Tuesday, February 25, 2014

ഖത്തറില്‍ വില്ലകള്‍ പാര്‍ട്ടീഷന്‍ ചെയ്യുന്നത് നിരോധിക്കുന്നു

ദോഹ: വില്ലകള്‍ വിഭജിച്ച് ചെറിയ താമസ സ്ഥലങ്ങളാക്കുന്നത് രണ്ട് മാസത്തിനകം നിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ന്യൂ റയ്യാന്‍ പ്രതിനിധി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശാഫി പറഞ്ഞു.

വില്ലകളുടെ വിഭജനം നിരോധിക്കണമെന്ന് സി.എം.സി, മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം മന്ത്രിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് കൂടുതല്‍ പഠിച്ച് തീരുമാനമെടുക്കുന്നതിനായി ലീഗല്‍ കമ്മിറ്റിയേയും നഗരാസൂത്രണ വിഭാഗത്തെയും ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്.

മന്ത്രിയുടെ തീരുമാനം കാത്തിരിക്കുകയാണെന്നും. വില്ലകള്‍ വിഭജിക്കുന്നത് നിരോധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ റയ്യാനില്‍ നിന്നുള്ള അംഗമായ മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശാഫിയാണ് വില്ലകള്‍ വിഭജിക്കുന്നത് കര്‍ശനമായി തടയണമെന്ന ആവശ്യമുന്നയിച്ചത്.

ഒരു വില്ലയില്‍ തന്നെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നത് കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയുണ്ടാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പാര്‍ക്കിങ് ഏരിയ, വൈദ്യുതി, വെള്ളം തുടങ്ങിയവയുടെയെല്ലാം അമിത ആവശ്യവും ഉപഭോഗവുമാണുണ്ടാവുന്നത്. തന്‍െറ പരിധിയില്‍പ്പെട്ട പ്രദേശമായ റയ്യാനില്‍ ഒരു വില്ല 10 ഭാഗം വരെയായി വിഭജിച്ചതായും അദ്ദേഹം പറഞ്ഞു.

ഇത്തരം വില്ലകളില്‍ കഹ്റമാ വെള്ളവും വൈദ്യുതിയും കൊടുക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ പരിശോധകരെ നിശ്ചയിക്കണമെന്നന് സി.എം.സി ആവശ്യപ്പെട്ടിരുന്നു.

വില്ലകള്‍ വിഭജിക്കുന്നതിന് നിരോധിച്ചാല്‍ മലയാളികളടക്കമുളള പ്രവാസികളെ പ്രതികൂലമായി ബാധിക്കും. വീട്ടുവാടക കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മിക്ക കുടുംബങ്ങള്‍ക്കും വില്ലകള്‍ വിഭജിച്ചുള്ള പാര്‍പ്പിടങ്ങള്‍ ലഭിക്കുന്നത് കൊണ്ടാണ് താങ്ങാവുന്ന വാടകക്ക് താമസം ലഭിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വില്ലകള്‍ വിഭജിച്ച് ചെറിയ താമസ സ്ഥലങ്ങളാക്കുന്നത് രണ്ട് മാസത്തിനകം നിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ന്യൂ റയ്യാന്‍ പ്രതിനിധി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശാഫി പറഞ്ഞു.