Friday, July 30, 2010

കേരളത്തെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റരുത് : വ്യവസായ മന്ത്രി എളമരം കരീം

ദോഹ: കേരളത്തെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റാതെ പുതിയ നേട്ടങ്ങള്‍ക്കനുസരിച്ചുള്ള ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ടെന്ന് കേരള വ്യവസായ മന്ത്രി എളമരം കരീം. സാമൂഹിക മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ പോലെ സമ്പത്ത്-ഉത്പാദന മേഖലകളിലും മുന്നേറാന്‍ സംസ്ഥാനത്തിന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റമദ പ്ലാസയില്‍ ആരംഭിച്ച ലോക മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി.) ഏഴാമത് ലോക മലയാളി സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ സാമൂഹിക മേഖലകളില്‍ നാം ഏറെ മുന്നോട്ടുപോയി. ആറു പതിറ്റാണ്ട് കൊണ്ട് സാമൂഹിക മേഖലയില്‍ വികസന രാജ്യങ്ങളുടെ നിലവാരത്തില്‍ എത്താനായി. എന്നാല്‍ വികസിച്ചുവരുന്ന മനുഷ്യ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. കേരളത്തിലെ പ്രവാസികളുടെ മക്കളില്‍ 73 ശതമാനവും സംസ്ഥാനത്തിന് പുറത്താണ് ഉപരിപഠനം നടത്തുന്നത്. അവര്‍ അവിടെ അന്യസംസ്ഥാനങ്ങളിലേക്കും പുറംരാജ്യങ്ങളിലേക്കും ജോലിക്കായി പോകുന്നു. ഈ മസ്തിഷ്‌ക ചോര്‍ച്ച കേരളത്തിന്റെ ഭാവിയെതന്നെ പ്രതികൂലമായി ബാധിക്കുമെന്നും എളമരം ചൂണ്ടിക്കാട്ടി.

റോഡ് വികസനം മറ്റു സംസ്ഥാനങ്ങളെ പോലെ കേരളത്തില്‍ അത്ര എളുപ്പമല്ല.
അതുകൊണ്ടുതന്നെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാത ഉണ്ടാക്കുന്നതിനെക്കുറിച്ച് കേരള സര്‍ക്കാര്‍ പഠനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തെ ഇന്ത്യയിലെ തന്നെ തലയുയര്‍ത്തി നില്ക്കുന്ന ഒരു സംസ്ഥാനമാക്കി മാറ്റിയതില്‍ മറുനാടന്‍ മലയാളിയുടെ പങ്ക് മഹത്തരമാണ്. സാമൂഹികനീതിയിലധിഷ്ഠിതമായ ഭരണകൂട കാഴ്ചപ്പാടാണ് കേരളത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം. കേരളത്തിന്റെ വികസന പദ്ധതികളില്‍ പ്രവാസികള്‍ക്കും വ്യവസായികള്‍ക്കും വന്‍ നിക്ഷേപസാധ്യതകളാണുള്ളതെന്നും ആ രംഗത്ത് മുതല്‍മുടക്കാന്‍ പ്രവാസികള്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സമ്മേളനം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാദ്വ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏത് ഭാഗത്തായാലും അവരുടെ തനതായ വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് മലയാളികളെന്നും മലയാള ഭാഷയോടുള്ള അവരുടെ പ്രതിബദ്ധതയും വസ്ത്രരീതിയും അതിന്റെ ഉത്തമ ഉദാഹരണമാണെന്നും അംബാസഡര്‍ പറഞ്ഞു. മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സോമന്‍ ബേബി അധ്യക്ഷത വഹിച്ചു.

മുന്‍ എം.പി.യും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ എം.പി. അബ്ദുസ്സമദ് സമദാനി, ദോഹ ബാങ്ക് സി.ഇ.ഒ. ആര്‍. സീതാരാമന്‍ ‍, ജോളി തടത്തില്‍ ‍, ലേഖ ശ്രീനിവാസന്‍ ‍, പി.ജെ.ജെ. ആന്റണി, സിസിലി പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍ സ്വാഗതവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട് നന്ദിയും പറഞ്ഞു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കേരളത്തെ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കി മാറ്റാതെ പുതിയ നേട്ടങ്ങള്‍ക്കനുസരിച്ചുള്ള ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ടെന്ന് കേരള വ്യവസായ മന്ത്രി എളമരം കരീം.