിലും വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതിനോടൊപ്പം തന്നെ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാത്ഥികൾക്കും സംഘടനയുടെ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.
ഏറ്റവും കൂടുതൽ വിജയികൾ ഉണ്ടാകുന്ന വിദ്യാലയത്തിന് എം.എഫ്.ഹുസ്സൈൻ മെമ്മോറിയൽ ട്രോഫിയും, ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന് രാജാരവിവർമ്മ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.
ഇന്ത്യയും ഖത്തറും അടങ്ങുന്ന പത്തിൽ പരം രാജ്യങ്ങളിൽ നിന്നുള്ള ചിത്രകലയിൽ പ്രഗത്ഭരായ കലാകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.
മത്സരം നടന്ന് ഒരാഴ്‌ചക്കകം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും സംഘടനയുടെ പത്താം വാർഷികദിനത്തോടനു ബന്ധിച്ചുള്ള ആഘോഷ പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
മത്സരം നടക്കുന്ന വേദിയിൽ ഖത്തർ അഭ്യന്തരവകുപ്പിന്റെയും ഗതാഗതവകുപ്പിന്റെയും മറ്റും ബോധവത്കരണ പ്രദർശനങ്ങളും, മയക്കുമരുന്നുകളും, ആൾക്കുകൂട്ടത്തിൽ നിന്നും ക്രിമിനലുകളെയും മറ്റും തിരഞ്ഞുപിടിക്കുന്ന ശ്വാനവിഭാഗത്തിന്റെ പ്രകടനങ്ങളും, കുട്ടികൾക്കായി വടംവലി മത്സരങ്ങളും മറ്റും ഉണ്ടായിരിക്കും.
കുട്ടികളോടൊപ്പം രക്ഷാകർത്താക്കൾക്കും ഉപകാരപ്രദമായ രീതിയിലുള്ള ബോധവത്കരണ പരിപാടികളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 44317273 - 55535034 - 55811289 - 77773017 - 66204565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ‘ഉല്‍ക്കമഴ’!.
ദോഹ: വാനനിരീക്ഷകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കി ശനിയാഴ്ച ഖത്തറിന്റെ ആകാശത്ത് ഉല്‍ക്ക വര്‍ഷിക്കുന്നത് കാണാം. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഖത്തറില്‍ ഉല്‍ക്ക വര്‍ഷിക്കുന്നത്.
ഒരേ കേന്ദ്രത്തില്‍നിന്ന് ഒട്ടനവധി ഉല്‍ക്കകള്‍ മിന്നിമറയുന്ന വിസ്മയകാഴ്ചയാണ് ശനിയാഴ്ച രാത്രി നടക്കുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണെങ്കിലും ആകാശത്തുടനീളം ഇവയെ കാണാം.
ഏപ്രില്‍ പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ ഉല്‍ക്കാവര്‍ഷം കാണാമെങ്കിലും ഏറ്റവും ശക്തമായി ഉല്‍ക്ക പതിക്കുന്നത് ഏപ്രില്‍ 22-നാണ്. പുലര്‍ച്ചെയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഉല്‍ക്ക പതിക്കുക.
ടെലസ്‌കോപ്പില്ലാതെ നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാമെങ്കിലും പ്രകാശത്തില്‍നിന്ന് അകലം പാലിക്കണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെയുള്ള സമയത്ത് ഉല്‍ക്കപതിക്കുന്നത് കാണാം.
മണിക്കൂറില്‍ പത്തുമുതല്‍ ഇരുപതുവരെയും ചിലപ്പോള്‍ നൂറുവരെയും ഉല്‍ക്കകള്‍ വേഗത്തില്‍ മിന്നിമറയുന്നത് കാണാം. ഇവ ഭൂമിയിലേക്ക് കുത്തനെയാണ് വീഴുക.
ഭൗമോപരിതലത്തില്‍ എത്തുന്നതിന് മുമ്പേതന്നെ ഇവ വിഭജിക്കപ്പെടും. കണ്ണുചിമ്മുന്ന വേഗത്തിലാണ് ഇവ പതിക്കുന്നത്. ചന്ദ്രന്‍ അര്‍ധാകൃതിയിലായതിനാല്‍ നന്നായി ഉല്‍ക്കകളെ കാണാന്‍ കഴിയും. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും കഴിയും.
Tuesday, April 18, 2017
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ 'NRI HELP DESK' തുടങ്ങും : അദ്ധ്യക്ഷ പ്രേമജ സുധീർ
ദോഹ : ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി പ്രേമജ സുധീറിന് ഖത്തർ വെളിയങ്കോട് മഹല്ല് റിലീഫ് കമ്മറ്റി സ്വീകരണം നല്‍കി.
QVMRC മെമ്പർമാരുടെ നിവേദന പ്രകാരം വെളിയങ്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരു 'NRI HELP DESK' തുടങ്ങാം എന്ന് പ്രസിരണ്ട് യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
'പ്രവാസി ക്ഷേമനിധികള്‍ നാം അറിയേണ്ടത്' എന്ന വിഷയത്തില്‍ അബ്ദുല്‍ റൌഫ് കൊണ്ടോട്ടി ക്ലാസ് എടുത്തു. റസല്‍ റസാക്ക് സ്വാഗതവും കാളിയത്ത് മുസ്തഫ അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ നസീബ് വെളിയങ്കോട് നന്ദി പറഞ്ഞു.
Thursday, March 23, 2017
ഗിഫ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദോഹ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ക്കുള്ള ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗള്‍ഫ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാദിഖ് കാവില്‍ (ഔട്ട് പാസ്) പി.പി ശശീന്ദ്രന്‍ (ഈന്തപ്പനച്ചോട്ടില്‍) കെ.എം അബ്ബാസ് (ദേര, കഥകള്‍) രമേശ് അരൂര്‍ (പരേതന്‍ താമസിക്കുന്ന വീട്) എം. അഷ്‌റഫ് (മല്‍ബു കഥകള്‍) ടി. സാലിം (ലോങ്പാസ്) എന്നിവരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അലിയും ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശിയായ സാദിഖ് കാവില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി മനോരമ ഓണ്‍ലൈന്‍ പത്രം ഗള്‍ഫ് റിപ്പോര്‍ട്ടറാണ്. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട് ഔട്ട്പാസ്(നോവല്‍), ജീവിതത്തിന്റെ നല്ലൊരു ഭാഗം (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവല്‍), പ്രിയ സുഹൃത്തിന്(കഥകള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രചിച്ച 'ഖുഷി' ഉടന്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന സാദിഖിന്റെ പുസ്തകമാണ്.
മയ്യഴി പള്ളൂര്‍ സ്വദേശിയായ പി.പി ശശീന്ദ്രന്‍ ദുബൈയിലെ മാതൃഭൂമി ഗള്‍ഫ് എഡിഷന്റെ പ്രത്യേക പ്രതിനിധിയും ബ്യുറോ ചീഫുമാണ്. ജര്‍മന്‍ നോട്‌സ്, കോലത്തുനാട്ടിലൂടെ എന്നിവയാണ് പ്രധാന കൃതികള്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായും കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച് ശശീന്ദ്രന്‍ ആറു തവണ കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. സുഷയാണ് ഭാര്യ, തുഷാര, നന്ദ് കിഷോര്‍ എന്നിവര്‍ മക്കളാണ്.
കാസര്‍ഗോഡ് സ്വദേശിയായ കെ.എം. അബ്ബാസ് ഗള്‍ഫ് സിറാജിന്റെ എഡിറ്റര്‍ ഇന്‍ചാര്‍ജ്ജാണ്. ദേര, പലായനം (നോവല്‍) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാല്‍, സങ്കടബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ (കഥാ സമാഹാരങ്ങള്‍) സദ്ദാം ഹുസൈന്റെ അന്ത്യ നാളുകള്‍, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓര്‍മയ്ക്ക്, ചരിത്ര വിഭ്രാന്തികള്‍ (ലേഖന സമാഹാരങ്ങള്‍) എന്നിവ അബ്ബാസിന്റെ പ്രധാന കൃതികളാണ്.
ആലപ്പുഴ ജില്ലയിലെ അരൂര്‍ പനക്കത്രച്ചിറയില്‍ സ്വദേശിയായ രമേശ് അരൂര്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്. സാഹിത്യം, സിനിമ, ഗാനരചന എന്നീ മേഖലകളിലും അഭിരുചിയുള്ള രമേശ് വിവിധ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമായി നിരവധി രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമടക്കം രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. രശ്മിയാണ് ഭാര്യ, നീരജ് ഏക മകനാണ്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ എം. അഷ്റഫ് 18 വര്‍ഷമായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തില്‍ പത്രാധിപ സമിതി അംഗമാണ്. കാസര്‍കോട് ഗവ. കോളേജില്‍നിന്ന് പി.ജി ബിരുദത്തിനുശേഷം മാധ്യമം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി തുടക്കം. മല്‍ബു കേന്ദ്ര കഥാപാത്രമാക്കി പ്രവാസികളുടെ അനുഭവങ്ങള്‍ കഥകളാക്കി അവതരിപ്പിക്കുന്നതാണ് മല്‍ബു കഥകള്‍. വി. മുംതാസാണ് ഭാര്യ അമീന്‍ അഷ്റഫ്, അജ്മല്‍ അഷ്റഫ്, അഫ്ര ഫാത്തിമ എന്നിവര്‍ മക്കളാണ്.
കണ്ണൂര്‍ സ്വദേശിയായ ടി. സാലിം മലയാളം ന്യൂസിലെ സ്‌പോര്‍ട്‌സ് എഡിറ്ററാണ്. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുളള പ്രധാന കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാലിം. 1999 ല്‍ മാധ്യമം ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. മാധ്യമത്തിന്റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഡെസ്‌കുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ഷമീനയാണ് ഭാര്യ, നവീദ് ഉമര്‍, നിദാല്‍ സൈന്‍, നൈല മറിയം, നസീല്‍ റഹ്മാന്‍ എന്നിവര്‍ മക്കളാണ്.
പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മുന്‍ മേധാവി പ്രൊഫസര്‍ അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അസ്ഗര്‍ അലി പി.എസ്.എം.ഒ കോളേജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 2017 മെയ് മാസം ദോഹയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
തൃശൂര്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.
ദോഹ: തൃശൂര്‍ വലപ്പാട് സ്വദേശി പുതിയ വീട്ടില്‍ സുലൈമാന്‍ (46) വുഖൈറില്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വന്തമായി നിര്‍മാണ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന്റെ വുകൈറിലെ ജോലി സൈറ്റിൽ കാറ്റിലിരിക്കവേ ഇന്നലെ ഉച്ചയോടെ ട്രക്ക് വന്നിടിക്കുകയായിരുന്നു.
റമളാനിൽ ദോഹയിലെ പ്രസിദ്ധ ഖാരി ആയ ശൈഖ് അബ്ദുറശീദ് സ്വൂഫിയുടെ സബ്ജി മസ്ജിദിൽ സ്ഥിര സാന്നിധ്യവും, നോമ്പ് തുറപ്പിക്കാനും മറ്റ് സേവനങ്ങൾക്കും ഓടിനടന്ന് കർമ്മനിരതനായിരുന്ന നല്ലൊരു വിശ്വാസിയായ ഈ എഞ്ചിനിയറെ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാനിടയില്ല.
പരേതനായ അബ്ദുര്‍റഹ്മാന്റെയും ഖദീജയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ജാസ്മിനും മക്കളായ സഫ്‌വാൻ, സിനാന്‍, സുഫ്‌യാന്‍ എന്നിവർക്കൊപ്പം അബൂ ഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
Thursday, March 16, 2017
വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ മലയാളിക്ക് ആറ് ലക്ഷം ഖത്തരി റിയാല്‍ നഷ്ടപരിഹാരം.
ദോഹ: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം ഖത്തരി റിയാല്‍ ( ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുളളത്തില്‍ അബ്ദുല്ലക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.
ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മെയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്നു അബ്ദുല്ല.
Tuesday, February 21, 2017
ശമ്പളം വൈകിയാൽ പുതിയ ജോലി നോക്കാം
ദോഹ : ഖത്തറില്‍ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളിലേക്ക് മാറാം. ഈ തീരുമാനം ഉടനെ നടപ്പിൽ വരുമെന്നും അധികൃതര്‍ പറഞ്ഞു.
നിശ്ചിത തീയതിക്കുള്ളില്‍ കമ്പനി ശമ്പളം നല്‍കാതിരുന്നാല്‍ പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് ഭരണനിര്വഹണ തൊഴില്‍ വികസന മന്ത്രാലയം വ്യക്തമാക്കിയത് .
ഇതിനായി നിയമം ലംഘിച്ച കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വേതന സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ നടപടി തൊഴില്‍ രംഗത്ത് ചൂഷണം തടയാന് സഹായകമാകുമെന്നാണ് പ്രതീക്ഷ.
മന്ത്രിസഭാ തലത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിശ്ചിത തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം നല്‍കാതിരുന്നാലാണ് ജോലി മാറ്റത്തിന് അനുമതി ലഭിക്കുക.
Thursday, February 2, 2017
എക്സിറ്റ് പെര്‍മിറ്റ് സൗജന്യമാക്കി
ദോഹ: എക്സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും സൗജന്യമാക്കി. ഇപ്പോള്‍ 10, 20, 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതും ഒരു വര്‍ഷത്തേക്ക് താല്‍പ്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയിലും സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. പെര്‍മിറ്റുകള്‍ എല്ലാം തന്നെ സമയപരിധിക്കുള്ളില്‍ ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയും.
മുൻപ് വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിലുള്ളവര്‍ രാജ്യം വിടുന്ന ഓരോ തവണയും കമ്പനി വിസയുള്ളവരും ഒറ്റത്തവണ ഉപയോഗിക്കാവുന്നതും ഏഴു ദിവസം മാത്രം കാലാവധിയുള്ളതുമായ എക്സിറ്റ് പെര്‍മിറ്റിനും 10 റിയാല്‍ അടക്കണമായിരുന്നു.
പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷമുള്ള നടപടി ക്രമങ്ങളിലെ മാറ്റമാണ് എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങളിലൂടെയും നടപ്പായിട്ടുള്ളത്. ഈ സംവിധാനം യാഥാര്‍ഥ്യമായതോടെ പ്രവാസികള്‍ മുന്‍കൂട്ടി എക്സിറ്റ് പെര്‍മിറ്റുകള്‍ എടുത്തുവെക്കാനും തുടങ്ങിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ഖത്തരി കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നുള്ള എക്സിറ്റ് പെര്‍മിറ്റും സൗജന്യമാണ്. പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നശേഷം എക്സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു മാസത്തിനിടെ ലഭിച്ച 498 പരാതികളില്‍ 70 ശതമാനവും പരിഹരിച്ചതായി കമ്മിറ്റി അറിയിച്ചിരുന്നു.
പ്രവാസികള്‍ രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് നടപ്പാകുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനാല്‍ ഇനി പ്രിന്‍റൗട്ടും നല്‍കുന്നതായിരിക്കില്ല.
എക്സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ലെന്നും സൗജന്യമായാണ് അനുവദിക്കുക എന്നും അറിയിപ്പില്‍ പറയുന്നു. മെട്രാഷ് രണ്ടു വഴിയോ മന്ത്രാലയത്തിന്റെയോ ഹുകൂമിയുടെയോ വെബ്സൈറ്റുകള്‍ വഴിയോ എക്സിറ്റ് പെര്‍മിറ്റിന്‍െറ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
Thursday, January 19, 2017
അഡ്മിഷനായി നെട്ടോട്ടമോടുന്ന പ്രവാസി രക്ഷകര്‍ത്താക്കള്‍
ദോഹ : അടുത്ത അധ്യയന വര്‍ഷത്തിലേക്കായി കുട്ടികളുടെ സ്ക്കൂൾ പ്രവേശത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ് പ്രവാസി രക്ഷകര്‍ത്താക്കള്‍.
ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള രണ്ട് ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വരും വര്‍ഷത്തില്‍ കിന്‍റര്‍ഗാര്‍ട്ടൻ (കെ.ജി) പ്രവേശനത്തിന് അനുമതി നിഷേധിച്ചതാണ് രക്ഷകര്‍ത്താക്കളെ വെട്ടിലാക്കിയത്.
എം.ഇ.എസ്, ഐഡിയല്‍ ഇന്ത്യന്‍ സ്കൂളുകള്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കിന്‍റര്‍ഗാര്‍ട്ടന്‍ പ്രവേശനം നടത്താനുള്ള അനുമതിയാണ് നിഷേധിച്ചത്.
5,000 കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുള്ള എം.ഇ.എസ് സ്ക്കൂളിന് ഇപ്പോള്‍ 8000 കുട്ടികളാണുള്ളത്. ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ആറായിരത്തോളം വിദ്യാര്‍ഥികളാണുള്ളത്. 2,800 കുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണുള്ളത്.
മറ്റൊരു ഇന്ത്യന്‍ സ്കൂളായ ഡി.പി.എസ് മോഡേണ്‍ വരും വര്‍ഷത്തേക്കുള്ള പ്രവേശനാനുമതി കാത്തിരിക്കുകയാണ്. ഇവിടെയും വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതല്‍ ഉണ്ട്. അതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അനുമതി ലഭിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ലെന്ന് ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ അധികൃതർ പുതിയ കുട്ടികള്‍ക്ക് പ്രവേശം നടത്താനുള്ള അനുമതിക്കായി മന്ത്രാലയത്തോട് അഭ്യര്‍ഥന നടത്തി കാത്തിരിക്കുകയാണ്.
Tuesday, January 17, 2017
എം.എം.അക്ബര്‍ ഇവിടെയുണ്ട് ഖത്തറിൽ
ദോഹ : ജനുവരിയിൽ അറസ്റ്റ് ഉണ്ടാകും എന്നു മുൻകൂട്ടി അറിഞ്ഞു ഡിസംബർ ആദ്യത്തിൽ വിദേശത്തേയ്ക്ക് ആരുമറിയാതെ എം.എം.അക്ബർ മുങ്ങി എന്ന പത്രവാർത്തകളോട് അദ്ദേഹം പ്രതികരിക്കുന്നു.
"പോലീസിനെ പേടിച്ച് ഞാന്‍ മുങ്ങിനടക്കുകയാണെന്ന് മാധ്യമവാര്‍ത്തകളിലൂടെയാണ് ഞാന്‍ അറിഞ്ഞത്! ഞാന്‍ എന്തിന് മുങ്ങിനടക്കണം? ഇസ്‌ലാമിക പ്രബോധനമെന്ന 'കുറ്റകൃത്യ'മല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.
സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താല്‍പര്യവുമുള്ള അടുത്ത തലമുറയെ വാര്‍ത്തെടുക്കുവാനായി കുറച്ച് സ്‌കൂളുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുകയും അവ നടത്തുവാന്‍ മുന്നില്‍ നടക്കുകയും ചെയ്തുവെന്നതാണ് പിന്നെ ഞാന്‍ ചെയ്ത 'പാതകം'! ഫാഷിസത്തിന്റെ നാവുകളായി മാധ്യമങ്ങള്‍ മാറുന്ന ലോകത്ത് ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തതെല്ലാം തിന്മകളായിത്തീരുമെന്ന് നിരീക്ഷിച്ച വില്‍ഹം റീഹിനെ ഓര്‍മവരുന്നു.
സ്വയം നിര്‍മിച്ച അളവുകോലുകളാല്‍ നന്മ-തിന്മകളെ വ്യവഛേദിക്കുന്ന നിയമപാലനവും മാധ്യമപ്രവര്‍ത്തനവും കൈകോര്‍ക്കുന്ന ആസുരകാലത്ത് ഏത് ആടിനെയും ആദ്യം പട്ടിയായും പിന്നെ പേപട്ടിയായും മാറ്റി തല്ലിക്കൊല്ലുവാന്‍ എളുപ്പമായിരിക്കാം.
പക്ഷെ, മണ്ണിലും വിണ്ണിലുമെല്ലാം പുലരുക സര്‍വശക്തന്റെ നീതിയാണെന്ന് വിശ്വസിക്കുന്നവരെ ഭയപ്പെടുത്തുവാന്‍, ഈ കുതന്ത്രങ്ങള്‍ക്കൊന്നും കഴിയുകയില്ല. പ്രവാചകന്മാരുടെയും അനുചരന്മാരുടെയും ചരിത്രങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത് ആ പാഠമാണല്ലോ?
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി എന്റെ പ്രധാനപ്പെട്ട സേവനമേഖല ഖത്തറാണ്. ഞാന്‍ ഒരു എന്‍.ആര്‍.ഐ ആണെന്നര്‍ഥം. കാസര്‍ക്കോടില്‍ നിന്ന് കാണാതായ ഇരുപത്തിയൊന്നുപേരില്‍ നാലുപേര്‍ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് കണ്ടെത്തുകയും അതെ കുറിച്ച അന്വേഷണമാരംഭിക്കുകയും ചെയ്തപ്പോള്‍ പോലീസ് ചോദ്യംചെയ്യലുകള്‍ക്ക് മറുപടിപറയാന്‍ ഖത്തറില്‍ നിന്നാണ് ഞാന്‍ കേരളത്തിലെത്തിയത്.
കാസര്‍ക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതല്‍ എന്‍.ഐ.എ വരെയുള്ള അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരും എന്നെ മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലുകളില്‍ നിന്ന് അവര്‍ക്കൊന്നുംതന്നെ എന്നില്‍ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവര്‍ തിരിയുകയോ ചെയ്തിട്ടില്ല.
പീസ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഒരു ഇസ്‌ലാമിക പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണമുണ്ടായപ്പോള്‍ അതെകുറിച്ച് വിശദീകരിക്കാനായി എറണാംകുളം പ്രസ്‌ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കാനായും ഞാന്‍ പോയത് ഖത്തറില്‍ നിന്നായിരുന്നു.
മണിക്കൂറുകള്‍ നീണ്ടുനിന്ന മാധ്യമവിചാരണക്ക് ഞാന്‍ അന്ന് വിധേയനായി. എന്നിലൊരു ഭീകരവാദിയുണ്ടെന്ന് അന്ന് മാധ്യമങ്ങള്‍ക്കൊന്നും തോന്നിയിട്ടില്ല. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം ഭീകരതയാണെന്ന് വരുത്തണമെന്ന് ലക്ഷ്യത്തോടുകൂടിയുള്ള ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടിന്റെ നീക്കങ്ങളാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതിന്റെ ഒടുവിലത്തെ നീക്കമാണ് ഞാന്‍ മുങ്ങിയെന്ന വാര്‍ത്ത. 'പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് റെയ്ഡ്; എം.ഡി വിദേശത്തേക്ക് കടന്നു' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്! പീസ് ഫൗണ്ടേഷന്റെ ആസ്ഥാനം കോഴിക്കോടാണ്. അവിടെ അങ്ങനെയൊരു റെയ്ഡ് ഇതേവരെ നടന്നിട്ടില്ല.
എറണാംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ ഒപ്പിട്ടു തന്ന അപേക്ഷ പ്രകാരം പീസ് ഫൗണ്ടേഷന്‍ ജീവനക്കാര്‍ പീസ് ട്രസ്റ്റ് ഡീഡ്, 'Peace' ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എറണാകുളം ട്രസ്റ്റുമായിയുള്ള MoU എന്നീ രേഖകളുടെ പകര്‍പ്പ് നല്‍കിയിരുന്നുവെന്നല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അവര്‍ എന്നെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ ഖത്തറിലാണെന്ന വിവരവും നല്‍കിയിരുന്നു. ഇതെങ്ങനെയാണ് റെയ്ഡും വിദേശത്തേക്കുള്ള കടക്കലുമാവുക!
ഇസ്‌ലാമിക പ്രബോധനത്തെ കുറ്റകൃത്യമായും മുസ്‌ലിം സ്ഥാപനങ്ങളെ ഭീകരതാഉല്‍പാദന കേന്ദ്രങ്ങളായും അവതരിപ്പിച്ച് ഇസ്‌ലാം ഭീതിയുണ്ടാക്കുകയും അതിന്റെ മറവില്‍ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിന് വളരാന്‍ മണ്ണൊരുക്കുകയും ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമാവുകയാണിവിടെ...."അദ്ദേഹം പറഞ്ഞു നിറുത്തി.
Tuesday, December 27, 2016
ഖത്തറിൽ 60 കഴിഞ്ഞവർക്ക് ഇനി വിസയില്ല
ദോഹ : 60 വയസ്സുളള പ്രവാസികള്‍ക്ക് ഇനി വിസ പുതുക്കി നല്‍കില്ല.അടുത്തിടെ നടപ്പിൽ വന്ന പുതിയ പ്രവാസി നിയമത്തിന്‍െറ ഭാഗമായിയാണ് ഈ തീരുമാനം. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം സ്വീകരിക്കും.
ഈ നിയമം നടപ്പിലാകുന്നതോടെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി നിജപ്പെടും.
2009ലെ എട്ടാം നമ്പര്‍ മനുഷ്യവിഭവശേഷി വികസന നിയമപ്രകാരം ഖത്തര്‍ പൊതുമേഖലയില്‍ ഒട്ടുമിക്ക ജോലികള്‍ക്കും 60 വയസാണ് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അറുപത് വയസ്സ് കഴിഞ്ഞ വിദേശിയരായ ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ വിസ പുതുക്കി നല്‍കിയിരുന്നു.
ഈ ആനുകൂല്യത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളാണ് 60വയസ് കഴിഞ്ഞശേഷവും ഖത്തറിന്റെ തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നത്.
അതേ സമയം പാര്‍ട്ട്ണര്‍ഷിപ്പില്‍ രാജ്യത്ത് വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദേശികള്‍ക്ക് 60 വയസ്സിന്‍െറ കാര്യത്തില്‍ ഇളവുണ്ടാകുമെന്നും അറിയുന്നു.
തൊഴില്‍മേഖലയില്‍ ദീര്‍ഘകാല പരിചയമുള്ളവരെ 60വയസ്സായി എന്ന ഒറ്റക്കാരണത്താല്‍ പിരിച്ചുവിടുന്നതിന് പല സ്ഥാപനങ്ങളും വിമുഖത കാട്ടാറുണ്ട്.
വര്‍ഷങ്ങളായി ഏറെ പരിചയ സമ്പത്തുള്ള വിദേശ തൊഴിലാളികളെ പെട്ടെന്ന് തൊഴിലിടങ്ങളില്‍ നിന്ന് മാറ്റിയാല്‍ തൊഴില്‍ മേഖലയിക്കും അതോടൊപ്പം രാജ്യത്തിന്റെ സമ്പദ് ഘടനയെയും അത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
നിര്‍ബന്ധിത വിരമിക്കല്‍ പ്രായം കൃത്യമായി നടപ്പാക്കിയാല്‍ 60 വയസ്സ് പൂര്‍ത്തിയായ പ്രവാസി ജീവനക്കാര്‍ക്ക് തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകേണ്ടിവരും.
60 വയസ്സുളള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഷ്ട്രപുനര്‍നിര്‍മാണത്തിലും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്വദേശികള്‍ക്ക് അവസരങ്ങള്‍ ലഭിക്കാനുമാണ് മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത് എന്ന് അറിയുന്നു.
Tuesday, December 13, 2016
ഖത്തറിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു!.
ദോഹ : ഖത്തറിലെ ഇരുത്തിയൊന്നു ലക്ഷം വിദേശ തൊഴിലാളികളെ ബാധിക്കുന്ന നിർണായക നിയമമാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.
സ്‌പോൺസർഷിപ് (ഖഫാല) നിയമം റദ്ദാക്കി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ പോക്കുവരവും കുടിയേറ്റവും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതാണ് പുതിയ ഭേദഗതികൾ.
പുതിയ തൊഴിൽ കരാറിൽ നിശ്ചിത കാലാവധി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അഞ്ചു വർഷത്തിന് ശേഷം ഉടൻ തന്നെ തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിയും വിസയും മാറാൻ സാധിക്കും.
രണ്ടുവർഷത്തെ വിലക്ക് ഇവർക്ക് ബാധകമാവില്ല. രണ്ടു വർഷമായിരിക്കും ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാനുള്ള കരാറിലെ കുറഞ്ഞ കാലാവധി.എന്നാൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ജോലി മാറാനുള്ള താൽപര്യം തൊഴിലാളി രേഖാമൂലം തൊഴിലുടമയെ അറിയിക്കുകയാണെങ്കിൽ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ വിലക്കില്ലാതെ ജോലി മാറാൻ കഴിയും.
എക്സിറ്റ് പെർമിറ്റിന്റെ കാര്യത്തിൽ നേരത്തെ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി തൊഴിലുടമയിൽ നിന്ന് തന്നെയാണ് അനുവാദം വാങ്ങേണ്ടത്. എന്നാൽ തൊഴിലുടമ എക്സിറ്റ് പെർമിറ്റ് നിഷേധിക്കുകയാണെങ്കിൽ പരാതി കേൾക്കാനും മൂന്നു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാനും തൊഴിൽ ആഭ്യന്തര മന്ത്രാലയം പ്രതിനിധികളും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധിയും ഉൾപെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ തൊഴിൽ റദ്ധാക്കി നാട്ടിലേക്ക് മടങ്ങിയവർക്ക് രണ്ടു വർഷം പൂർത്തിയാകുന്നതിനു മുമ്പ് രാജ്യത്തു പ്രവേശിക്കാൻ കഴിയുമോ എന്ന വിഷയത്തിൽ ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
അതോടോപ്പം വർഷങ്ങളായി ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പുതിയ കരാറിൽ ഒപ്പു വെക്കാതെ മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ കഴിയുമോ എന്ന കാര്യത്തിലും ഇനിയും വ്യക്തത വരേണ്ടതുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന് കൂടുതല്‍ ഫലപ്രദമായി മേഖലയില്‍ ഇടപെടാനും തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കഴിയും. വിസ വില്‍ക്കല്‍ പരിപാടികളും വിസ നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തട്ടിപ്പുകളും ഇല്ലാതാക്കാനാകും.
പുതിയ നിയമത്തിലെ കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം : -
1 . വിദഗ്ധ തൊഴിലാളികളുടെ ഖത്തറിലെ പ്രവേശനവും താമസവുമെല്ലാം പൂര്‍ണ്ണമായും കരാര്‍ അടിസ്ഥാനത്തില്‍.
2 . പുതിയ വര്‍ക്ക് വിസയ്ക്കുള്ള 2 വര്‍ഷ വിലക്ക് ഇല്ലാതാകും.
3 . പുതിയൊരു കമ്പനിയില്‍ ജോലിക്ക് കയറുന്നതിന് പഴയ കമ്പനി അധികൃതരുടെ അനുമതി വേണ്ട.
4 . പുതിയ കരാര്‍ ലഭിച്ച ഒരാള്‍ക്ക് പിറ്റേന്ന് തന്നെ ഖത്തറിലേക്ക് മടങ്ങിയെത്താം.
5 . എക്സിറ്റ് പെർമിറ്റിനായി തൊഴിലുടമയിൽ നിന്ന് അനുവാദം വാങ്ങണം. 6 . തൊഴിലുടമ എക്സിറ്റ് പെർമിറ്റ് നിഷേധിക്കുകയാണെങ്കിൽ അതിനായി രൂപീകരിച്ചിട്ടുള്ള സമിതിയും പരാതിപ്പെടാം.
7 . ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളുടെ കരാര്‍ പുതിയ നിയമത്തിന് അനുസരിച്ച് മാറ്റും.
8 . തൊഴിലാളി ഒപ്പിട്ട ദിനം മുതലാകും കരാര്‍ കാലാവധി ആരംഭിക്കുക.
9 . തൊഴില്‍ കരാറിന് തൊഴില്‍ - സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം.
10 . ക്ലോസ്ഡ് കരാറുകളുടെ പരിധി അഞ്ച് വര്‍ഷത്തില്‍ കൂടുതലുണ്ടാകില്ല.
11 . ഓപ്പണ്‍ - എന്‍ഡഡ് കരാര്‍ ആണെങ്കില്‍ ആദ്യ തൊഴില്‍ ദാതാവിനൊപ്പം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് മാറാന്‍ തൊഴിലാളിക്ക് കഴിയും.
12 . സ്ഥിര ജോലി കരാറില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ കരാര്‍ അവസാനിച്ച ശേഷം എന്‍ഒസി ഇല്ലാതെ തന്നെ പുതിയ ജോലിക്ക് കരാറില്‍ ഒപ്പിടാം. പക്ഷേ ആഭ്യന്തര, തൊഴില്‍- സാമൂഹ്യക്ഷേമ മന്ത്രാലയങ്ങളുടെ അനുമതി ലഭിക്കണം.
13 . സ്‌പോണ്‍സര്‍ മരണമടയുകയോ ജോലി ചെയ്തു വന്നിരുന്ന കമ്പനി യാതൊരു കാരണവുമില്ലാതെ അടുച്ചുപൂട്ടുകയോ ചെയ്താല്‍ ഈ രണ്ട് മന്ത്രാലയങ്ങളുടെയും അനുമതി ലഭിച്ചാല്‍ വിദഗ്ധ തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ കഴിയും.
14 . ഔദ്യോഗിക അനുമതി ലഭിക്കാതെ തങ്ങളുടെ കീഴില്‍ ജോലി ചെയ്തു വന്നിരുന്ന തൊഴിലാളികളെ മറ്റൊരു തൊഴില്‍ ദാതാവിന് കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന തൊഴില്‍ ദാതാക്കളെ പിടികൂടിയാല്‍ 50000 ഖത്തര്‍ റിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും.
15 . വിദഗ്ധ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാല്‍ 10000 റിയാല്‍ മുതല്‍ 25000 റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരും.
തൊഴില്‍ മേഖലയില്‍ നിലവിലുള്ള പല അവ്യക്തതകളും പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാകും
Saturday, December 3, 2016
അനധികൃത താമസക്കാര്‍ക്കെതിരെ തിരച്ചിൽ ശക്തമാക്കി
ദോഹ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിൽ അനധികൃത താമസക്കാര്‍ക്കെതിരെ സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് തിരച്ചിൽ ശക്തമാക്കി.
സാധാരണനിലയില്‍ വിസ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുശേഷവും രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടത്തെിയാല്‍ അറസ്റ്റ് ചെയ്യുകയും 50,000 ഖത്തര്‍ റിയാല്‍ പിഴയും മൂന്നുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കാണുകയും ചെയ്യുകയാണ് ഖത്തറിലെ നിയമം. എന്നാല്‍, ഈ ശിക്ഷ ഒഴിവാക്കിയാണ് പൊതുമാപ്പുകാലം അനുവദിച്ചത്.
ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങള്‍ക്ക് നല്‍കിയത്.
കൈവശാവകാശ രേഖകള്‍ ഇല്ലാത്ത പതിനായിരത്തോളം പേര്‍ ഇതുവരെ പൊതുമാപ്പ് ആനുകൂല്യം നേടിയതായാണ് വിവരം. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ രണ്ടായിരത്തോളം വരും. ദീര്‍ഘകാലമായി ജന്മനാട് കാണാതെ കഴിഞ്ഞ മലയാളികള്‍ അടക്കമുള്ളവര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി.
നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം അപേക്ഷകര്‍ ആനുകൂല്യപ്രകാരം സ്വന്തം നാടണഞ്ഞിട്ടുണ്ട്. വിമാനക്കൂലിക്ക് പണമില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള നടപടിക്രമങ്ങള്‍ പോലും ഗവണ്‍മെന്‍റ് ഇടപെട്ട് നല്‍കുകയുണ്ടായി.
പാസ്പോര്‍ട്ട് അല്ളെങ്കില്‍ എംബസി നല്‍കുന്ന ഒൗട്ട്പാസ്, ഓപണ്‍ എയര്‍ ടിക്കറ്റ്, അല്ളെങ്കില്‍ അപേക്ഷിച്ച തീയതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസത്തേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റ്, ഐഡി കാര്‍ഡ് അല്ളെങ്കില്‍ വിസ കോപ്പി എന്നിവ കൈയിലുള്ളവരും കേസില്‍പെടാത്തവരുമായ പ്രവാസികളുടെ അപേക്ഷകളാണ് പരിഗണിച്ചത്.
ഏകദേശം 12 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഡിസംബര്‍ 14 മുതല്‍ നടപ്പാക്കുന്ന പുതിയ വിസാ നിയമത്തിന്‍െറ മുന്നൊരുക്കമായാണ് ആഭ്യന്തരമന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.
സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ തൊഴിലെടുകുന്നവര്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറ് മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്ന് കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമം അനുസരിച്ച് ഇഖാമ അനുവദിച്ച തൊഴിലുകടമയുടെ കീഴിലല്ലാതെ തൊഴിലെടുത്താല്‍ തൊഴിലിനുവെച്ച കമ്പനിയും പുറത്ത് പോകാന്‍ അനുവദിച്ച കമ്പനിയും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതു മാപ്പ് അവസരം ഉപയോഗപ്പെടുത്തി രേഖകള്‍ ശരിപ്പെടുത്താന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നിരവധി തവണ ഇക്കാലയളവില്‍ അധികൃതര്‍ നല്‍കിയിരുന്നു.
85 ശതമാനം അനധികൃത താമസക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്. ബാക്കി വരുന്ന പതിനഞ്ച് ശതമാനത്തെ പിടികൂടാന്‍ പ്രയാസമുണ്ടാകില്ലയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ രണ്ടുമുതല്‍ കൈവശരേഖകള്‍ ഇല്ലാത്ത വിദേശികളെ കണ്ടത്തൊന്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചു. ഇനി അനധികൃത താമസക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് മേധാവി വ്യക്തമാക്കി.
മാത്രമല്ല പിടികൂടുന്നവരെ രാജ്യത്തെ ശിക്ഷാ നിയമം അനുസരിച്ച് കോടതിയില്‍ ഹാജറാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പും സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗം നല്‍കിയിട്ടുണ്ട്. വിവിധ മാര്‍ക്കറ്റുകളിലും ആളുകള്‍ തിങ്ങി കൂടുന്ന സ്ഥലങ്ങളിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Tuesday, November 15, 2016
ഖത്തര്‍ കേരളീയം നവംമ്പര്‍ 18 നു സമാപിക്കും.
ദോഹ : ഫ്രൻസ് കൾച്ചറൽ സെന്റർ (എഫ്.സി.സി.) സംഘടിപ്പിക്കുന്ന ഖത്തര്‍ കേരളീയം സാംസ്‌കാരികോത്സവത്തിന്റെ സാമപന പരിപാടി നവംമ്പര്‍ 18 വെളളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കും.
വക്‌റ ബര്‍വ വില്ലേജിലെ ശാന്തിനകേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് സാമപന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ഇ.എന്‍, കേരള സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍, ഖത്തറിലെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കാലാ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഫ്രന്റസ് കള്‍ച്ചറല്‍ സെന്ററിനുളള അക്ഷയ പുരസ്‌കാരം പായിപ്ര രാധാകൃഷ്ണന്‍ ചടങ്ങില്‍ സമര്‍പ്പിക്കും.
ഖത്തര്‍ കേരളീയത്തിന്റെ ഭാഗമായി നടക്കുന്ന സ്‌കൂള്‍ കലോല്‍സവം, ഫേട്ടോാഗ്രാഫി, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വേനലവധികാല അനുഭവകുറിപ്പ് മത്‌സരമായ മലയാള മഴ, കാഴ്ച്ച ഫോട്ടോഗ്രാഫി മല്‍സരം എന്നിവയിലെ വിജയികള്‍ക്കുളള സമ്മാനദാനവും സമാപന സമ്മേളനത്തില്‍ നടക്കും.
ഒപ്പന, കോല്‍ക്കളി, വില്‍പ്പാട്ട്, ഓട്ടം തുളളല്‍ എന്നിവ കോര്‍ത്തിണക്കി എഫ്.സി.സി കാലകരാന്‍മാര്‍ ഒരുക്കുന്ന ഹാസ്യ വിമര്‍ശനം, ഫിറോസ് മൂപ്പന്‍, നൗഫല്‍ ശംസ് എന്നിവര്‍ രചനയും സംവിധാനവും കൃഷ്ണനുണ്ണി സഹസംവിധാനവും നിര്‍വഹിച്ച '' കൂടൊഴിഞ്ഞ് ആകാശങ്ങളിലേക്ക്'' ദൃശ്യാവിഷ്‌ക്കാരം തുടങ്ങിയ പരിപാടികളും അരങ്ങേറും.
ഖത്തര്‍ കേരളീയം സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി എഫ്.സി.സി ചര്‍ച്ചാവേദി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പണിപുര നവംമ്പര്‍ 17, 18 തിയ്യതികളില്‍ നടക്കും.
കെ.ഇ.എന്‍ നേതൃത്വം നല്‍കുന്ന സാംസ്‌കാരിക പണിപുര നവംമ്പര്‍ 17 ന് വൈകുരേം 6.30 മുതല്‍ എഫ്.സി.സി ഹാളില്‍ തുടക്കം കുറിക്കും.
പണിപുരയില്‍ സാംസ്‌കാരിക ദേശീയത-സത്യവും മിഥ്യയും, പ്രവാസി മൂലധനവും കേരളീയ സാംസ്‌കാരിക പൊതു മണ്ഡലവും, പ്രവാസി സമൂഹം-വായന എഴുത്ത്, ഫാസിസ കാലത്തെ ബഹുസ്വര ഇടങ്ങള്‍, തുടങ്ങിയ സമകാലിക വിഷയങ്ങളെക്കുറിച്ച് പ്രബന്ധാവതരണവും സംവാദങ്ങൾ ഉണ്ടായിരിക്കും.
മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്തവര്‍ക്കായിരിക്കും സാംസ്‌കാരിക പണിപുരയിലേക്കുളള പ്രവേശനം.
Thursday, October 27, 2016
ഗുജറാത്ത് കലാപത്തിലെ മോദിയുടേയും അമിത്ഷായുടേയും പങ്ക് പുനരന്വേഷിക്കണം:റാണാ അയ്യൂബ്.
ദോഹ : ഗുജറാത്ത് കലാപത്തിൽ ഞങ്ങള്‍ പ്രതികളല്ലെന്ന അമിത്ഷായുടേയും മോദിയുടേയും പ്രചാരണം വെറും പൊള്ളത്തരമാണെന്ന് ഗുജറാത്തിലെ വംശഹത്യയുടെ യഥാർത്ത മുഖം വെളിപ്പെടുത്തുന്ന പുസ്തകമായ 'ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്' എഴുതിയ പ്രമുഖ ഇന്ത്യന്‍ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് പറഞ്ഞു.അല്‍ജസീറാ ചാനലുമായി സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയമായി സ്വാധീനിച്ച് നേടിയെടുത്ത വിധിയാണ്. യാഥാര്‍ത്ഥ്യം മറിച്ചാണ് ഞങ്ങള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന ന്യായവാദം ഉന്നയിക്കാമെങ്കിലും കേസ് പുനരന്വേഷണം നടത്തിയാല്‍ സത്യം വെളിപ്പെടുമെന്നും റാണാ അയ്യൂബ് പറഞ്ഞു.
ഞാന്‍ ജോലി ചെയ്ത മാഗസിന്‍ പോലും സത്യസന്ധമായി ഗുജറാത്ത് പരമ്പര പ്രസിദ്ധീകരിക്കാന്‍ സന്നദ്ധമാവാത്ത തരത്തില്‍ കോര്‍പ്പറേറ്റ് ലോബിയിംഗ് ഇന്ത്യന്‍ മാധ്യമരംഗത്ത് നടക്കുകയാണ്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പല പ്രസാധകന്മാരേയും പത്രസ്ഥാപനങ്ങളേയും സമീപിച്ചിരുന്നു. ആരും തയ്യാറാവാതെ വന്നപ്പോള്‍ സ്വയം പ്രസിദ്ധീകരിക്കുകയായിരുന്നു.
കലാപത്തിനിരയായ പലരുമായും നേരില്‍ സംസാരിക്കുകയും സാക്ഷികളായവരേയും ഉദ്യോഗസ്ഥരേയും കാണുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പറഞ്ഞ സത്യങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. എന്നെ കോണ്‍ഗ്രസ്സുകാരിയായി ആക്ഷേപിച്ചാല്‍ സത്യം ഇല്ലാതാവില്ലെന്നും താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും ഭാഗമല്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി റാണാ അയ്യൂബ് വ്യക്തമാക്കി.
ഞാൻ ഒരു മുസ്‌ലിം ആണെന്നുള്ള വിഷയമാണ് ഇപ്പോള്‍ അവർ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ദലിതുകളേക്കുറിച്ചും താഴ്ന്ന ജാതിക്കാരേക്കുറിച്ചും സിഖുകാരെക്കുറിച്ചുമെല്ലാം ഞാനെഴുതിയിട്ടുണ്ട്. മറ്റു പല അസമത്വങ്ങള്‍ക്കെതിരെയും പ്രതികരിച്ചിട്ടുണ്ട്.
പക്ഷെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം എന്റെ മുസ്‌ലിം സ്വത്വം പുറത്തുവരികയാണ്. ജിഹാദിയെന്നും പാക്കിസ്ഥാനിയെന്നും വിളിക്കുന്നു. മതേതരത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എനിക്ക് ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളിലാണ് വിശ്വാസം. ഇന്ത്യയിലെ സാധാരണക്കാര്‍ വിഭജനം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.
2010-2011 സമയത്ത് തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എട്ടു മാസത്തോളം ഗുജറാത്തില്‍ ചെലവഴിച്ച് ഒളിക്യാമറയിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളിലെ വിവരങ്ങളാണ് 'ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
Wednesday, October 26, 2016
ഖത്തറിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഖത്തറിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കടവത്ത് പീടികയില്‍ മുഹമ്മദ് അക്രം എന്ന വ്യക്തിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ദോഹയിലെ ആളൊഴിഞ്ഞ വില്ലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
ദോഹയിൽ ഖത്തർ നജ്മ സൂഖ് ഹറാജിന്റെ പുറത്ത് ടൈപ്പിങ്ങ് സെന്റർ നടത്തുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.ഭാര്യ താഹിറക്കും മക്കൾക്കുമൊപ്പം ദോഹയിൽ താമസിച്ചു വരികയായിരുന്നു.
പരേതനായ അബൂബക്കറിന്റെയും കടവത്ത് പീടികയിൽ സഫിയയുടെയും മകനാണ് 44 കാരനായ ഇദ്ദേഹം.
ഖത്തറിൽ ഇത്തരത്തിലുള്ള ക്രൈമുകളൊന്നും നടക്കാറില്ലാത്തതിന്നാൽ, ഈ സംഭവം പ്രവാസ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ ഞെട്ടൽ ഉണ്ടാക്കുകയാണ് .
Monday, October 24, 2016
ആധുനിക ഖത്തറിന്റെ ശിൽപയ്ക്ക് വിട.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനും മുന്‍ അമീറുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി നമ്മിൽ നിന്ന് വിടപറഞ്ഞു.
1972 ഫെബ്രുവരി 22നാണ് ഖത്തര്‍ അമീറായി അദ്ദേഹം സ്ഥാനമേറ്റത്. 1995 ജൂണ്‍ 27ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരം ഏറ്റെടുക്കുന്നത് വരെ 23 വര്‍ഷം രാജ്യത്തിന്‍െറ അമീറായിരുന്നു. ഖത്തറിനെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സുപ്രധാന പങ്കാണ് ശൈഖ് ഖലീഫ വഹിച്ചത്.
1932ല്‍ റയ്യാനിലാണ് അദ്ദേഹത്തിന്‍െറ ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ശൈഖ് ഖലീഫ അധികാര പദവിയിലത്തെുന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി അമീറായി നിശ്ചയിക്കപ്പെട്ടു. 1960 ഒക്ടോബര്‍ 24ന് കിരീടാവകാശിയായി നിശ്ചയിക്കപ്പെട്ടു.
എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന ഖത്തറില്‍ വാതകരംഗത്ത് കുതിച്ച് ചാട്ടം ഉണ്ടായത് ശൈഖ് ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഭരണകാലത്താണ്. ഖത്തറിന്‍െറ പ്രകൃതി വാതകത്തിന്‍െറയും എണ്ണയുടെ വരുമാനത്തിലും കാര്യക്ഷമമായ പുരോഗതി ഉണ്ടാക്കാനും കഴിഞ്ഞത് ഇദ്ദേഹത്തിന്‍െറ ഭരണകാലത്തിന്‍െറ പ്രത്യേകതകളാണ്.
1972ല്‍ അന്നത്തെ അമീറായിരുന്ന അഹ്മദ് ബിന്‍ അലി ആല്‍ഥാനിയില്‍ നിന്ന് അധികാരം ഏറ്റെടുത്ത് അമീറായി നിശ്ചയിക്കപ്പെടുകയായിരുന്നു. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല ആല്‍ഥാനി പിതാവും ശൈഖ ഐഷ ബിന്‍ത് ഖലീഫ അല്‍സുവൈദി മാതാവുമാണ്.
ഭാര്യമാര്‍: ശൈഖ അംന ബിന്‍ത് ഹസന്‍ ബിന്‍ അബ്ദുല്ല ആല്‍ഥാനി, ശൈഖ ആയിഷ ബിന്‍ത് ഹമദ് അല്‍അത്വിയ്യ, ശൈഖ റൗദ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി, ശൈഖ മൗസ ബിന്‍ത് അലി ബിന്‍ സൗദ് ആല്‍ഥാനി.
Monday, October 10, 2016
ഖത്തറിലും സ്വദേശിവൽക്കരണം!.
ഖത്തറില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും വിദേശികള്‍ കൈകാര്യം ചെയ്യുന്ന തസ്തികകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദേശം.
പത്തു വര്‍ഷത്തിനകം 90 ശതമാനം സ്വദേശിവല്‍ക്കരണമാണ് ഖത്തര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായ ഒന്നാം ഘട്ടത്തില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കാണ് നിയമനം നല്‍കുകയുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലുമായാണ് നിയമനം നല്‍കിയത്.
അടുത്ത രണ്ട് പഞ്ചവല്‍സര പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും സര്‍ക്കാര്‍ മേഖലയിലെ വിദേശികളുടെ എണ്ണം പത്തു ശതമാനം മാത്രമാകും. സ്വകാര്യമേഖലയില്‍ പതിനഞ്ച് ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇരുന്നൂരിൽ താഴെ മാത്രമാണ് നിയമനം നല്‍കാനായത്.
ഇതിന്റെ പ്രധാന കാരണം സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിയും ഉള്ളതുകൊണ്ടാണ് അവിടെ ജോലി സ്വീകരിക്കാന്‍ സ്വദേശികൾ മടികാണിക്കുന്നത്.
Subscribe to:
Posts (Atom)






























