Saturday, March 19, 2011

'അഴകടലിലെ രഹസ്യങ്ങൾ ‍' സംഗീത നാടകം ശ്രദ്ധയാകര്‍ഷിക്കുന്നു


ദോഹ: രണ്ടാമത് ഖത്തര്‍ മറൈന്‍ ഫെസ്റ്റിവലിന് കട്ടാറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. ബുധനാഴ്ച ഔപചാരികമായി തുടക്കം കുറിച്ച ഫെസ്റ്റിവലിലേക്ക് ഇന്നലെ മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്.

ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും സമുദ്രത്തിലെ ജീവജാലങ്ങളെക്കുറിച്ചും ഒട്ടേറെ അറിവ് പകരുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ മറൈന്‍ ഫെസ്റ്റിവല്‍. പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ജിനാ ലാന്റി ഒരുക്കിയ 'സീക്രട്ട്‌സ് ഓഫ് ദി സീ' എന്ന നൃത്ത സംഗീത നാടകത്തോടെയാണ് ഫെസ്റ്റിവലിന് തിരശ്ശീല ഉയര്‍ന്നത്.

അത്യാധുനിക സാങ്കേതികവിദ്യകളുടെയും ശബ്ദ, വെളിച്ച സംവിധാനങ്ങളുടെയും അകമ്പടിയോടെ അരങ്ങിലെത്തുന്ന ഈ നാടകം ആധുനിക ഖത്തറിന്റെ കഥയാണ് പറയുന്നത്.

എല്ലാ ദിവസവും രാത്രി 7.30ന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകം ഫെസ്റ്റിവലില്‍ അരങ്ങേറും. 'ബഹര്‍ന' എന്ന പേരിലുള്ള അക്വേറിയം പ്രദര്‍ശനവും നാടന്‍കലകളുടെയും കരകൗശലമേളകളുടെയും സംഗമവേദിയായ 'അല്‍ ഫ്രീജ്' എന്ന പരമ്പരാഗത ഗ്രാമവുമാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. പത്ത് ദിവസത്തെ ഫെസ്റ്റിവലിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്കായി ഒട്ടേറെ പരിപാടികളും മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്.

പെയ്ന്റിംഗ് മത്സരം, കുട്ടികള്‍ക്കായുള്ള പരിപാടികള്‍, തല്‍സമയ കാരിക്കേച്ചര്‍ വരക്കല്‍ എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍. 'ബഹൂര്‍ വേള്‍ഡ്' എന്ന പേരിലുള്ള ഗെയിം സോണില്‍ നാലിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി പപ്പെറ്റ് ഷോ, ബലൂണ്‍ ഷെയ്പിംഗ്, മുഖത്ത് ചായമിടല്‍ തുടങ്ങിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

മറൈന്‍ മാജിക് ഷോ, ഗള്‍ഫ് രാജ്യങ്ങളുടെ കലാകാരന്‍മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം, സമുദ്രം പ്രമേയമായ ഡോക്യുമെന്ററികള്‍, സിനിമകള്‍, അനിമേഷന്‍ സിനിമകള്‍ എന്നിവയും സംഗീതത്തിന്റെയും പ്രകാശസംവിധാനങ്ങളുടെയും അകമ്പടിയോടെയുള്ള ഡാന്‍സിംഗ് ഫൗണ്ടന്‍ ആരെയും ആകര്‍ഷിക്കുന്നതാണ്.

എല്ലാ ദിവസവും വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഫെസ്റ്റിവല്‍ നഗരിക്ക് ചുറ്റും പ്രത്യേകം തയാറാക്കിയ ഫേഌട്ടുകളുടെ പരേഡുമുണ്ട്.കൂടാതെ പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായി ഖത്തര്‍ മറൈന്‍ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.

കായികപരിപാടികളാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ മറ്റൊരു സവിശേഷത. ഫുട്ബാളും വോളിബാളും ജിംനാസ്റ്റിക്‌സും അക്രോബാറ്റിക്‌സും സമന്വയിപ്പിച്ചുകൊണ്ടുള്ള ബോസ്ബാളും സെയ്‌ലിംഗ്, റോവിംഗ് എന്നിവയുമാണ് ഈ വിഭാഗത്തിലെ മുഖ്യ ഇനങ്ങള്‍ !.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെയും മറ്റ് ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 11 വരെയുമാണ് സന്ദര്‍ശകരുടെ പ്രവേശന സമയം.ഖത്തറിന്റെ സമുദ്രപാരമ്പര്യത്തെക്കുറിച്ച് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവബോധം നല്‍കുക എന്നതാണ് പരിപാടികളുടെ ലക്ഷ്യം.

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

'അഴകടലിലെ രഹസ്യങ്ങൾ ‍' സംഗീത നാടകം ശ്രദ്ധയാകര്‍ഷിക്കുന്നു

ബ്ലോഗ് ഹെല്‍പ്പര്‍ said...

മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
ബ്ലോഗിങ്ങിനു സഹായം