Monday, June 28, 2010

എഴുത്തുകാര്‍ പക്ഷം ചേരുന്നത് അപകടം : അക്‌ബര്‍ കക്കട്ടില്‍


ദോഹ:എഴുത്തുകാര്‍ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി പക്ഷപാതം കാട്ടുന്നതാണ് സമകാലിക സാഹിത്യ രംഗത്തെ പ്രധാന പ്രതിസന്ധിയെന്ന് പ്രമുഖ സാഹിത്യകാരന്‍ അക്‌ബര്‍ കക്കട്ടില്‍ . ഇന്ത്യന്‍ മീഡിയ ഫോറം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന്റെ പൊതുവായ രാഷ്ട്രീയം ഹ്യൂമനിസമാകണം. ജീവിക്കുന്ന സമൂഹത്തിലെ അംഗമെന്ന നിലക്ക് എഴുത്തുകാരന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളും സമീപനങ്ങളുമാകാം. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി എഴുത്തുകാരന്‍ അധഃപതിക്കരുത്.

സമകാലിക സാമൂഹ്യ സാംസ്‌കാരിക സംഭവങ്ങളോട് എഴുത്തുകാരന്‍ പ്രതികരിക്കേണ്ടത് അവന്റെ മാധ്യമങ്ങളിലൂടെയാവണം എന്നതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതമൗലിക വാദവും ഫാസിസവും തീവ്രവാദവും ഗുരുതരമായി വളരുകയാണ്. കേരളീയ ജീവിതത്തിന്റെ മുഖമുദ്രയായിരുന്ന സഹിഷ്ണുതയും സഹകരണവുമൊക്കെ മായുന്നത് ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ശക്തമായി നിലനില്‍ക്കുവാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുവാനും കോണ്‍ഗ്രസ്സും ഇടതുപക്ഷ ശക്തികളും സജീവമായി നിലനില്‍ക്കേണ്ടത് അനിവാര്യമാണ് ഏകമാനവികതയുടേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ക്കാണ് ഇന്ന് ഏറെ പ്രസക്തിയുള്ളത്, അദ്ദേഹം പറഞ്ഞു.

കടുത്ത അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് നല്ല രചനകളുണ്ടാകുന്നത്. മാത്രമല്ല സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുന്നത് കേള്‍ക്കുവാനും വായിക്കുവാനുമാണ് പുതിയ തലമുറയിലെ വായനക്കാര്‍ക്ക് ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ മലയാളത്തിലെ ആനുകാലികങ്ങളധികവും അനുഭവകഥകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഈ പ്രവണത തെറ്റാണെന്ന് പറയാനാവില്ലെങ്കിലും വായനക്ക് പലവിധത്തിലുള്ള പരിമിതികള്‍ നിര്‍ണയിക്കുകയും സര്‍ഗാത്മകതയുടെ ചൈതന്യം ചോര്‍ന്നുപോകാന്‍ കാരണമാവുകയും ചെയ്യുമോ എന്ന ആശങ്കയുണ്ട്.

ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആധിക്യം കാരണം എഴുത്തുകാര്‍ വളരെ പെട്ടെന്ന് മാധ്യമ ശ്രദ്ധ നേടുന്നുവെന്നതാണ് ആധുനിക സമൂഹം നേരിടുന്ന മറ്റൊരു പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു. അനവനെ മറി കടക്കുക എന്ന ശ്രമകരമായ കര്‍മമാണ് ഓരോരുത്തര്‍ക്കും ചെയ്യാനുള്ളത്. മുന്‍ രചനയേക്കാളും മികച്ച സൃഷ്ടികള്‍ നടത്താനാവാതെ വരുമ്പോള്‍ മരവിപ്പോ നിര്‍ജീവതയോ ഉണ്ടാകും.

റിയാലിറ്റി ഷോകളുടെ പ്രചാരം അനുവാചകരില്‍ പാട്ട് ആസ്വാദനത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് ബോധവത്ക്കരണത്തിന് സഹായകമായതായി അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ പോലും ശ്രുതിയെക്കുറിച്ചും ഫീലിനെക്കുറിച്ചും സംഗതികളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നിടത്താണ് ഇപ്പോഴുള്ളത്. എലിമിനേഷനുമായി ബന്ധപ്പെട്ട് അനഭിലഷണീയമായ ചില പ്രവണതകള്‍ കടന്നുവരുന്നുണ്ടെങ്കിലും രചനാത്മകമായ മാറ്റങ്ങള്‍ നാം കാണാതിരുന്നു കൂടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് ചന്ദ്രന്‍ സ്വാഗതവും പ്രദീപ് എം മേനോന്‍ നന്ദിയും പറഞ്ഞു.

4 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

എഴുത്തുകാര്‍ പ്രത്യേക താല്‍പര്യം മുന്‍നിര്‍ത്തി പക്ഷപാതം കാട്ടുന്നതാണ് സമകാലിക സാഹിത്യ രംഗത്തെ പ്രധാന പ്രതിസന്ധിയെന്ന് പ്രമുഖ സാഹിത്യകാരന്‍ അക്ബര്‍ കക്കട്ട്. ഇന്ത്യന്‍ മീഡിയ ഫോറം ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലി said...

"എഴുത്തുകാര്‍ പക്ഷം ചേരുന്നത് അപകടം : അക്ബര്‍ കക്കട്ട്"

അതാരാ....?!?

ശ്രീക്കുട്ടന്‍ said...

അക്ബര്‍ പറഞ്ഞെങ്കില്‍ അതു ശരിയായിരിക്കും

Noushad Vadakkel said...

>>>അക്ബര്‍ പറഞ്ഞെങ്കില്‍ അതു ശരിയായിരിക്കും<<<

അതെന്താ അദ്ദേഹം തെറ്റ് പറ്റാത്ത ആളാണോ ????