Monday, November 10, 2008
ഇത് ചരിത്രം
ദോഹ:പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ പ്രധാനനേട്ടം പ്രതിരോധ സുരക്ഷാ മേഖലകളിലെ കരാറാണ്. പരസ്‌പരസഹകരണം മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ താനിയും വിശദമായ ചര്‍ച്ചകള്‍ നടത്തി.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതകള്‍ ഇരുനേതാക്കളും അവലോകനം ചെയ്‌തു. നിയമ-സുരക്ഷാ കരാറില്‍ ഇന്ത്യയ്‌ക്കുവേണ്ടി വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും ഖത്തറിനുവേണ്ടി ആഭ്യന്തര സഹമന്ത്രി അബ്ദുള്‍ ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫയും ഒപ്പുവെച്ചു.
പ്രതിരോധ കരാറില്‍ ഇന്ത്യയ്‌ക്കുവേണ്ടി പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങും ഖത്തറിനുവേണ്ടി മന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ അതിയയും ഒപ്പുവെച്ചു.
കുഴല്‍പ്പണം, വ്യാജ കറന്‍സി, മറ്റു സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവ തടയുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനു വേണ്ടിയാണ് നിയമസുരക്ഷാ കരാര്‍. തീവ്രവാദികളുടെയും കടല്‍ക്കൊള്ളക്കാരുടെയും ഭീഷണി നേരിടുന്നതിനുള്ളതാണ് പ്രതിരോധ കരാര്‍.
ഇന്ത്യയിലെ വര്‍ധിച്ച ഊര്‍ജാവശ്യം നിറവേറ്റുന്നതിനു വേണ്ടി കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതക ആവശ്യം പരിഗണിക്കാമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചു. തത്‌കാലം പ്രകൃതിവാതകം ആവശ്യമനുസരിച്ചുള്ള ഉത്‌പാദനമില്ലെന്നും ഇന്ത്യയുടെ ആവശ്യം പരിശോധിച്ചശേഷം പരിഗണിക്കാമെന്നുമാണ് ഖത്തര്‍ പെട്രോളിയം മന്ത്രി ഇന്ത്യയുടെ പെട്രോളിയം മന്ത്രി മുരളി ദേവ്‌രയെ അറിയിച്ചത്.
വര്‍ഷംപ്രതി 75 ലക്ഷം ടണ്‍ പ്രകൃതിവാതകം ഇപ്പോള്‍ ഇന്ത്യയ്‌ക്കു ലഭിച്ചുവരുന്നുണ്ട്. ഇതു സംബന്ധിച്ച ദീര്‍ഘകാല കരാര്‍ പുതുക്കി വാതക ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നത്. ഖത്തര്‍-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മുന്നേറ്റത്തില്‍ പുതിയ അധ്യായം കുറിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്‌താവിച്ചു.
ഖത്തറിലെ ബിസിനസ് പ്രമുഖരുമായും നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പ്രധാനമന്ത്രിയും സംഘവും മൂന്നു ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ത്യയിലേയ്‌ക്കു മടങ്ങിയത്. തിങ്കളാഴ്‌ച വൈകുന്നേരം ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായി ഒത്തുചേരല്‍ നടന്നു.
ഖത്തറില്‍ അമീര്‍ ശൈഖ് ഹാമദ് ബിന്‍ ഖലീഫ അല്‍താനി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു കൊട്ടാരത്തില്‍ സ്വകാര്യ വിരുന്നു നല്‍കി. ഖത്തറിലെ കിരീടാവകാശി ശൈഖ് അഹമ്മദ് ബിന്‍ അല്‍താനിയുമായി ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് എം.കെ.നാരായണന്‍ പ്രത്യേക ചര്‍ച്ച നടത്തുകയുണ്ടായി.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് എം.കെ.നാരായണന്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ, വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) എന്‍.രവി എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
ഖത്തറില്‍ അമീര്‍ ശൈഖ് ഹാമദ് ബിന്‍ ഖലീഫ അല്‍താനി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു കൊട്ടാരത്തില്‍ സ്വകാര്യ വിരുന്നു നല്‍കി.
Post a Comment