Saturday, October 2, 2010

വൈദ്യപരിശോധന ശക്തം;ധാരാളം പേര്‍ തിരിച്ചയക്കപ്പെടുന്നു


ദോഹ: ഖത്തറില്‍ വൈദ്യപരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മെഡിക്കല്‍ കമ്മീഷന്‍ വൈദ്യപരിശോധനയില്‍ കണ്ടെത്തിയ 1874 പ്രവാസികളെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ തിരിച്ചയച്ചു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 211891 പേരാണ് പരിശോധനക്ക് വിധേയരായത്. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായി സന്ദര്‍ശകരുടെയും പരിശോധനയില്‍ പരാജയപ്പെട്ട് തിരിച്ചയക്കപ്പെടുന്നവരുടെയും എണ്ണം വര്‍ധിച്ചതായി കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 1927 പേരാണ് പരിശോധനക്കെത്തുന്നത്.

തിരിച്ചയക്കപ്പെട്ടവരില്‍ 72 ശതമാനവും ക്ഷയരോഗം (ടി.ബി) മൂലമാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. 1346 പേര്‍ക്കാണ് ടി.ബി കണ്ടെത്തിയത്. 74 പേര്‍ക്ക് ക്ഷയത്തിന്റെ വകഭേദമായ ആക്റ്റീവ് പല്‍മനറി ടി.ബി സ്ഥിരീകരിച്ചു. എയ്ഡ്‌സ് മൂലം തിരിച്ചയക്കപ്പെട്ടത് 73 വിദേശികളാണ്. എക്‌സ്‌റേയില്‍ നെഞ്ചിന് പ്രശ്‌നം കണ്ടതിനാല്‍ 263 പേരെ മടക്കിയയച്ചു. 72 പേര്‍ക്ക് ഹെപറ്റൈറ്റിസ് 'ബി'യും 21 പേര്‍ക്ക് ഹെപറ്റൈറ്റിസ് 'സി'യും കണ്ടെത്തി. മാസത്തില്‍ ശരാശരി 374 പേരാണ് വൈദ്യപരിശോധനയില്‍ ഫിറ്റ്‌നസ് തെളിയിക്കാനാവാതെ നാട്ടിലയക്കപ്പെടുന്നത്. രാജ്യം തിരിച്ചുള്ള കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

2008 ഏപ്രില്‍ 1 മുതല്‍ 2009 മാര്‍ച്ച് 31 വരെ കാലയളവില്‍ ക്ഷയബാധിതരായ 7118ഉം ഹെപറ്റൈറ്റിസ് 'ബി'യുള്ള 350ഉം ഹെപറ്റൈറ്റിസ് 'സി'യുള്ള 95ഉം എയ്ഡ്‌സ് ബാധിച്ച 182ഉം നെഞ്ച് എക്‌സ്‌റേയില്‍ പരാജയപ്പെട്ട 10158ഉം പ്രവാസികളെയാണ് ഖത്തര്‍ തിരിയച്ചത്.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഞായറാഴ്ച മുതല്‍ വൈകുന്നേരം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും കമ്മീഷനില്‍ പരിശോധന നടത്തുന്നുണ്ട്. വൈകുന്നേരം ശരാശരി മുപ്പതോളം കുടുംബങ്ങള്‍ മാത്രമാണെത്തുന്നത്. വൈകീട്ട് നാലര മുതല്‍ രാത്രി 7.30 വരെയാണ് പരിശോധന.

1 comment:

Unknown said...

ഖത്തറില്‍ വൈദ്യപരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മെഡിക്കല്‍ കമ്മീഷന്‍ വൈദ്യപരിശോധനയില്‍ കണ്ടെത്തിയ 1874 പ്രവാസികളെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ തിരിച്ചയച്ചു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 211891 പേരാണ് പരിശോധനക്ക് വിധേയരായത്. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായി സന്ദര്‍ശകരുടെയും പരിശോധനയില്‍ പരാജയപ്പെട്ട് തിരിച്ചയക്കപ്പെടുന്നവരുടെയും എണ്ണം വര്‍ധിച്ചതായി കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 1927 പേരാണ് പരിശോധനക്കെത്തുന്നത്.