Wednesday, January 5, 2011

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്വകാര്യകമ്പനികളോട് മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു.


ദോഹ: തൊഴില്‍ കരാറുകളില്‍ തൊഴിലാളികളുടെ ശമ്പളവും അലവന്‍സുകളും പിരിയുന്ന സമയത്തെ ആനുകൂല്യങ്ങളും ഒപ്പം വാര്‍ഷിക അവധി, വിമാനടിക്കറ്റ് എന്നിവയുടെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്ന്‌ സ്വകാര്യകമ്പനികളോട് മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലാത്ത കരാറുകള്‍ അംഗീകരിക്കില്ലെന്നു്‌ മന്ത്രാലയം വിളിച്ചുചേര്‍ത്ത സ്വകാര്യകമ്പനി പ്രതിനിധികളുടെ യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് സമയത്ത് ശമ്പളം നല്‍കുകയും ഇതു സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് മസാമാസങ്ങളില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യണമെന്നും അല്ലാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് ഓരോ വര്‍ഷത്തിനും 30 ദിവസത്തെ അടിസ്ഥാനശമ്പളമാണ് സര്‍വീസില്‍ നിന്ന് പിരിയുമ്പോഴുള്ള ആനുകൂല്യമായി നല്‍കേണ്ടത്.അഞ്ച് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് ഓരോ വര്‍ഷത്തേക്കും മൂന്നാഴ്ചത്തെ അടിസ്ഥാനശമ്പളം ഇങ്ങനെ നല്‍കണം. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളമാണ് ഇതിനായി കണക്കാക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

തൊഴിലാളികളുടെ ആരോഗ്യപരിചരണം, സുരക്ഷ എന്നിവ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ചില കമ്പനികള്‍ ചില ക്ലിനിക്കുകളുടെ സഹായത്തോടെ വ്യാജ രേഖകള്‍ ഹാജരാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ഉറപ്പാക്കാത്ത കമ്പനികളില്‍ കര്‍ശനമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലാളികളുടെ പരാതികള്‍ മന്ത്രാലയത്തില്‍ എത്തുന്നതിന് മുമ്പേ ഇത് കമ്പനിതലത്തില്‍ പരിഹരിക്കുന്നതിനായി തൊഴിലാളികളില്‍ നിന്ന് ഒരാളെതന്നെ ചുമതലപ്പെടുത്താവുന്നതണമെന്നും, തൊഴിലാളി അവധിയിലുള്ളപ്പോള്ളോ സ്ഥലത്തില്ലാത്തപ്പോഴോ പിരിച്ചുവിടല്‍ നടപടി സ്വീകരിക്കരുതെന്നും ഒപ്പം മതിയായ കാരണങ്ങളില്ലാതെ തൊഴിലാളി അറിയിക്കാതെയും പിരിച്ചുവിടാന്‍ പാടില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ വകുപ്പ് തലവന്‍ സാലിഹ് അല്‍ ശാവി, പബ്ലിക് ആന്റ് മീഡിയ റിലേഷന്‍സ് തലവന്‍ മുഹമ്മദ് അല്‍ അതിയ്യ, റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ നാസര്‍ മുഹന്ന, ലീഗല്‍ അഫയേഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഉബൈദി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

1 comment:

Unknown said...

തൊഴില്‍ കരാറുകളില്‍ തൊഴിലാളികളുടെ ശമ്പളവും അലവന്‍സുകളും പിരിയുന്ന സമയത്തെ ആനുകൂല്യങ്ങളും ഒപ്പം വാര്‍ഷിക അവധി, വിമാനടിക്കറ്റ് എന്നിവയുടെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്ന്‌ സ്വകാര്യകമ്പനികളോട് മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലാത്ത കരാറുകള്‍ അംഗീകരിക്കില്ലെന്നു്‌ മന്ത്രാലയം വിളിച്ചുചേര്‍ത്ത സ്വകാര്യകമ്പനി പ്രതിനിധികളുടെ യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി.