Friday, September 19, 2008

ഗാതഗതക്കുരുക്ക് ഒഴിവാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

ഖത്തര്‍: ഗതാഗതക്കുരുക്കും വാഹനങ്ങളുടെ ഒഴുക്കും അപകടങ്ങളും തിരിച്ചറിയാന്‍ തെരുവീഥികളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ടെന്ന് ഖത്തര്‍ ട്രാഫിക് പട്രോള്‍ വകുപ്പ് വ്യക്തമാക്കി.

ഏതു ഭാഗത്താണ് ഗതാഗതക്കുരുക്കുള്ളതെന്നും അപകടമുണ്ടായതെന്നും സൂക്ഷ്മമായി നിരീക്ഷിക്കാനും അവിടേക്ക് പോലീസിനെ എത്തിക്കാനും ഈ ക്യാമറകള്‍ ഉപകരിക്കുമെന്ന് ട്രാഫിക് വകുപ്പുമേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖാര്‍ജി പറഞ്ഞു.

നഗരത്തിന്റെ ചില ഭാഗങ്ങളിലുള്ള വളവുകളും തിരിവുകളും അപകടങ്ങള്‍ക്കു കാരണമായിത്തീരുന്നുണ്ട്. എന്നിരുന്നാലും അപകടമുണ്ടാക്കുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. അമിതവേഗംതന്നെയാണ് അപകടകാരണമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായമേഖലയിലെ റോഡ് ഭാഗികമായി തുറന്നതിനുശേഷം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വാഹനങ്ങള്‍ വന്‍തോതില്‍ ഖത്തറില്‍ വര്‍ധിക്കുന്ന കാര്യം ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഓരോ ലക്ഷം വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്-അദ്ദേഹം പറഞ്ഞു.

പുതിയ ഗതാഗതനിയമം നടപ്പിലായതിനുശേഷം വാഹന അപകടങ്ങള്‍ അമ്പത് ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ അപകടം നേരിയതോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അല്‍ഖാര്‍ജി വെളിപ്പെടുത്തി. ഭൂരിപക്ഷം പേരും നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെങ്കിലും പിഴ കൂടുതലാണെന്ന ആക്ഷേപമുണ്ട്. ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാവുന്നത് റംസാനിലാണ്. എല്ലാ വര്‍ഷവും റംസാനില്‍ തിരക്ക് കുറച്ച് വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കാന്‍ പരിപാടികള്‍ തയ്യാറാക്കാറുണ്ട്.

വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തത് മുഖ്യപ്രശ്‌നമാണ്. പാര്‍ക്കിങ് സൗകര്യമുണ്ടാക്കുന്നതുസംബന്ധിച്ച് മുനിസിപ്പല്‍ ആന്‍ഡ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗതാഗതക്കുരുക്കും വാഹനങ്ങളുടെ ഒഴുക്കും അപകടങ്ങളും തിരിച്ചറിയാന്‍ തെരുവീഥികളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ടെന്ന് ഖത്തര്‍ ട്രാഫിക് പട്രോള്‍ വകുപ്പ് വ്യക്തമാക്കി.