Wednesday, December 31, 2008

ഗാസയില്‍ ഖത്തറിന്റെ സഹായം എത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കും

ദോഹ:ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് കടുത്ത ദുരിതം അനുഭവിക്കുന്ന ഗാസ മുനമ്പില്‍ ഖത്തറില്‍നിന്നുള്ള സഹായവസ്തുക്കള്‍ വ്യോമമാര്‍ഗം എത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കും. ഇസ്രായേലിന്റെ അനുമതിയോടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായാണിതെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ 'ഹാറത്സ്' റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലേക്കുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി ദോഹയില്‍നിന്ന് അയച്ച ഖത്തര്‍ എയര്‍വെയ്സിന്റെ മൂന്ന് വിമാനങ്ങള്‍ ഈജിപ്തിലെ വടക്കന്‍ പ്രവിശ്യയായ സീനായിലെ അല്‍അരീഷ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.

രണ്ടു വിമാനങ്ങളില്‍ 45 ടണ്‍ വീതം മരുന്നും ഒന്നില്‍ 45 ടണ്‍ ഭക്ഷ്യസാധനങ്ങളുമാണുള്ളത്. ട്രക്കുകളില്‍ റഫാ അതിര്‍ത്തി വഴി ഇത് ഗാസയിലേക്ക് കടത്താന്‍ ഈജിപ്ത് അനുവദിച്ചിട്ടില്ല. ഇനി വിമാനങ്ങള്‍ ഇസ്രായേലിലിറങ്ങി അവിടെനിന്ന് ദുരിതാശ്വാസ വസ്തുക്കള്‍ ഗാസയിലേക്ക് വിടാനാണ് തെല്‍അവീവ് സര്‍ക്കാര്‍ സന്നദ്ധമായിട്ടുള്ളത്.

ഖത്തര്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഇസ്രായേല്‍ ഇതിന് സമ്മതിച്ചത്. ഞായറാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി സിപി ലിവ്നി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയെ ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട്, പ്രതിരോധ മന്ത്രി യഹൂദ് ബറാക് എന്നിവരുമായി ചര്‍ച്ച ചെയ്തശേഷം മറുപടി തരാമെന്നാണ് ലിവ്നി അറിയിച്ചിരുന്നത്.

ഗാസയിലേക്കുള്ള സഹായവസ്തുക്കളുമായി ഖത്തര്‍ അയച്ച കപ്പലിനെ ഇസ്രായേല്‍ ആദ്യം തടഞ്ഞിരുന്നു. പിന്നീട് ഉപരോധം ലംഘിച്ച് കപ്പല്‍ അയക്കുകയായിരുന്നു. ഉപരോധം ലംഘിച്ച് ഗാസയിലെത്തുന്ന ആദ്യ അറബ് കപ്പലായിരുന്നു ഇത്. അടുത്ത ദിവസം രണ്ടാമത്തെ കപ്പലും അയക്കാനുള്ള തീരുമാനത്തിലാണ് ഖത്തര്‍. ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയുടെ അഞ്ച് ആംബുലന്‍സുകള്‍ കഴിഞ്ഞ ദിവസം ഗാസയിലെത്തി.

ഇന്റര്‍നാഷനല്‍ റെഡ്ക്രസന്റ് സൊസൈറ്റിയുമായും ഫലസ്തീന്‍ റെഡ്ക്രസന്റുമായും സഹകരിച്ച് കറം അബൂസാലിം അതിര്‍ത്തിവഴിയാണ് ആംബുലന്‍സുകള്‍ ഗാസയില്‍ പ്രവേശിച്ചത്. ഗാസയിലെ പ്രഥമ ശുശ്രൂഷാകേന്ദ്രങ്ങള്‍ക്ക് ഇവ കൈമാറും. കൂടുതല്‍ ആംബുലന്‍സുകള്‍ എത്തിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് കടുത്ത ദുരിതം അനുഭവിക്കുന്ന ഗാസ മുനമ്പില്‍ ഖത്തറില്‍നിന്നുള്ള സഹായവസ്തുക്കള്‍ വ്യോമമാര്‍ഗം എത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കും. ഇസ്രായേലിന്റെ അനുമതിയോടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്റെ ഭാഗമായാണിതെന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ 'ഹാറത്സ്' റിപ്പോര്‍ട്ട് ചെയ്തു.

ഗാസയിലേക്കുള്ള മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി ദോഹയില്‍നിന്ന് അയച്ച ഖത്തര്‍ എയര്‍വെയ്സിന്റെ മൂന്ന് വിമാനങ്ങള്‍ ഈജിപ്തിലെ വടക്കന്‍ പ്രവിശ്യയായ സീനായിലെ അല്‍അരീഷ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍