Wednesday, February 18, 2009

ദാര്‍ഫൂര്‍:സമാധാന പുനഃസ്ഥാപിക്കാന്‍ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു

ദോഹ:സുഡാനിലെ ദാര്‍ഫൂറില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിലേക്ക് വഴിതുറന്ന് സുഡാന്‍ സര്‍ക്കാരും ദാര്‍ഫൂറിലെ പ്രധാന വിമതകക്ഷിയും തമ്മില്‍ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു. ഖത്തറിന്റെയും ദാര്‍ഫൂര്‍ പ്രശ്നപരിഹാരത്തിനുള്ള യു.എന്‍-ആഫ്രിക്കന്‍ യൂനിയന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുഡാന്‍ സര്‍ക്കാരുമായി ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്മെന്റ് (ജെം) കരാറില്‍ ഒപ്പിട്ടത്. ഇതുപ്രകാരം മറ്റ് വിമതകക്ഷികളുമായും ചര്‍ച്ചകള്‍ നടത്തി മൂന്നു മാസത്തിനുള്ളില്‍ അന്തിമ സമാധാന കരാറില്‍ ഒപ്പിടാനും തടവുകാരുടെ കൈമാറ്റം ആരംഭിക്കാനും ധാരണയായി.

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദിന്റെയും യു.എന്‍-ആഫ്രിക്കന്‍ യൂനിയന്‍ സംയുക്ത ദാര്‍ഫൂര്‍ മാധ്യസ്ഥന്‍ ജിബ്രീല്‍ ബാസോലിയുടെയും സാന്നിധ്യത്തില്‍ ഡോ. നാഫി അലി അന്നാഫിഇന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഡോ. ഖലീല്‍ ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്മെന്റ് സംഘവും നടത്തിയ ചര്‍ച്ചക്കൊടുവില്‍ സുഡാന്‍ സാംസ്കാരിക, യുവജനക്ഷേമ മന്ത്രി ഡോ. അമീന്‍ ഹസന്‍ ഉമറും ജെം നേതാവിന്റെ സാമ്പത്തിക ഉപദേഷ്ടാവും സഹോദരനുമായ ഡോ. ജിബ്രീല്‍ ഇബ്രാഹീമുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ദോഹ ഷെറാട്ടന്‍ ഹോട്ടലിലും അമീരി ദീവാനിലും കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ രാപകല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നലെ രാവിലെ അമീരി ദീവാനില്‍ മധ്യസ്ഥരുടെയും അന്തര്‍ദേശീയ ഏജന്‍സികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇരുകക്ഷികളും കരാറില്‍ ഒപ്പിട്ടത്.

ദാര്‍ഫൂറില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന മാര്‍ഗത്തിലുള്ള സുപ്രധാന വഴിത്തിരിവാണ് ഈ കരാറെന്ന് ഒപ്പിടലിനുശേഷം അമീരി ദീവാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി അഭിപ്രായപ്പെട്ടു.

തടവുകാരെ കൈമാറാനുള്ള തീരുമാനം ഖത്തര്‍ പ്രധാനമന്ത്രിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച ഖലീല്‍ ഇബ്രാഹീമാണ് പ്രഖ്യാപിച്ചത്. തടവുകാരെ ഖത്തര്‍ മുഖേനയാണ് കൈമാറുകയെന്ന് ജെം നേതാവ് ഡോ. താഹിര്‍ അല്‍ഫക്കി പിന്നീട് അറിയിച്ചു. സുഡാന്‍ സൈന്യവുമായുള്ള യുദ്ധത്തില്‍ പിടിക്കപ്പെട്ട 21 തടവുകാരെ ജെം ഖത്തറിനും ഖത്തര്‍ സുഡാനും കൈമാറും.

സുഡാനകത്തും പുറത്തുമായി കഴിയുന്ന അഭയാര്‍ഥികളടക്കമുള്ള തന്റെ രാജ്യക്കാര്‍ക്കുവേണ്ടി സര്‍ക്കാരുമായി ശാശ്വത സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ ജെം തയാറാണെന്ന് ഖലീല്‍ ഇബ്രാഹീം വ്യക്തമാക്കി. ദാര്‍ഫൂറിനുവേണ്ടിയുള്ള സായുധപോരാട്ടം അവസാനിക്കുമെന്നും അവസാന യുദ്ധമായി ഇത് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഡോ. നാഫി അന്നാഫി, ജിബ്രീല്‍ ബാസോലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

സമാധാന പുനഃസ്ഥാപനത്തിന് മുഖ്യ പരിഗണന നല്‍കുക, പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ നടപടികളുണ്ടാവുക, ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ തേടുക, അന്തിമ സധാധാന കരാര്‍ യാഥാര്‍ഥ്യമാക്കാനുള്ള കൂടിയാലോചനകള്‍ തുടരുക എന്നീ വ്യവസ്ഥകളാണ് കരാറിലുള്ളത്.

അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിക്കാതിരിക്കുക, എല്ലാത്തരം ശത്രുതാനടപകളില്‍നിന്നും പിന്‍വാങ്ങുക, സഹായവസ്തുക്കളുടെ നീക്കവും വിതരണവും തടസ്സപ്പെടുത്താതിരിക്കുക, അറസ്റ്റ് ചെയ്യപ്പെട്ടവരെയും കുററം ചുമത്തപ്പെട്ടവരെയും മോചിപ്പിക്കാന്‍ തയാറാവുക എന്നിവയാണ് അന്തിമ സമധാന കരാറില്‍ ഒപ്പിടാന്‍ സാഹചര്യം സൃഷ്ടിക്കുന്നതിന് ഇരുകക്ഷികളും പാലിക്കേണ്ട വ്യവസ്ഥകള്‍.

അറബി വംശജര്‍ക്ക് ആധിപത്യമുള്ള സുഡാന്‍ സര്‍ക്കാരിന്റെ അവഗണനക്കെതിരെ ആറു വര്‍ഷംമുമ്പാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ ദാര്‍ഫൂറിലെ ഗോത്രവര്‍ഗക്കാര്‍ കലാപം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന യുദ്ധങ്ങളില്‍ മൂന്നു ലക്ഷം പേര്‍ കൊല്ലപ്പെടുകയും 22 ലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ടെന്ന് യു.എന്‍ കണക്കാക്കുന്നു. ഇതാദ്യമായാണ് ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്മെന്റ് സര്‍ക്കാരുമായി നേരിട്ട് സമാധാന ചര്‍ച്ച നടത്തിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സുഡാനിലെ ദാര്‍ഫൂറില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിലേക്ക് വഴിതുറന്ന് സുഡാന്‍ സര്‍ക്കാരും ദാര്‍ഫൂറിലെ പ്രധാന വിമതകക്ഷിയും തമ്മില്‍ പ്രാഥമിക കരാറില്‍ ഒപ്പുവെച്ചു. ഖത്തറിന്റെയും ദാര്‍ഫൂര്‍ പ്രശ്നപരിഹാരത്തിനുള്ള യു.എന്‍-ആഫ്രിക്കന്‍ യൂനിയന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുഡാന്‍ സര്‍ക്കാരുമായി ജസ്റ്റിസ് ആന്റ് ഇക്വാലിറ്റി മൂവ്മെന്റ് (ജെം) കരാറില്‍ ഒപ്പിട്ടത്. ഇതുപ്രകാരം മറ്റ് വിമതകക്ഷികളുമായും ചര്‍ച്ചകള്‍ നടത്തി മൂന്നു മാസത്തിനുള്ളില്‍ അന്തിമ സമാധാന കരാറില്‍ ഒപ്പിടാനും തടവുകാരുടെ കൈമാറ്റം ആരംഭിക്കാനും ധാരണയായി.