Thursday, May 29, 2008

ആദ്യം തളയേ്ക്കണ്ടത് റിക്രൂട്ടിങ് സ്ഥാപനങ്ങള്‍
ആദ്യം തളയേ്ക്കണ്ടത് കേരളത്തിലെ ഇടനിലക്കാരേയും റിക്രൂട്ടിങ് സ്ഥാപനങ്ങളെയുമാണ്. തൊഴില്‍ തേടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വലുതും ചെറുതുമായ രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കു നിര്‍ത്താന്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുങ്ങും.

കുടുംബ പ്രാരാബ്ധങ്ങളുടെ കടുത്ത സമ്മര്‍ദവും റിക്രൂട്ടിങ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും പ്രലോഭനവും കാരണം ഗള്‍ഫിലേക്ക് പോയശേഷം, പിന്നീട് എന്തു സാഹചര്യത്തിലായിരുന്നാലും അവിടെ കരാറില്‍ പറഞ്ഞ തുകയിലും ആനുകൂല്യങ്ങളിലും കുറച്ച് പണിയെടുക്കാന്‍ സ്വയമേവ തയ്യാറാവുകയോ നിര്‍ബന്ധിതമാവുകയോ ചെയ്യുന്ന അനുഭവങ്ങളാണ് അധികവും.ഈ അവസ്ഥയില്‍ സ്വയം തൊഴിലെടുക്കാന്‍ തയ്യാറാവുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിയെയാണോ തൊഴിലുടമയെയാണോ, വന്‍ തുക പിടുങ്ങി തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് നടത്തിയ ഏജന്‍സിയെയാണോ ആരെയാണ് ശിക്ഷിക്കേണ്ടത്. ഏതു സാഹചര്യത്തില്‍ തൊഴിലാളിക്ക് വ്യവസ്ഥ പ്രകാരം വേതനവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിലും തൊഴിലുടമ ഉത്തരവാദിയാണെന്ന വ്യവസ്ഥ നീതിക്ക് നിരക്കുന്നതല്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും റിക്രൂട്ടിങ് ഏജന്‍സിക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി തിട്ടപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം നിയമം.

മിനിമ വേതന വ്യവസ്ഥ പോലെയോ അതിലേറെയോ പ്രയാസമുണ്ടാക്കുന്നതാണ് ഗള്‍ഫില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ എടുക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. തൊഴിലുടമ യു.എ.ഇ. ഗവണ്മെന്റും മറ്റും നിര്‍ബന്ധമാക്കിയ 3000 ദിര്‍ഹം (32000 ലേറെ രൂപ) ഇവിടെ കെട്ടിവെക്കണം. പുറമെ ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രാലയം വഴി 9000 ദിര്‍ഹം (98,000 ത്തോളം രൂപ) വേറെയും കെട്ടിവെക്കണം. ഇത് കഴിഞ്ഞമാസം മുതല്‍ ഏര്‍പ്പെടുത്തിയ നിയമമാണ്. ഈ നിബന്ധന മൂലം ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത് ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ ഇന്ത്യന്‍ കുടുംബങ്ങളാണ്.

അതുപോലെ ഗള്‍ഫില്‍ വീട്ടുജോലിക്കുപോയി കുടുംബം പോറ്റണം എന്ന് ഉദ്ദേശശുദ്ധിയോടെ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളാണ്. ഫലത്തില്‍ ജോലിക്ക് പോവാന്‍ അവര്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നു. ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശമ്പളവും കുറച്ച് മതി.


നാട്ടില്‍ നിന്ന് യുവതികളെ വീട്ടുവേലയ്ക്കും സ്ത്രീകള്‍ക്ക് മാത്രമായുള്ള ജോലികള്‍ക്കും എന്ന വ്യാജേന റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നുവെന്നതാണ് ഏറ്റവും സങ്കീര്‍ണമായ മറ്റൊരു പ്രശ്‌നം. ഇതിന്റെ കരുത്തുറ്റ കണ്ണികള്‍ കേരളത്തിലാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അറിഞ്ഞിട്ട് തന്നെ ഇവിടെ എത്തുന്ന ഒരുപറ്റം സ്ത്രീകളും ഉണ്ടെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. പിന്നീട് തമ്മില്‍ തെറ്റുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ അഭയം പ്രാപിക്കുന്ന കെങ്കേമികളും കൂട്ടത്തിലുണ്ട്.


1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആദ്യം തളയേ്ക്കണ്ടത് കേരളത്തിലെ ഇടനിലക്കാരേയും റിക്രൂട്ടിങ് സ്ഥാപനങ്ങളെയുമാണ്. തൊഴില്‍ തേടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വലുതും ചെറുതുമായ രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കു നിര്‍ത്താന്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുങ്ങും.