Wednesday, March 26, 2014

രണ്ട് വര്‍ഷത്തെ വിലക്കും എക്സിറ്റും ഖത്തര്‍ നിര്‍ത്തലാക്കുന്നു ?.

ദോഹ: ഖത്തറില്‍ ജോലിയില്‍ നിന്നും വിട്ടുപോകുന്ന തൊഴിലാളികള്‍ക്ക് രണ്ടു വര്‍ഷത്തെ നിരോധനം എര്‍പെടുത്തുന്നതുള്‍പ്പടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന.

ഖത്തര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ പ്രതിനിധി സംഘത്തിലെ അംഗമാണ് ഇതു സംബന്ധിച്ച ഖത്തറിന്റെ അനുകൂല നിലപാടുകളെ കുറിച്ചു മാധ്യമങ്ങള്‍ക്ക് വിവരം നല്കിയത്.

ഖത്തര്‍ പ്രധാന മന്ത്രി ഉള്‍പെടെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നതതല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം മാരിയോ ഡേവിഡ് ആണ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് കമ്പനിയില്‍ നിന്നും നോ ഒബ്ജക്ഷന്‍ ലെറ്റര്‍ ലഭിക്കാതെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യാനോ രണ്ടു വര്‍ഷത്തേക്ക് ഖത്തറില്‍ തിരിച്ചു വരാനോ കഴിയില്ല.

അവധിക്കു നാട്ടില്‍ പോകുമ്പോഴും ഖത്തറില്‍ നിന്ന് പുറത്തു പോകുമ്പോഴും സ്‌പോണ്‍സറില്‍ നിന്നും എക്‌സിറ്റ് പെര്‍മിറ്റ് വാങ്ങിയിരിക്കണമെന്നും നിയമമുണ്ട്.എന്നാല്‍ ഇത്തരം നിയമങ്ങള്‍ വലിയ തരത്തിലുള്ള ആശയ കുഴപ്പങ്ങള്‍ക്കും ഇടയാക്കുന്നുവെന്നും വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തന്നെ തടയുന്നുവെന്നും കാണിച്ചു ചില കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഖത്തറിനു ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണെങ്കിലും ഖത്തര്‍ ചേംബര്‍ ഉള്‍പെടെയുള്ള ബിസിനസ് സമൂഹത്തിന്റെ എതിര്‍പ്പുകള്‍ മാനിച്ചു ഈ നിയമം തുടര്‍ന്നു വരികയാണ്.

എന്നാല്‍ ഈ സുപ്രധാനമായ നിയമം ഉള്‍പെടെ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധം കാതലായ മാറ്റങ്ങള്‍ വാരുത്താന്‍ ഖത്തര്‍ സന്നദ്ധമാകുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളിനുള്ള മുന്നോരുക്കങ്ങളുടെ ഭാഗമായി ഖത്തറിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള രണ്ടു പ്രതിനിധി സംഘങ്ങള്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്.

ജയിലുകളും രാജ്യത്തെ പ്രമുഖ കമ്പനികളും മന്ത്രാലയങ്ങളും സന്ദര്‍ശിച്ചു മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഖത്തര്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.ജി.സി സി രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണം ഖത്തര്‍ ശക്തിപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.

എക്‌സിറ്റ് പെര്‍മിറ്റ് ഉള്‍പെടെയുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണെന്നും ഖത്തറിനു ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് ഉള്ളതെന്നും സംഘത്തിലെ പ്രധാന അംഗം മാരിയോ ഡേവിഡ് ദോഹ ന്യൂസിന് നല്കിയ നിര്‍ദേശങ്ങളുടെ പകര്‍പ്പില്‍ വ്യക്തമാക്കി.

സെപ്തംബറില്‍ സംഘം വീണ്ടും ദോഹ സന്ദര്‍ശിക്കുമെന്നും സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഉടന്‍ ഭേദഗതിയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അംഗങ്ങള്‍ പറഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.