Tuesday, February 18, 2014

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ യൂസഫലി മൂന്നാം സ്ഥാനത്ത്‌

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലുള്ള സമ്പന്നരായ ഇന്ത്യക്കാരുടെ പുതിയ പട്ടികയില്‍ മലയാളിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ ഒരുപടി മുന്നില്‍ കടന്നു.

2.6 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ അഥവാ 13,500 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ദുബായ് ആസ്ഥാനമായുള്ള അറേബ്യന്‍ ബിസിനസ് മാസികയാണ് 2014-ലെ പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യത്ത അമ്പത് പേരില്‍ ആറ് മലയാളികളുണ്ട്.

2.15 ബില്യണ്‍ ഡോളറുമായി ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ളയാണ് യൂസഫലിക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത്. 1.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഒമ്പതാം സ്ഥാനത്തും 795 മില്യണ്‍ ഡോളറുമായി ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ 13-ാം സ്ഥാനത്തും നില്‍ക്കുന്നു.

515 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ് 27- ആം സ്ഥാനത്താണ്. 310 മില്യണുമായി കെഫ് ഹോള്‍ഡിങ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊളോന്‍ 43-ാം സ്ഥാനത്തുണ്ട്.

ഭക്ഷ്യവിതരണ നിര്‍മാണ കമ്പനിയായ അല്ലാന ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാനയാണ് ഗള്‍ഫിലെ ഏറ്റവും വലിയ സമ്പന്നനായ ഇന്ത്യക്കാരന്‍. 4.5 ബില്യണ്‍ ഡോളര്‍ അഥവാ 23,500 കോടി രൂപയാണ് അല്ലാനയുടെ ആസ്തി. ഖത്താരിയ ഹോള്‍ഡിങ് ചെയര്‍മാന്‍ രഘുവിന്ദര്‍ ഖത്താരിയ 2.9 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. യൂസഫലിക്കും രവി പിള്ളയ്ക്കും പിന്നില്‍ അഞ്ചാമനായി എന്‍.എം.സി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.ആര്‍ . ഷെട്ടി പട്ടികയില്‍ ഇടംപിടിച്ചു.

കേരളം ആസ്ഥാനമായുള്ള നാല് പ്രമുഖ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുള്ള എം.എ. യൂസഫലി ഫോബ്‌സ് മാസിക കഴിഞ്ഞവര്‍ഷം പുറത്തുവിട്ട സമ്പന്നരുടെ ആഗോളപട്ടികയിലും ഉള്‍പ്പെട്ടിരുന്നു.

ജി.സി.സി. രാജ്യങ്ങളിലായി 109 ഹൈപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിങ് മാളുകളുള്ള ലുലുഗ്രൂപ്പ് രണ്ട് വര്‍ഷത്തിനകം 42 പുതിയ മാളുകള്‍കൂടി ആരംഭിക്കുന്നുണ്ട്. മലേഷ്യയിലും ഇന്‍ഡൊനീഷ്യയിലും കൂടി ഈ വര്‍ഷം മാളുകള്‍ തുറക്കും. ഇപ്പോള്‍ ലുലുവിലുള്ള 31,400 ജീവനക്കാരില്‍ 24,000 മലയാളികളുണ്ട്

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫ് രാജ്യങ്ങളിലുള്ള സമ്പന്നരായ ഇന്ത്യക്കാരുടെ പുതിയ പട്ടികയില്‍ മലയാളിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ ഒരുപടി മുന്നില്‍ കടന്നു.