Thursday, February 26, 2009

പ്രകൃതി വാതകത്തിന്റെ ബലത്തില്‍ ആഗോളമാന്ദ്യത്തിലും തളരാതെ ഖത്തര്‍

ദോഹ:ആഗോളമാന്ദ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പലതും നഷ്ടക്കണക്കുകള്‍ നിരത്തുമ്പോള്‍ ഖത്തര്‍ വളര്‍ച്ചയുടെ പാതയില്‍ തന്നെ തുടരുന്നെന്നു റിപ്പോര്‍ട്ട്. എണ്ണവിലയിടിവിനെ തുടര്‍ന്നു മറ്റു ജിസിസി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ കൂപ്പൂകുത്തിയപ്പോള്‍ ഖത്തറിനെ പിടിച്ചു നിര്‍ത്തിയതു പ്രകൃതി വാതക വിപണനം. വിദേശ രാജ്യങ്ങളുമായി നേരത്തെ തീരുമാനിച്ചിരുന്ന ചില വാതക വിതരണ കരാറുകള്‍ മാന്ദ്യത്തെ തുടര്‍ന്നു മന്ദഗതിയിലായെങ്കിലും കയറ്റുമതിയിലെ വര്‍ധന മൂലം നഷ്ടം നികത്താനായെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രധാന പദ്ധതികള്‍ പലതും നിശ്ചിത സമയത്തു പൂര്‍ത്തിയാകുകയും ചെയ്തു. ഇക്കൊല്ലം മൊത്ത ആഭ്യന്തര ഉല്‍പാദനം 8.5% വളര്‍ച്ച രേഖപ്പെടുത്തുമെന്നാണു സൂചന. അടുത്ത കൊല്ലം ഇത് 9.5 ആയേക്കും. വാതക ഉല്‍പാദനരംഗത്തെ വന്‍ നിക്ഷേപങ്ങളാണു ഖത്തറിന്റെ കരുത്തെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തൊണ്ണൂറുകള്‍ മുതല്‍ തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചതും നേട്ടമായി. അതിനിടെ, ഖത്തറില്‍ ജീവിതച്ചെലവു കുറയുമെന്നും സൂചനയുണ്ട്.

വര്‍ഷങ്ങളായി കുത്തനെ മുകളിലേക്കു കുതിക്കുന്ന ചെലവ് താഴുന്നതു നാണ്യപ്പെരുപ്പം കുറയാനും സഹായിക്കുമെന്നു കരുതുന്നു. പലചരക്ക് സാധനങ്ങളുടെ വിലയും വാടകയും കുറയും. നാണ്യപ്പെരുപ്പം കൂടിയതിനെ തുടര്‍ന്നു സമ്പദ് വ്യവസ്ഥയിലുണ്ടായ ചില അനിശ്ചിതത്വങ്ങള്‍ താിമസിയാതെ കുറയുമെന്നും കരുതുന്നു. 2008ല്‍ 15% ആയിരുന്ന നാണ്യപ്പെരുപ്പം ഇക്കൊല്ലം 7.5 ആയിവരെ കുറയുമെന്നുവരെ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍, ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയില്‍ നാണ്യപ്പെരുപ്പം കൂടുന്നതു പ്രധാനവെല്ലുവിളിയാകും. എന്നാല്‍, സൌദി, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം ഇക്കൊല്ലം കുറയുമെന്നാണു കണക്കുകള്‍. സൌദിക്കു 0.2, യുഎഇ .6, കുവൈത്ത് 1.8 % എന്നിങ്ങനെയാണു കുറവുണ്ടാകുക. മാന്ദ്യത്തെ തുടര്‍ന്ന് എണ്ണവിലയിടിഞ്ഞതാണു മുഖ്യകാരണം. ബാരലിനു ശരാശരി 45 ഡോളര്‍ എന്ന നിലയില്‍ ഇക്കൊല്ലം തുടര്‍ന്നാല്‍ പോലും കുവൈത്തിനു കമ്മി ബജറ്റാകുമെന്നാണു കരുതുന്നത്.

കഴിഞ്ഞദിവസം എണ്ണവില ബാരലിനു 38 ഡോളര്‍ ആയി കുറഞ്ഞിരുന്നു. കൊല്ലങ്ങളായി കുവൈത്തില്‍ മിച്ചബജറ്റാണുള്ളത്. 2002മുതല്‍ ഉയര്‍ന്നു തുടങ്ങിയ എണ്ണവില 147ഡോളര്‍ വരെ എത്തിയതിനു ശേഷമാണു താഴേക്കു വീണത്. 2010ല്‍ മൂന്നു രാജ്യങ്ങളും യഥാക്രമം 2.8,1.9,2% വീതം വളര്‍ച്ച നേടുമെന്നും വിദഗ്ധര്‍ പറയുന്നു. അടുത്തകൊല്ലത്തോടെ മാന്ദ്യം കുറഞ്ഞു തുടങ്ങുമെന്നാണു വിലയിരുത്തല്‍.

1 comment:

Unknown said...

ആഗോളമാന്ദ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പലതും നഷ്ടക്കണക്കുകള്‍ നിരത്തുമ്പോള്‍ ഖത്തര്‍ വളര്‍ച്ചയുടെ പാതയില്‍ തന്നെ തുടരുന്നെന്നു റിപ്പോര്‍ട്ട്. എണ്ണവിലയിടിവിനെ തുടര്‍ന്നു മറ്റു ജിസിസി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ കൂപ്പൂകുത്തിയപ്പോള്‍ ഖത്തറിനെ പിടിച്ചു നിര്‍ത്തിയതു പ്രകൃതി വാതക വിപണനം. വിദേശ രാജ്യങ്ങളുമായി നേരത്തെ തീരുമാനിച്ചിരുന്ന ചില വാതക വിതരണ കരാറുകള്‍ മാന്ദ്യത്തെ തുടര്‍ന്നു മന്ദഗതിയിലായെങ്കിലും കയറ്റുമതിയിലെ വര്‍ധന മൂലം നഷ്ടം നികത്താനായെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.