Sunday, September 18, 2016

വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നു



ദോഹ: രണ്ടരമാസത്തെ നീണ്ട വേനലവധിക്കുശേഷം രാജ്യത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു.191 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍, 245 സ്വകാര്യസ്‌കൂള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളിലാണ് ഇന്ന് മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചത്. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ 1,00,319-ഉം സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 1,72,247 വിദ്യാര്‍ഥികളാണുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.

ഈ മാസം ആദ്യവാരം ഏതാനും ചില സ്‌കൂളുകള്‍ മാത്രമാണ് പുനരാരംഭിച്ചത്. പുതുതായി 15 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഈ വര്‍ഷം തുറക്കുമെന്നാണ് സൂചന. ഇതോടെ പ്രാഥമിക, ദ്വീതീയ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ 10,380 സീറ്റുകള്‍ കൂടി ലഭ്യമാകും. വിവിധ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലായി 2360 സീറ്റുകളിലേക്കാണ് പ്രവേശനം ലഭ്യമാക്കിയിട്ടുള്ളത്.

അതേസമയം, പുതിയ അധ്യയനവര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നത് പ്രവാസി രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ സ്‌കൂളുകള്‍ രക്ഷിതാക്കളെ വിവരമറിയിച്ചിരുന്നു. എന്നാല്‍, ഏഴു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍സ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ അധ്യയനവര്‍ഷത്തില്‍ രാജ്യത്തെ 55 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതിയാണ് മന്ത്രാലയം നല്‍കിയിട്ടുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തനച്ചെലവ് കൂടിയതാണ് സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള കാരണമായി പറയുന്നത്.ഇന്ധനവിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്‌കൂള്‍ ബസ്സുകളുടെ വാടക വര്‍ധിപ്പിക്കാനും കരാര്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.

അധ്യയന വര്‍ഷത്തിന്റെ മധ്യത്തോടെ സ്‌കൂള്‍ ബസ്സുകള്‍ക്ക് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും സ്വകാര്യഗതാഗത കമ്പനികളില്‍ നിന്നാണ് ബസ്സുകള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇന്ധനവിലയില്‍ നിയന്ത്രണം വന്നതോടെ വാടക വര്‍ധിപ്പിക്കണമെന്ന കമ്പനികളുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതരാകുന്നത്.

സ്‌കൂള്‍ ബസ്സുകളുടെ ഫീസ് വര്‍ധിപ്പിക്കുന്നതോടെ സ്വകാര്യ സ്‌കൂളുകളിലെ പഠനചെലവ് വീണ്ടും ഉയരും.പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ രാജ്യത്തെ സ്‌കൂള്‍ സ്റ്റേഷനറി കടകളില്‍ വില്പനയുടെ തിരക്കാണ്. ബാക്ക് ടു സ്‌കൂള്‍ എന്ന പേരിലാണ് സെയില്‍സ്‌ െപ്രാമോഷന്‍ നടത്തുന്നത്. പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളെ വരവേല്‍ക്കുന്നതിന് വിവിധ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റും ജീവനക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ മാത്രമല്ല, രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളും ഓഫീസുകളും ഈദ് അവധിക്ക് ശേഷം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. രണ്ടര മാസത്തെ നീണ്ട വേനലവധിക്കുശേഷമാണ് ഭൂരിഭാഗം പ്രവാസികളും തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്. ഇതോടെ രാജ്യം വീണ്ടും തിരക്കിലേക്ക് പ്രവേശിക്കും. റോഡുകളും വ്യാപാര സമുച്ചയങ്ങളും വാണിജ്യ നിരത്തുകളും തിരക്കേറും. വാഹനഗതാഗതം കൂടുന്നതിനാല്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലുകളും മന്ത്രാലയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വാഹനസഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വേനലവധിക്കുശേഷം സ്‌കൂളുകള്‍ തുറന്നു