Saturday, August 1, 2009

മലയാളി ഖത്തറില്‍ കരുണ തേടുന്നു

ദോഹ:ഗള്‍ഫ് സ്വപ്നവുമായി ഖത്തറിലെത്തിയ മലയാളി പക്ഷാഘാതം പിടിപെട്ട് കഴിഞ്ഞ നാല് മാസത്തിലധികമായി റുമൈല റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍.

കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സ്വദേശി പൊട്ടുവക്കാട്ടില്‍ നജീബ് അബ്ദുല്‍ഖാദര്‍ എന്ന 48 കാരനാണ് ഇടതുഭാഗം പൂര്‍ണമായും തളര്‍ന്ന് കിടപ്പിലായത്. നാട്ടില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലിചെയ്തിരുന്ന ഇദ്ദേഹം ജീവിത പ്രാരാബ്ധങ്ങള്‍ക്കുമുമ്പില്‍ ഏക പോംവഴി എന്ന നിലയിലാണ് ഖത്തറിലെ ഒരു അറബി വീട്ടില്‍ കഴിഞ്ഞ ജനവരിയില്‍ ഡ്രൈവറായി എത്തിയത്.

തനിക്ക് ആകെ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും വീടും വിറ്റ് രണ്ട് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയും ഒരു ലക്ഷം രൂപയോളം വിസയ്ക്ക് നല്‍കിയുമാണ് നജീബ് ഖത്തറില്‍ വന്നത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസം കഴിയുമ്പോഴേക്കും നജീബിന്റെ ഇടതുഭാഗം തളര്‍ന്നുപോകുകയായിരുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സതേടിയ നജീബിന്റെ തലയില്‍ ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് റുമൈല റിഹാബിലിറ്റേഷന്‍ സെന്ററില്‍ സ്‌ട്രോക്ക് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്യേണ്ട സമയമായിരിക്കുന്നു.

കിടപ്പാടം വിറ്റ് ഖത്തറിലെത്തിയ ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ് താമസം. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളും പത്താംക്ലാസ് വിദ്യാര്‍ഥിയായ മകനും ഭാര്യയും ഉള്‍പ്പെടെ മൂന്നംഗ കുടുംബത്തെ പോറ്റേണ്ട ബാധ്യതകൂടി നിര്‍ധന കുടുംബാംഗമായ നജീബിനുണ്ട്. പൂര്‍ണമായും ഒരുഭാഗം തളര്‍ന്ന താന്‍ നാട്ടിലെത്തിയാല്‍ എങ്ങനെ ജീവിക്കുമെന്ന ചിന്തയാണ് തിരിച്ചുപോക്കിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത്.

യാത്രയ്ക്കാവശ്യമായ ടിക്കറ്റും ഒരു വീല്‍ചെയറും സ്‌പോണ്‍സര്‍ നല്‍കാമെന്ന് സമ്മതിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. സ്വന്തമായി എഴുന്നേറ്റു നില്‍ക്കാന്‍പോലും സാധ്യമല്ലാത്ത നജീബ് പ്രവാസഭൂമിയിലെ വറ്റാത്ത കാരുണ്യത്തിന്റെ ഉറവകള്‍തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയാണ് രോഗക്കിടക്കയില്‍നിന്നും പങ്കുവെക്കുന്നത്.

ഇദ്ദേഹത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 974-5617605, 974-4411545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

1 comment:

Unknown said...

ഗള്‍ഫ് സ്വപ്നവുമായി ഖത്തറിലെത്തിയ മലയാളി പക്ഷാഘാതം പിടിപെട്ട് കഴിഞ്ഞ നാല് മാസത്തിലധികമായി റുമൈല റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയില്‍.