Sunday, January 4, 2009

ഖത്തറില്‍ അതിശൈത്യം ആരംഭിച്ചു

ദോഹ:ഖത്തറില്‍ അതിശൈത്യം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് രാജ്യത്ത് കൊടുംതണുപ്പനുഭവപ്പെട്ടു തുടങ്ങിയത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞുണ്ടായതുകാരണം പല വിമാനങ്ങളും ദോഹയിലിറക്കാതെ തിരിച്ചുവിട്ടു. മഞ്ഞുരുകി അന്തരീക്ഷം തെളിഞ്ഞതോടെ കാലത്ത് 11നുശേഷമാണ് വിമാനങ്ങള്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നാണ് തണുപ്പിനും ശക്തി കൂടിയത്. കനത്ത മൂടല്‍മഞ്ഞ് വാഹനഗതാഗതത്തെയും സാരമായി ബാധിച്ചു. പലയിടത്തും വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങളുണ്ടായി.

തണുപ്പിന് ശക്തികൂടിയതോടെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുപോലും ജനങ്ങള്‍ കമ്പിളിവസ്ത്രങ്ങള്‍ ധരിച്ചാണ് പള്ളികളിലേക്കുപോയത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തണുപ്പിന് വീണ്ടും ശക്തികൂടി. ഗള്‍ഫ് കടലില്‍നിന്ന് വീശിയടിച്ച തണുത്ത കാറ്റും ശൈത്യത്തിന് ആക്കംകൂട്ടി. തണുപ്പും തണുത്ത കാറ്റും തുടരുന്നത് ശനിയാഴ്ചയും ജനജീവിതം ദുസ്സഹമാക്കി. കമ്പിളിവസ്ത്രങ്ങളും ഇലക്ട്രിക് ഹീറ്ററുകളും ധാരാളമായി വിറ്റുവരുന്നതായി കച്ചവടക്കാര്‍ പറഞ്ഞു.

വെള്ളിയാഴ്ച ഒഴിവുദിനമായിരുന്നിട്ടും പട്ടണത്തിലേക്ക് വന്‍ ജനപ്രവാഹമുണ്ടായില്ല. അതുകാരണം വാണിജ്യരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടു. ഖത്തറിന്റെ വിവിധ കോണുകളിലുള്ള ലേബര്‍ ക്യാമ്പുകളില്‍നിന്നുള്ള തൊഴിലാളികള്‍ വെള്ളിയാഴ്ചയാണ് പട്ടണത്തിലേക്ക് ഒഴുകിയെത്തുക. എന്നാല്‍ ഈ വെള്ളിയാഴ്ച പട്ടണത്തില്‍ വിദേശികളുടെ വന്‍തോതിലുള്ള ഒഴുക്കുണ്ടാകാത്തത് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.

വന്‍ വാണിജ്യകേന്ദ്രങ്ങളിലും പതിവ് ഒഴിവുദിന തിരക്കനുഭവപ്പെട്ടിരുന്നില്ല. പൊതുസ്ഥലങ്ങളില്‍ നിര്‍മാണജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ തണുപ്പില്‍ വളരെയധികം പ്രയാസപ്പെട്ടാണ് ജോലി ചെയ്തിരുന്നത്.
കമ്പിളിവസ്ത്രം ധരിച്ചിട്ടും തണുപ്പിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണമായി രക്ഷപ്പെടാന്‍കഴിഞ്ഞില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ തണുപ്പിന് ശക്തി കൂടാനും താപനില വളരെ അധികം താഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ അതിശൈത്യം ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് രാജ്യത്ത് കൊടുംതണുപ്പനുഭവപ്പെട്ടു തുടങ്ങിയത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞുണ്ടായതുകാരണം പല വിമാനങ്ങളും ദോഹയിലിറക്കാതെ തിരിച്ചുവിട്ടു. മഞ്ഞുരുകി അന്തരീക്ഷം തെളിഞ്ഞതോടെ കാലത്ത് 11നുശേഷമാണ് വിമാനങ്ങള്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കിയത്.