Thursday, September 13, 2012

'എയര്‍ കേരള' : സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു.

ദോഹ: കേരളത്തിന്റെ സ്വന്തം വിമാന സര്‍വ്വീസ് 'എയര്‍ കേരള' തുടങ്ങുന്നതിനുള്ള തീരുമാനത്തെ ഖത്തറിലെ മലയാളി പ്രവാസി സംഘടനയായ സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കാല താമസമില്ലാതെ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസിസമൂഹം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.

പദ്ധതിക്കായി എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചതും,ഈ പദ്ധതിക്കു വേണ്ടിയുള്ള തുക പ്രവാസികളില്‍ നിന്ന് ഓഹരി ഇനത്തില്‍ പിരിച്ചെടുക്കാനുള്ള തീരുമാനം സേവനമേഖല മികച്ചതാക്കാന്‍ കഴിയുമെന്നും ഇത് പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന സാധ്യതകള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളമെന്ന് നാടിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ സമ്മതിക്കുന്ന കാര്യമാണെങ്കിലും, അവ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇവര്‍ മുന്നോട്ടുവരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി തൃപ്തികരമല്ല. ഈ യാഥാര്‍ഥ്യം അംഗീകരിച്ച്, വികസന പദ്ധതികള്‍ നടപ്പായാല്‍ ഇത്തരം ആശങ്കകള്‍ അകലുകയും കൂടുതല്‍ നിക്ഷേപകര്‍ കേരളത്തില്‍ എത്തുകയും ചെയ്യുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സര്‍വീസീനായി അനുമതി ലഭിക്കാന്‍ അഞ്ച് വര്‍ഷം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തിയിട്ടുള്ള പരിചയവും 20 വിമാനങ്ങളും സ്വന്തമായി വേണമെന്നാണ് കേന്ദ്ര നയത്തില്‍ മാറ്റമുണ്ടാക്കിയാലേ ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ഉപകാരപ്രദമാകുകയുള്ളൂ.അതിന്റെ അനുമതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തില്‍ ശക്തമായി ഇടപ്പെട്ട് കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഇത്തരം പദ്ധതികള്‍ സമയബദ്ധമായി നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

Muhammed Sageer Pandarathil said...

'എയര്‍ കേരള' തുടങ്ങുന്നതിനുള്ള തീരുമാനത്തെ ഖത്തറിലെ മലയാളി പ്രവാസി സംഘടനയായ സംസ്‌കാര ഖത്തര്‍ സ്വാഗതം ചെയ്തു.