Wednesday, August 11, 2010

റമദാന്‍ പ്രമാണിച്ച് ഖത്തര്‍ചാരിറ്റി ഒരുകോടി റിയാലിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍

ദോഹ: റമദാനില്‍ ഇഫ്താറിനും മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി ഖത്തര്‍ ചാരിറ്റി ഒരു കോടി റിയാല്‍ ചെലവഴിക്കും. ദോഹയിലും അല്‍ഖോറിലും വിവിധ ഭാഗങ്ങളില്‍ ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നതിന് പുറമെ റമദാന്‍ കിറ്റ് വിതരണം, സക്കാത്തിനെക്കുറിച്ച് ബോധവത്കരണം എന്നിവയാണ് പ്രധാനപരിപാടികള്‍ എന്ന് ചാരിറ്റിയുടെ ഇന്‍േറണല്‍ പ്രോഗ്രാംസ് ഡയറക്ടര്‍ അഹമദ് ബിന്‍ സാലിഹ് അല്‍ അലി അറിയിച്ചു.

30 ലക്ഷം റിയാലാണ് ഇഫ്താറിന് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായി 12 ഇഫ്താര്‍ ടെന്റുകള്‍ സജ്ജീകരിക്കും. ബാച്ചിലേഴ്‌സ് ഏറ്റവും കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് ആറ് ടെന്റുകള്‍ കൂടി ഒരുക്കുന്നുണ്ട്.

ദോഹയിലും അല്‍ഖോറിലുമുള്ള ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് ഈ ടെന്റുകളുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതാദ്യമായി ഇത്തവണ മൊബൈല്‍ ഇഫ്താര്‍ വാനുകളും ഖത്തര്‍ ചാരിറ്റി ഏര്‍പ്പെടുത്തുന്നുണ്ട്. ഹൈവേകളിലും റൗണ്ട് എബൗട്ടുകളിലും ഈ വാനുകള്‍ വഴി ഈന്തപ്പഴം, ജ്യൂസ്, കുടിവെള്ളം എന്നിവ വിതരണം ചെയ്യും.

റെസ്‌റ്റോറന്റുകളുമായി സഹകരിച്ച് 200 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കും. ഇതിനായി ഈ കുടുംബങ്ങള്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകള്‍ നല്‍കും. അധികംവരുന്ന ഭക്ഷണം പ്രത്യേകം പാക്ക് ചെയ്ത് ദിവസവും 100 പേര്‍ക്ക് വിതരണം ചെയ്യും. 500 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കുന്നതിനായി എട്ട് ലക്ഷം റിയാല്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ചാരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഹുസൈന്‍ അല്‍ നുമഹ് അറിയിച്ചു.

റമദാനില്‍ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ബാങ്ക് കാര്‍ഡുകളും നല്‍കും. ഖത്തര്‍ ഇസ്‌ലാമിക് ബാങ്കുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇതുകൂടാതെ ഇന്ത്യ, ഫലസ്തീന്‍, പാകിസ്ഥാന്‍, സുഡാന്‍, ലബനാന്‍, ഇന്തോനേഷ്യ, ഇറാഖ്, മാലി, യമന്‍, കൊസോവൊ, അല്‍ബേനിയ, മൗറിതാനിയ, ഇറാന്‍, ബോസ്‌നിയ, ഹെര്‍സെഗോവിന, ബംഗ്ലാദേശ്, സോമാലിയ എന്നിയവടക്കം 19 രാജ്യങ്ങളിലെ മൂന്നരലക്ഷം ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി 37 ലക്ഷം റിയാലും റമദാനില്‍ ഖത്തര്‍ ചാരിറ്റി ചെലവഴിക്കും.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

റമദാന്‍ പ്രമാണിച്ച് ഖത്തര്‍ചാരിറ്റി ഒരുകോടി റിയാലിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍