Sunday, February 9, 2014

ഖത്തറിലെ വിദേശ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടില്‍ വൈദ്യ പരിശോധന നടത്താം

ദോഹ: ഖത്തറില്‍ വിദേശ തൊഴിലാളികള്‍ക്ക് അതാതു രാജ്യങ്ങളില്‍ തന്നെ വൈദ്യ പരിശോധന നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഇന്ത്യ ഉള്‍പ്പടെയുള്ള പതിനൊന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന 200 മെഡിക്കല്‍ സെന്ററുകളെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

ഖത്തറിലെ വിവിധ മന്ത്രാലയങ്ങള്‍ , ജിസിസി രാജ്യങ്ങളിലെ ഹെല്‍ത്ത് മിനി സ്‌റ്റേഴ്‌സ് കൌണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഖത്തറില്‍ ജോലി തേടി വരുന്ന വിദേശ തൊഴിലാളികള്‍ തെരഞ്ഞെടുക്കപ്പെടുന്ന മെഡിക്കല്‍ സെന്ററുകളില്‍ എതെങ്കിലുമൊന്നില്‍ ആദ്യം വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കണം.

അംഗീകൃത മെഡിക്കല്‍ സെന്ററുകള്‍ നല്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈന്‍ വഴി ഖത്തറിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തൊഴിലാളികള്‍ക്കുള്ള വിസ അനുവദിക്കുക.

വിസ ലഭിച്ചു ഖത്തറിലെത്തിയാല്‍ നിലവിലുള്ള വൈദ്യ പരിശോധനകളും പൂര്‍ത്തിയാക്കേണ്ടി വരും. 2011 ല്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ കരടുരേഖ ഉടന്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ , ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സുഡാന്‍, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കേന്ദ്രങ്ങളിലാണ് വൈദ്യ പരിശോധനകള്‍ നടത്തേണ്ടത്.

ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പകര്‍ച്ച വ്യാധികള്‍ രാജ്യത്ത് കടക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഈ സംവിധാനം നിലവിലുണ്ട്. കേരളത്തില്‍ എവിടെയൊക്കെ ആയിരിക്കും വൈദ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങള്‍ എന്നറിയാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ വിദേശ തൊഴിലാളികള്‍ക്ക് അതാതു രാജ്യങ്ങളില്‍ തന്നെ വൈദ്യ പരിശോധന നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും.