Tuesday, August 10, 2010

നോമ്പിനായി ഖത്തറില്‍ ഖൈമകള്‍ ഒരുങ്ങി


ദോഹ : അറബികളുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള ഖൈമകള്‍ (തമ്പുകള്‍ ) റംസാന്‍ മാസത്തില്‍ സംജാതമാകുന്നതോടെ വീണ്ടും ജനപ്രിയമാകുന്നു.

മരുഭൂമിയില്‍ വേട്ടയ്ക്കും മറ്റും പോയിരുന്ന അറബികള്‍ പൗരാണിക കാലം മുതല്‍ക്കേ താത്കാലിക ഖൈമകള്‍ കെട്ടി താമസിച്ചാണ് വേട്ടയാടിയിരുന്നത്. ഈത്തപ്പഴവും മത്സ്യവും ഭക്ഷിച്ച് ജീവിച്ച നാളുകളില്‍ ഖൈമകളും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്ന അറബികള്‍ ഖൈമകള്‍ മടക്കിക്കെട്ടി ഒട്ടകപ്പുറത്ത് കൊണ്ടുപോവുക പതിവായിരുന്നു.

സമകാലികലോകത്ത് റംസാനിലാണ് ഖൈമകള്‍ക്ക് പ്രിയമേറുന്നത്. അറബികളുടെ വീടുകള്‍ക്ക് മുമ്പിലെല്ലാം ഖൈമകള്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം പൊതു സ്ഥലങ്ങളിലും പരമ്പരാഗത മജ്‌ലിസുകള്‍ ഖൈമകള്‍ക്കകത്താണ്.

പരവതാനികളും തലയിണയും ഖൈമകളെ മനോഹരമാക്കുന്നു. ചമ്രംപടിഞ്ഞിരുന്ന് സൊറ പറഞ്ഞ് കഹ്‌വയും സുലൈമാനിയും കുടിച്ചും ഈത്തപ്പഴം തിന്നും റംസാന്‍ രാവുകളെ അവര്‍ സജീവമാക്കുന്നു. ഉറങ്ങുന്ന പകലുകളും ഉണരുന്ന രാവുകളുമാണ് റംസാന്റെ സവിശേഷത.

നോമ്പുതുറ കഴിഞ്ഞാല്‍ തറാവീഹ് സമസ്‌കാരാനന്തരം ഖൈമകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും സംഗമിക്കുന്നു. കുടുംബകാര്യങ്ങള്‍ മുതല്‍ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നു.

അത്യന്താധുനിക ജീവിത സൗകര്യങ്ങള്‍ പറുദീസയൊരുക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലും പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും മനസ്സിലേറ്റി നടക്കുന്ന അറബികള്‍ ഖൈമസംസ്‌കാരവും കൈവിടാനൊരുക്കമില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും റംസാനില്‍ പ്രത്യക്ഷപ്പെടുന്ന ഖൈമകള്‍ വര്‍ണദീപങ്ങള്‍കൊണ്ടും അകത്തെ അലങ്കാരങ്ങള്‍കൊണ്ടും ആകര്‍ഷകമാണ്.

വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ക്ക് പുറമെ 'സിഷ' വലിക്കാനും അവര്‍ ഖൈമകളിലെത്തുന്നു. റംസാന്‍ രാവുകള്‍ക്കാനന്ദം പകരാന്‍ ഖൈമകളില്‍ പ്രശസ്ത ഗായകരുതിര്‍ക്കുന്ന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് ആനന്ദം പകരുന്നു. ചില ഹോട്ടലുകളില്‍ നൃത്തപരിപാടികളും അറബ് സംസ്‌കാരത്തിന്റെ ഭാഗമായി അരങ്ങേറുന്നു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

നോമ്പിനായി ഖത്തറില്‍ ഖൈമകള്‍ ഒരുങ്ങി