Wednesday, August 4, 2010

ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ആരോഗ്യപരിശോധന

ദോഹ: താഴ്ന്ന വരുമാനക്കാരായ വിദേശതൊഴിലാളികള്‍ക്ക് വേണ്ടി ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ആരോഗ്യപരിശോധന നടത്താന്‍ ദോഹയിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് രംഗത്തെത്തി.

മാരകമായ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകമായ വന്‍ സാമ്പത്തിക ചെലവുവരുന്ന വിവിധ പരിശോധനകളാണ് 50 റിയാല്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ നടത്തപ്പെടുക. അഞ്ഞൂറിലേറെ റിയാല്‍ സാധാരണ നിലയില്‍ ചെലവുവരുന്ന പരിശോധനകളാണ് 50 റിയാല്‍ ഫീസടച്ച് റജിസ്റ്റര്‍ ചെയ്താല്‍ നടത്തപ്പെടുന്നതെന്ന് ജനറല്‍ മാനേജര്‍ ദിനേഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗള്‍ഫിലെ പ്രത്യേക ജീവിത സാഹചര്യത്തില്‍ വിദേശികളെ ബാധിക്കുന്ന പ്രമേഹം, കൊളസ്‌ട്രോള്‍, മറ്റു ഹൃദ്രോഗങ്ങള്‍, വൃക്കരോഗം, കരളിനെ ബാധിക്കുന്നരോഗങ്ങള്‍, യൂറിക് ആസിഡ് തുടങ്ങിയരോഗങ്ങളെ തിരിച്ചറിയാനുള്ള പരിശോധനകളാണ് നടത്തുക.

രക്തസമ്മര്‍ദം, ബി.എം.ഐ, രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈല്‍ (എല്‍.സി.എല്‍. എച്ച്.സി.എല്‍), വില്‍ഡില്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ്, ബ്ലഡ് യൂറിയ, ക്രിയാറ്റിക്, യൂറിക് ആസിഡ്, എസ്.ജി.പി.ടി. പരിശോധനകളാണീ പാക്കേജിലുള്ളത്.

ആയിരക്കണക്കിന് രോഗികള്‍ക്കിതിന്റെ പ്രയോജനം ലഭ്യമാവുമെന്നദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം പന്ത്രണ്ടായിരത്തോളമാളുകള്‍ക്കിതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ രോഗം ബാധിച്ചതായി കണ്ടെത്തിയ പത്ത് രോഗികളെ ഹമദ് ആസ്​പത്രിയിലെ അത്യാഹിതവിഭാഗത്തിലേക്കയച്ചതായി ദിനേഷ്‌കുമാര്‍ പറഞ്ഞു.

വിദഗ്ധരായ നിരവധി ഫിസിഷ്യന്മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷം മുതല്‍ സൗജന്യ പരിശോധനകളാണാരംഭിച്ചത്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ തള്ളിക്കയറ്റമുണ്ടായത് കാരണമാണ് എല്ലാവര്‍ഷങ്ങളിലും ഈ പ്രചാരണം നടത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. കാല്‍ലക്ഷമാളുകളെ ഈ വര്‍ഷം ഒരുമാസത്തിനകം പരിശോധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നതായി ഡയറക്ടര്‍ സി.വി. അബ്ദുള്‍ നാസ്സര്‍ പറഞ്ഞു.

ജനറല്‍ മാനേജര്‍ ദിനേഷ്‌കുമാര്‍, ഡയറക്ടര്‍ അബ്ദുള്‍നാസ്സര്‍ സി.വി. എന്നിവര്‍ക്കുപുറമെ ടെക്‌നോളജിസ്റ്റ് അബ്ദുള്‍ ഹക്കീം,ലാബ് ടെക്‌നിഷ്യ ജിംസി വര്‍ഗ്ഗീസ് എന്നിവരും ഹോട്ടല്‍ താജ് പാലസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

Unknown said...

താഴ്ന്ന വരുമാനക്കാരായ വിദേശതൊഴിലാളികള്‍ക്ക് വേണ്ടി ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ആരോഗ്യപരിശോധന നടത്താന്‍ ദോഹയിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് രംഗത്തെത്തി.