Sunday, August 8, 2010

ഉത്തമ സാമൂഹ്യസൃഷ്ടി വ്രതത്തിന്റെ മുഖ്യലക്ഷ്യം : അബ്ദുല്‍ ഹമീദ് വാണിയമ്പലം


ദോഹ: ആര്‍ത്തിയും അതിമോഹങ്ങളും സഹജസ്വഭാവമായ മനുഷ്യനെ അതില്‍നിന്നും വിമോചിപ്പിച്ച്, ഭക്തിയുള്ള ഉത്തമ മനുഷ്യനാക്കി മാറ്റുകയും അതുവഴി ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കുകയുമാണ് റമദാന്‍ വ്രതത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.

ആദിമനുഷ്യന്റെ ആദ്യപാപവും ഭൂമിയിലെ ആദ്യപാപവും മനുഷ്യന്റെ അതിമോഹങ്ങളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നുമുണ്ടായതാണ്. കഠിനമായ ശിക്ഷണ പരിശീലനങ്ങളിലൂടെ വ്രതം ഇത്തരം തെറ്റുകളില്‍ നിന്നും പൈശാചിക പ്രേരണകളില്‍ നിന്നും മനുഷ്യനെ വിമോചിപ്പിക്കുന്നു -അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിച്ച 'റമദാന് സ്വാഗതം' പൊതുസമ്മേളനത്തില്‍ 'റമദാന്റെ ആത്മാവ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'പ്രാര്‍ഥനയും ജീവിതവും' എന്ന വിഷയത്തില്‍ പി.കെ. നിയാസ് സംസാരിച്ചു. മേഖലാ പ്രസിഡന്റ് പി.എം. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ലുഖ്മാന്‍ ഖിറാഅത്ത് നടത്തി. ഒ.എസ്. അബ്ദുല്‍ സലാം സ്വാഗതവും എം.ടി. ഷമീം നന്ദിയും പറഞ്ഞു. നാദിര്‍ അബ്ദുസ്സലാം ഗാനം ആലപിച്ചു.

അല്‍ഖോര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന അല്‍ഖോര്‍ മേഖല പൊതുസമ്മേളനത്തില്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ 'റമദാന്റെ ആത്മാവ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

ഇസ്‌ലാമിലെ ആരാധനകളുടെ ചൈതന്യം ഒരു വിശ്വാസി അവന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമേ ആരാധനകള്‍ അതിന്റെ പൂര്‍ണത കൈവരിക്കുകയുള്ളൂവെന്നും റമദാന്‍ വെറും പട്ടിണിയാക്കി മാറ്റാതെ അതിന്റെ ചൈതന്യത്തോടുകൂടി ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പ്രാര്‍ഥനയും ജീവിതവും' എന്ന വിഷയത്തില്‍ സക്കീര്‍ ഹുസൈന്‍ സി.പി. സംസാരിച്ചു. ആരാധനകളില്‍ ഏറെ ശ്രേഷ്ഠമായ ഒരു കര്‍മമാണ് പ്രാര്‍ഥനയെന്നും പ്രാര്‍ഥിക്കാത്തവരെ ദൈവം ഇഷ്ടപ്പെടുകയില്ലെന്നും അദ്ദേഹം സദസ്സിനെ ഉദ്‌ബോധിപ്പിച്ചു.

പരിപാടി അല്‍ഖോര്‍ യൂണിറ്റ് പ്രസിഡന്റ് അഷറഫ് നിയന്ത്രിച്ചു. അബ്ദുല്‍ മജീദ് ഖിറാഅത്ത് നടത്തി. റയ്യാന്‍ മേഖല സംഘടിപ്പിച്ച 'റമദാന് സ്വാഗതം' പൊതുസമ്മേളനം മദീന ഖലീഫ മര്‍കസുദ്ദഅ്‌വയില്‍ നടന്നു. സമീര്‍ കാളികാവ്, ഖാലിദ് മൂസ്സ നദ്‌വി എന്നിവര്‍ യഥാക്രമം 'റമദാന്റെ ആത്മാവ്', 'ഖുര്‍ആന്‍ ' എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. പരിപാടിയില്‍ മേഖല പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട് അധ്യക്ഷതവഹിച്ചു.


ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

ആര്‍ത്തിയും അതിമോഹങ്ങളും സഹജസ്വഭാവമായ മനുഷ്യനെ അതില്‍നിന്നും വിമോചിപ്പിച്ച്, ഭക്തിയുള്ള ഉത്തമ മനുഷ്യനാക്കി മാറ്റുകയും അതുവഴി ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കുകയുമാണ് റമദാന്‍ വ്രതത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് എഫ്.സി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.