Friday, August 3, 2012

കുട്ടികളുടെ ഉല്‍സവമായ 'ഗാരംഗാഓ' ആഘോഷമാക്കി

ദോഹ: കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'ഇന്നലെ (ആഗസ്റ്റ് 2 വ്യാഴം) രാജ്യം ആഘോഷിച്ചു. ഇന്നലെ തറാവീഹ് നമസ്കാരത്തിന് ശേഷം കുട്ടികള്‍ പരമ്പരാഗത വേഷവിതാനങ്ങള്‍ അണിഞ്ഞ് തങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന പ്രത്യേക അറബിഗാനവും പാടി സമ്മാനങ്ങള്‍ക്കായി വീടുകള്‍ കയറിയിറങ്ങുന്ന കാഴ്ച്ച കാണാമായിരുന്നു.

പ്രവാസികളായ കുട്ടികളും തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ഈ ആഘോഷത്തില്‍ സജീവമായി പങ്കെടുത്തു. സഞ്ചിയുമായി പാട്ടുപാടിവന്ന് വാതിലില്‍ മുട്ടുന്ന കുട്ടികള്‍ക്ക് നല്‍കാനായി വീട്ടുകാരും കരുതി വെച്ചിരുന്ന സമ്മാനങ്ങള്‍ നൽകി.

മതപരമായ പരിവേഷമൊന്നുമില്ലെങ്കിലും എല്ലാ വര്‍ഷവും റമദാന്‍ 14നാണ് 'ഗാരംഗാഓ' ആഘോഷിക്കുന്നത്. മുത്തുവാരി ഉപജീവനം കഴിച്ചിരുന്ന പൂര്‍വ്വികരുടെ ജീവിതസംസ്കാരവുമായി ബന്ധപ്പെട്ടതാണ് 'ഗാരംഗാഓ' ആഘോഷം. മുത്തുവാരാന്‍ പുറപ്പെടുന്ന തോണികള്‍ നീണ്ടയാത്രക്ക് ശേഷം കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങളുമായാണ് പലപ്പോഴും തിരിച്ചെത്തുക. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് 'ഗാരംഗാഓ' ആഘോഷം.

ദോഹ എക്സിബിഷന്‍ സെന്ററില്‍ ഖത്തര്‍ ടൂറിസം കതോറിറ്റി സംഘടിപ്പിച്ചിരിക്കുന്ന സമ്മര്‍ ഫണ്‍ പാര്‍ക്കിലും 'ഗാരംഗാഓ'ടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും മല്‍സരങ്ങളും സമ്മാനങ്ങളുമെല്ലാം ഏര്‍പ്പെടുത്തിയിരുന്നു.

1 comment:

Unknown said...

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'ഇന്നലെ (ആഗസ്റ്റ് 2 വ്യാഴം) രാജ്യം ആഘോഷിച്ചു.