Monday, January 10, 2011

നപടയും കങ്കാരുപടയും ഇന്ന് നേര്‍ക്കുനേര്‍ !.


ദോഹ : ഇന്ന് വൈകീട്ട് ഖത്തര്‍ സമയം 4.15 ന്‌ ഖത്തറിലെ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആനപടയും കങ്കാരുപടയും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കായിരിക്കും?.നീണ്ട 26 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയെത്തിയത് സിംഹക്കൂട്ടിലേക്കാണ്‌. ഓസീസും ദക്ഷിണ കൊറിയയും ബഹ്റൈനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലും.

1964ലായിരുന്നു അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ടീമിന്റെ മൂന്നാമൂഴമാണിത്.ആദ്യ അരങ്ങേറ്റത്തില്‍ റണ്ണര്‍ അപ്പായെങ്കിലും പിന്നീട് 84ല്‍ വീണ്ടും അവസരം ലഭിച്ചപ്പോള്‍ പ്രാഥമിക റൗണ്ട് പോലും കടക്കാതെ പുറത്തായി. ഇംഗീഷുകാരനായ കോച്ച് ബോബ് ഹൂട്ടന്റെ പരിശീലനത്തിന്റെ മികവിലാണ് ഇക്കുറി ഇവിടെയെത്തിയിരിക്കുന്നത്. അതിന്നാല്‍ തന്നെ ഏറെ പ്രതീക്ഷകളും അത്രക്ക് തന്നെ സമ്മര്‍ദങ്ങളോടെയുമാണ് ടീം ദോഹയിലെത്തിയിരിക്കുന്നത്.

ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം സ്ഥാനക്കാരയ ദക്ഷിണ കൊറിയക്കും ഏഴാം സ്ഥാനക്കാരയ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം സ്ഥാനക്കാരായ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടുന്നു. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .

പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.

2008ല്‍ ആതിഥേയത്വം വഹിച്ച എ.എഫ്.സി ചാലഞ്ച് കപ്പില്‍ ചാമ്പ്യന്മാരായത് വഴിയാണ് ഇന്ത്യക്ക് ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ യോഗ്യത നേടാനായത്. താജികിസ്താന്‍ ‍, തുര്‍ക്‌മെനിസ്താന്‍ ‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍നിന്ന് സെമിയില്‍ കടന്ന ഇന്ത്യ, 82ആം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഏക ഗോളിന്റെ മികവില്‍ മ്യാന്‍മറിനെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് അര്‍ഹരായത്. പ്രാഥമിക റൗണ്ടില്‍ സമനിലയില്‍ തളച്ച താജികിസ്താനെ ദല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിഷ്പ്രയാസം മറികടന്നാണ് എ.എഫ്.സി ചാലഞ്ച് കപ്പും അതുവഴി ഏഷ്യന്‍കപ്പ് യോഗ്യതയും ഇന്ത്യ നേടിയത്.

മലയാളി താരം എന്‍.പി. പ്രദീപ്, സ്റ്റീവന്‍ ഡയസ്, ക്ലൈമാക്‌സ് ലോറന്‍സ്, റെനഡി സിങ്, മെഹ്‌റാജുദ്ദീന്‍ വാദൂ, ക്ലിഫോര്‍ഡ് മിറാന്‍ഡ എന്നിവരാണ് മധ്യനിര തന്ത്രങ്ങള്‍ക്ക് കരുത്ത് പകരാനായുള്ളത്. സുര്‍കുമാര്‍ സിങ്, ഗൗര്‍മാംഗി സിങ്, അന്‍വന്‍ അലി, മഹേഷ് ഗാവ്‌ലി, സഈദ് റഹിം നബി, ദീപക് മൊണ്ഡല്‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഗ്, ഗോവിസിങ് എന്നിവരാണ് പ്രതിരോധ നിരക്കാരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ പരിചയ സമ്പന്നര്‍ക്കായിരിക്കും അന്തിമ ഇലവന്‍ നിര്‍ണയിക്കുന്നതില്‍ കോച്ച് ഹൂട്ടന്‍ മുന്‍തൂക്കം നല്‍കാന്‍ സാധ്യത.

അമേരിക്കന്‍ ക്ലബായ കന്‍സാസ് സിറ്റിയുടെ താരം സുനില്‍ ഛേത്രിയുടേയും ഗോള്‍ വലയത്തിന് മുന്നില്‍ പുണെ എഫ്.സി താരം സുബ്രതാ പാലിന്റെയും മികച്ച ഫോമാണ് ഇന്ത്യക്ക് നല്‍കുന്ന പ്രതീക്ഷ. ബൂട്ടിയക്കും ഛേത്രിക്കും പുറമെ മുന്നേറ്റ നിരക്കാരായി അഭിഷേക് യാദവും സുശീല്‍ കുമാര്‍ സിങ്ങും ടീമിനൊപ്പമുണ്ട്.ബൂട്ടിയ പരിക്കില്‍നിന്ന് പൂര്‍ണ മോചിതനായിട്ടില്ല. ഇരു വിങ്ങുകളിലൂടെയും ആക്രമിച്ച് കയറാന്‍ കഴിവുള്ള ആന്റണി പെരേര പരിക്കു കാരണം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.

ദേശീയ ഐ ലീഗ് ഫുട്ബാളിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരവും മലയാളിയുമായ മുഹമ്മദ് റാഫി 23 പേരടങ്ങുന്ന അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചത് ഇന്ത്യന്‍ ടീമിനെ ഉണര്‍‌വേകിയീട്ടുണ്ട് .ബൂട്ടിയക്ക് കളിക്കാനാവാതെ വന്നാല്‍ ടീമിനൊപ്പം തുടരുന്ന റാഫിക്ക് അവസാന നിമിഷം നറുക്ക് വീഴാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടീം അംഗങ്ങള്‍ :

ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.

ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.

മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.

മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, മുഹമ്മദ് റാഫി. എന്നിവരാണ്‌

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇന്ന് വൈകീട്ട് ഖത്തര്‍ സമയം 4.15 ന്‌ ഖത്തറിലെ അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ ആനപടയും കങ്കാരുപടയും മുഖാമുഖം വരുമ്പോള്‍ ജയം ആര്‍ക്കായിരിക്കും?.