Monday, September 6, 2010
ഈദുല്‍ ഫിത്വര്‍ വിപണി സജീവം
ദോഹ : വിശുദ്ധ റമദാന്‍ അവസാനദിവസങ്ങളിലേക്ക് കടന്നതോടെ എങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുള്ള ഒരുക്കം തുടങ്ങി. ഈദിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ നഗരത്തിന്റെ മുക്കും മൂലയും തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇനിയുള്ളത് നഗരത്തിന് ഉറക്കമില്ലാത്ത രാവുകളായിരിക്കും.
ഈദ് അവധിദിവസങ്ങള്‍ക്ക് നാളെ തുടക്കമാകുന്നതോടെ തിരക്കും ആഘോഷങ്ങളുടെ പൊലിമയും കൂടും. ഇപ്പോള്‍ തന്നെ രാത്രികാലങ്ങളിലെ തിരക്ക് എങ്ങും ദൃശ്യമാണ്. സൂഖുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയുമുണ്ട്. മിക്ക വ്യാപാരസ്ഥാപനങ്ങളും ഏതാണ്ട് രാത്രി മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും തുണിക്കടകളിലുമൊക്കെ പുലരുവോളം കച്ചവടം നടക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
തുണിത്തരങ്ങള്‍ , പെര്‍ഫ്യൂമുകള്‍ , ചെരിപ്പുകള്‍ തുടങ്ങിയവക്കായി കടകള്‍ കയറിയിറങ്ങുന്ന കുടുംബങ്ങളും അല്ലാത്തവരുമൊക്കെ നിരവധിയാണ്. വിലക്കിഴിവും സമ്മാനങ്ങളും നറുക്കെടുപ്പുമൊക്കെയായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വ്യാപാരികള്‍ ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈദ് ആഘോഷത്തിനുള്ള സാധനസാമഗ്രികളുടെ വിപുലമായ ശേഖരമാണ് വിവിധ സൂപ്പര്‍ , ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങള്‍ക്ക് ഒട്ടേറെ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും പലയിടത്തും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലനിയന്ത്രണം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണ്.
പെരുന്നാളിനെ വരവേല്‍ക്കാന്‍ സ്വദേശി കുടുംബങ്ങള്‍ വീടും പരിസരവും മോടിപിടിപ്പിക്കുന്ന തിരക്കിലാണ്. പുതിയ കര്‍ട്ടനുകള്‍ക്കും കാര്‍പെറ്റുകള്‍ക്കും ഫര്‍ണീച്ചറുകള്‍ക്കും മറ്റ് ഗൃഹാലങ്കാര സാധനങ്ങള്‍ക്കുമെല്ലാം പെരുന്നാള്‍ അടുത്തതോടെ ആവശ്യക്കാര്‍ ഏറിയിട്ടുമുണ്ട്. ബ്യൂട്ടി പാര്‍ലറുകളിലും നല്ല തിരക്കുണ്ട്. ഹെന്നയിടാനാണ് ഏറെ സ്ത്രീകള്‍ ഈ സീസണില്‍ എത്തുന്നത്. ബ്യൂട്ടി പാര്‍ലറുകള്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയും രാത്രി എട്ട് മണി മുതല്‍ അര്‍ധരാത്രി വരെയും പ്രവര്‍ത്തിക്കുന്നുണ്ട്.
പെര്‍ഫ്യൂം, അത്തര്‍ വിപണിയില്‍ വില്‍പന കുതിച്ചുകയറിയതായി വ്യാപാരികള്‍ പറയുന്നു. പരമ്പരാഗത അറബി വസ്ത്രങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
വിശുദ്ധ റമദാന്‍ അവസാനദിവസങ്ങളിലേക്ക് കടന്നതോടെ എങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനുള്ള ഒരുക്കം തുടങ്ങി. ഈദിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ നഗരത്തിന്റെ മുക്കും മൂലയും തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇനിയുള്ളത് നഗരത്തിന് ഉറക്കമില്ലാത്ത രാവുകളായിരിക്കും.
Post a Comment