Tuesday, October 19, 2010

ഷ്യാകപ്പിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി

ദോഹ: ജനുവരി ഏഴ് മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ പേപ്പര്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു.

വില്ലേജിയോ, ലാന്റ്മാര്‍ക്ക്, സിറ്റി സെന്റര്‍ , ദി മാള്‍ എന്നീ ഷോപ്പിംഗ് മാളുകളിലെ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം വില്ലേജിയോ മാളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി സി.ഇ.ഒ സൗദ് അബ്ദുല്‍അസീസ് അല്‍ മുഹന്നദി നിര്‍വഹിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ ആരംഭിച്ചിരുന്നു.

ഫുട്ബാള്‍ പ്രേമികള്‍ക്ക് സുഗമമായി ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനാണ് ടൂര്‍ണമെന്റിന് രണ്ടരമാസം മുമ്പ് തന്നെ വില്‍പന ആരംഭിച്ചതെന്ന് സൗദ് അബ്ദുല്‍ അസീസ് പറഞ്ഞു. അഞ്ച് മല്‍സരവേദികളിലും പിന്നീട് ടിക്കറ്റ് വില്‍പനക്ക് സൗകര്യമൊരുക്കും. അഞ്ച് മുതല്‍ 150 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

ഖത്തറിലെ പ്രവാസികളില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ടീം കൂടി പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പ്രവാസി ഇന്ത്യക്കാരായ ഫുട്ബാള്‍ ആരാധാകരുടെ ഗണ്യമായ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പരമാവധി ഇന്ത്യക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുമെന്നും സി.ഇ.ഒ വ്യക്തമാക്കി. മറ്റ് രാജ്യക്കാര്‍ക്കും ജി.സി.സി രാജ്യങ്ങളിലും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്നും സൗദ് അബ്ദുല്‍ അസീസ് അറിയിച്ചു.

ഇന്ത്യക്ക് പുറമെ ഖത്തര്‍ , ആസ്‌ത്രേലിയ, ബഹ്‌റൈന്‍ ‍, ചൈന, വടക്കന്‍ കൊറിയ, ദക്ഷിണ കൊറിയ, ഇറാന്‍ , ഇറാഖ്, ജപ്പാന്‍ , ജോര്‍ദാന്‍ , കുവൈത്ത്, സൗദി അറേബ്യ, സിറിയ, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

1 comment:

Unknown said...

ജനുവരി ഏഴ് മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ പേപ്പര്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു.