ദോഹ:നോര്‍ക്ക റൂട്സ് വഴി വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പദ്ധതി എങ്ങുമെത്തിയില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നോര്‍ക്ക റൂട്സ് മുഖേന വിദേശത്തക്ക് റിക്രൂട്ട് ചെയ്തത് നാലു പേരെ മാത്രം.
വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ഥികളെ അറിയിക്കാന്‍ എംപ്ലോയ്മെന്റ് മാപ്പിംഗ് നടത്തുമെന്ന പ്രവാസി മലയാളി വകുപ്പിന്റെ (നോര്‍ക്ക) തീരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. തൊഴിലന്വേഷകരുടെ ഡാറ്റാ ബാങ്കും യാഥാര്‍ഥ്യമായില്ല. നോര്‍ക്കയുടെ ഫീല്‍ഡ് ഏജന്‍സിയാണ് നോര്‍ക്ക റൂട്സ്.
2006ലാണ് നോര്‍ക്ക റൂട്സിന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റിനുള്ള ലൈസന്‍സ് നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളിലെ മെച്ചപ്പെട്ട തൊഴിലുകളിലേക്ക് പരമാവധി മലയാളികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
2007ല്‍ യു.എ.ഇയിലേക്ക് നാലുപേരെ നോര്‍ക്ക റൂട്സ് വഴി റിക്രൂട്ട് ചെയ്തിരുന്നു. 2008ല്‍ ദുബൈയിലെ സ്വകാര്യ കമ്പനി തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ നടത്തിയെങ്കിലും യോജിച്ച ഉദ്യോഗാര്‍ഥികളെ കിട്ടാത്തതിനാല്‍ പിന്‍വാങ്ങി. ഇതിനപ്പുറം നോര്‍ക്ക റൂട്സിന് കീഴില്‍ റിക്രൂട്ട്മെന്റുകളൊന്നും നടന്നില്ല.
വിദേശ രാജ്യങ്ങളിലേക്കുള്ള മുഴുവന്‍ റിക്രൂട്ട്മെന്റും നോര്‍ക്കക്ക് കീഴിലാക്കുമെന്നും അനധികൃത റിക്രൂട്ട്മെന്റുകള്‍ തടയുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ചിരുന്നു. അനധികൃത റിക്രൂട്ട്മെന്റ് തടയാന്‍ പോലിസില്‍ പ്രത്യേക സെല്‍ രൂപവത്കരിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് നോര്‍ക്ക പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് മാപ്പിംഗ്, ഡാറ്റാ ബാങ്ക് പദ്ധതികളെ സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. നോര്‍ക്ക റൂട്സ് അധികൃതരുടെ അലംഭാവം മൂലം റിക്രൂട്ട്മെന്റ് പദ്ധതി പ്രാവര്‍ത്തികമാക്കാനായിട്ടില്ല. തൊഴിലന്വേഷകരുടെ ഡാറ്റാബാങ്കിനുള്ള രൂപരേഖ പോലും തയാറാക്കിയിട്ടില്ല. വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ വെബ്സൈറ്റിലൂടെ കൃത്യസമയത്ത് അറിയിക്കാനും സംവിധാനമില്ല.
കഴിവ് പരിപോഷിപ്പിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിശീലനങ്ങളാണ് വിദേശത്തേക്കുള്ള തൊഴിലന്വേഷകര്‍ക്കായി നോര്‍ക്ക റൂട്സ് ഇപ്പോള്‍ നടത്തുന്ന ഏക പരിപാടി. ജീവനക്കാരുടെ കുറവാണ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ തടസ്സമെന്ന് നോര്‍ക്കാ അധികൃതര്‍ പറയുന്നു.
1 comment:
നോര്‍ക്ക റൂട്സ് വഴി വിദേശ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പദ്ധതി എങ്ങുമെത്തിയില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നോര്‍ക്ക റൂട്സ് മുഖേന വിദേശത്തക്ക് റിക്രൂട്ട് ചെയ്തത് നാലു പേരെ മാത്രം.
Post a Comment