Tuesday, February 24, 2009

സാമ്പത്തികപ്രതിസന്ധി:തിരിച്ചറിവുകള്‍ പങ്കുവെച്ച് ജനകീയചര്‍ച്ചദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ജനകീയ ചര്‍ച്ച മലയാളിസമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ തിരിച്ചറിവുകള്‍ കൈമാറിയ ദോഹയിലെ ആദ്യവേദിയായി. മന്‍സൂറ ഐ.ഐ.എ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ദോഹ ബാങ്ക് സീനിയര്‍ ഉദ്യോഗസ്ഥന്‍ കെ.വി. സാമുവല്‍ വിഷയം അവതരിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടിയ അദ്ദേഹം, പ്രതിസന്ധി നേരിടാന്‍ പരസ്പരസഹകരണത്തിന്റെയും സഹാനുഭൂതിയുടെയും സന്തുലിത ജീവിതരീതിയുടെയും അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടി. ആഭ്യന്തര ഉല്‍പാദനക്കമ്മിയാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനമെന്നും ചരിത്രത്തില്‍ പത്തു വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമായി ഇത് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക, വ്യാവസായിക, സേവനമേഖലകളില്‍ പെട്ടെന്നുണ്ടാകുന്ന തകര്‍ച്ച സാമ്പത്തിക പ്രതിസന്ധിയായി രൂപപ്പെടുകയും നികുതിവരുമാനക്കുറവ്, വിലവര്‍ധന, തൊഴിലില്ലായ്മ, ഓഹരിവിപണിയുടെ തകര്‍ച്ച, കമ്പനികളുടെ ലാഭക്കമ്മി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള മാറ്റത്തിനിടയിലെ താല്‍കാലിക പ്രതിഭാസമായേ ഇതിനെ കാണേണ്ടതുള്ളൂ. റിയല്‍ എസ്റേറ്റ്, ബാങ്കിംഗ്, തൊഴില്‍ മേഖലകളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ മിക്ക ബാങ്കുകളും പിടിച്ചുനില്‍ക്കുന്നത് ഗവണ്‍മെന്റ് പാക്കേജുകളുടെ പിന്‍ബലത്തിലാണ്. ആഭ്യന്തര ഉല്‍പാദനത്തിലെ മികവിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ ആപേക്ഷികമായി കുറവാണ്. തരക്കേടില്ലാത്ത വളര്‍ച്ചാനിരക്ക് ഇന്ത്യന്‍ സമ്പദ്ഘടന കാണിക്കുന്നുണ്ട്. മികച്ച വളര്‍ച്ചാനിരക്കിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ട്.

ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന്റെ സാമ്പത്തിക നില ഏറെ ഭദ്രമാണ്. എണ്ണവില 40, 45 ഡോളര്‍ അടിസ്ഥാനമാക്കി 9 ശതമാനം വളര്‍ച്ചാനിരക്കാണ് ഈ വര്‍ഷം ഖത്തര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ഈ വര്‍ഷത്തെ ശരാശരി എണ്ണവില 70 ഡോളറാണെന്നാണ് നിരീക്ഷണം. റിയല്‍ എസ്റേറ്റ് മേഖലയിലെ അസന്തുലിത കുതിപ്പാണ് യു.എ.ഇ സമ്പദ്ഘടനക്ക് വിനയായതെന്ന് സാമുവല്‍ ചൂണ്ടിക്കാട്ടി.

നിലവിലെ ലോകസമ്പദ്ഘടനയുടെ തത്വശാസ്ത്രത്തെയും ദുര്‍ബലമായ ഉള്ളടക്കത്തെയും സമീപിക്കാതെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് യഥാര്‍ഥ പരിഹാരം സാധ്യമല്ലെന്ന് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സി. ഡയറക്ടര്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. മൂലധനകേന്ദ്രീകൃതവും സ്വാര്‍ഥതയില്‍ അധിഷ്ഠിതവും സാമൂഹിക പ്രതിബദ്ധതയില്‍നിന്ന് മുക്തവും സര്‍വോപരി ചൂഷണാത്മകവുമായ മുതലാളിത്ത സമ്പദ്വ്യവസ്ഥ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണ്. ഉല്‍പാദന വികസനമില്ലാത്ത ഊഹമൂലധന വികസനം മുഖമുദ്രയായ കുമിള സാമ്പത്തിക ഘടന തകരാനുള്ളതുതന്നെയാണ്. ഉല്‍പാദനവര്‍ധനയിലൂടെയും സ്വാര്‍ഥതയും ആര്‍ത്തിയും വെടിഞ്ഞ ജീവിതരീതിയിലൂടെയും മാത്രമേ നിലവിലെ പ്രതിസന്ധിയെ മറികടക്കാനാവൂ എന്നും അദ്ദേഹം ഉണര്‍ത്തി.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സദസ്സിന്റെ സജീവ പങ്കാളിത്തമുണ്ടായി. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത് ശക്തി പ്രാപിച്ച അമിതോപഭോഗ സംസ്കാരത്തിനേറ്റ അനിവാര്യ തിരിച്ചടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് റഫീഖ് പുറക്കാട് അഭിപ്രായപ്പെട്ടു. മനുഷ്യനിര്‍മിത സാമ്പത്തിക വ്യവസ്ഥകളുടെ ദുരന്തം ഏറ്റുവാങ്ങിയ നാം ദൈവികവ്യവസ്ഥ പരീക്ഷിക്കാന്‍ സന്നദ്ധമാവുകാണ് വേണ്ടതെന്ന് കെ. ഇല്യാസ് മൌലവി പ്രസ്താവിച്ചു. വിഭവങ്ങളുടെ കമ്മിയല്ല, നീതിപൂര്‍വകമായ വിതരണത്തിന്റെ അഭാവമാണ് യഥാര്‍ഥ പ്രശ്നമെന്നും അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ സൃഷ്ടിപ്പില്‍ പങ്കുണ്ടെന്നും അബ്ദുല്‍ അസീസ് കൂളിമുട്ടം ഓര്‍മിപ്പിച്ചു.കെ.കെ. ഉസ്മാന്‍, നിസാര്‍ കോട്ടക്കല്‍, ഗോപിനാഥന്‍, സലാം തിരുവനന്തപുരം, ഷംസുദ്ദീന്‍ ഒളകര, കരീം അബ്ദുല്ല, ഫരീദ് തിക്കോടി എന്നിവരും സംസാരിച്ചു.

പ്രൊഫ. പി.വി. സഈദ് മുഹമ്മദ് മോഡറേറ്ററായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാനും ശുഭപ്രതീക്ഷയോടൊപ്പം ക്രയവിക്രയങ്ങളില്‍ മിതത്വം പുലര്‍ത്തിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മുഹമ്മദ് ഖുതുബ് ഖുര്‍ആന്‍ പാരായണം നടത്തി. 3100 കോടി ഡോളര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച് മാതൃക കാട്ടിയ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ വാറണ്‍ ബുഫറ്റിന്റെ ജീവിതപാഠങ്ങള്‍ പരിചയപ്പെടുത്തിയ കെ.കെ. നാസിമുദ്ദീന്റെ പവര്‍പോയന്റ് പ്രസന്റേഷന്‍ ശ്രദ്ധേയമായി.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ജനകീയ ചര്‍ച്ച മലയാളിസമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ തിരിച്ചറിവുകള്‍ കൈമാറിയ ദോഹയിലെ ആദ്യവേദിയായി. മന്‍സൂറ ഐ.ഐ.എ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ദോഹ ബാങ്ക് സീനിയര്‍ ഉദ്യോഗസ്ഥന്‍ കെ.വി. സാമുവല്‍ വിഷയം അവതരിപ്പിച്ചു.