Wednesday, January 28, 2009
എന്റെ പത്മശ്രീ പ്രവാസി സമൂഹത്തിനുള്ള അംഗീകാരം:സി.കെ. മേനോന്‍
ദോഹ:ഗള്‍ഫ് മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതോടൊപ്പം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മാതൃകാപരമായ സംഭാവനകള്‍ രാജ്യം ശ്രദ്ധിക്കുന്നതിന്റെ തെളിവാണ് എന്റെ പത്മശ്രീയെന്ന് സി.കെ. മേനോന്‍ പറഞ്ഞു.
ഇപ്രാവശ്യത്തെ റിപ്പബ്ളിക് ദിനപുരസ്കാരത്തിന് പ്രവാസി സമൂഹത്തിലെ മഹത് വ്യക്തികളെയും ഉള്‍പ്പെടുത്തിയത് പ്രശംസയര്‍ഹിക്കുന്നു.ഒപ്പം പ്രവാസി സമൂഹത്തിനുള്ള അംഗീകാരമാണെന്നും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി പ്രമുഖന്‍ സി.കെ. മേനോന്‍ പറയുന്നു.
അവാര്‍ഡിന്റെ സന്തോഷം ഉറ്റ സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെക്കുന്നതിന് തൃശൂര്‍ ജില്ലാ സൌഹൃദ വേദി റമദ പ്ളാസ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതോടൊപ്പം നാട്ടിലും വിദേശത്തും മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍നടത്തുന്നത് പരിഗണിച്ച് കേന്ദ്രഗവണ്‍മെണ്ട് പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്തതിന്ന് അതിയായ സന്തോഷമുണ്ടെന്നും എന്റെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിനുള്ള അംഗീകാരമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കൂടിയായ അഡ്വ. സി.കെ. മോനോന്‍ പറഞ്ഞു.
ചേരില്‍ കൃഷ്ണ മേനോന്‍ എന്ന സി. കെ. മേനോന്‍ അച്ഛന്റെ വഴി പിന്തുടര്‍ന്നാണ് നാട്ടില്‍നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി ഗതാഗത മേഖലയില്‍ ആധിപത്യം ഉറപ്പിച്ചതും കാരുണ്യപ്രവൃത്തികളിലൂടെ മുന്നേറിയതും. തൃശൂര്‍ പാട്ടുരായ്ക്കലില്‍ ശ്രീരാമജയം ട്രാന്‍സ്പോര്‍ട് ഉടമയായിരുന്ന പുലിയങ്ങോട്ടില്‍ നാരായണന്‍ നായരുടെയും ചേരില്‍ കാര്‍ത്യായനി അമ്മയുടെയും മകനാണ്. ബെഹ്സാദ് ഗ്രൂപ്പിന്റെ സാരഥിയായ മേനോന്‍ അഭിഭാഷക വൃത്തിയില്‍നിന്നാണ് വാണിജ്യരംഗത്തെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാവസായി സാമ്രാജ്യം പടുത്തുയര്‍ത്തുമ്പോഴും സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ജീവകാരുണ്യ സേവനമേഖലകളിലെ ഇടപെടലുകളും പങ്കാളിത്തവും തന്റെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ശ്രമങ്ങളും സേവനങ്ങളും അംഗീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്. ഈ അംഗീകാരങ്ങളും സ്ഥാനമാനങ്ങളുമൊക്കെ സേവനമേഖലകളില്‍ കൂടുതല്‍ ഊര്‍ജസ്വലനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
300 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇരുമ്പ് വ്യവസായ പദ്ധതി ഇറാഖില്‍ തുടങ്ങും. ഇതിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം താല്‍ക്കാലിക പ്രതിഭാസമാണെന്ന്നും ഇതില്‍ ആരും പേടിക്കരുതെന്നും പറഞ്ഞ മേനോന്‍ എന്ത് മാന്ദ്യം വന്നാലും ജീവകാരുണ്യ സേവനമേഖലകളിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ഒ രു കുറവും വരുത്താതെ കൊണ്ട് പോകുമെന്നും പറഞ്ഞു.
ഗള്‍ഫിലും യൂറോപ്പിലും നിരവധി വ്യാവസായിക സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മേനോന്‍ സ്വദേശത്തും വിദേശത്തും കറകളഞ്ഞ മതേതതര മനസോടെ സാമൂഹ്യ സൌഹാര്‍ദ്ധം ഊട്ടിയുറപ്പിക്കുന്നതിലും ജീവകാരുണ്യ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ സാമൂഹ്യ സാംസ്കാരിക സംരംഭങ്ങളുമായും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന മേനോന്‍ മാനവികതക്ക് നല്‍കുന്ന നിസ്സീമമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിത്.
ഖത്തറില്‍നിന്നും പ്രവാസി ഭാരതീയ സമ്മാനം നേടിയ ഏക സാമൂഹ്യ പ്രവര്‍ത്തകനായ മേനോന്‍ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട നൂറ് ശ്രദ്ധേയരായ ഗ്ലോബല്‍ ഇന്ത്യക്കാരില്‍ സ്ഥാനം നേടിയിരുന്നു. നോര്‍ക്ക റൂട്സ് ഡയറക്ടറും നിരവധി സംരംഭങ്ങളുടെ നിര്‍വാഹക സമിതി അംഗവുമായ മേനോന്‍ ബഹ്സാദ് ഗ്രൂപ്പടക്കം ധാരാളം സ്ഥാപനങ്ങളുടെ സാരഥിയാണ്.
ഖത്തറിലെ തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുമായി സഹകരിച്ച് ഉദുമല്‍പ്പേട്ടയില്‍ ഗാല്‍വനൈസിങ് പ്ളാന്റിന് 29ന് തറക്കല്ലിടും. കേരളത്തിലെ മെട്രോ റയില്‍ പദ്ധതിക്കായി 4000 കോടി രൂപ ഗള്‍ഫ് നാടുകളിലെ സൌഹൃദങ്ങളിലൂടെയും സംഘങ്ങളിലൂടെയും സമാഹരിക്കാന്‍ തയാറാണെന്നും ലക്ഷംവീട് പദ്ധതിക്കായി സര്‍ക്കാരിനുവേണ്ട ധനസഹായം നല്‍കാന്‍ തയാറാണെന്നും വ്യക്തമാക്കി.
ജാതിമത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ആയിരക്കണക്കിന് ധര്‍മ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ മനുഷ്യ സ്നേഹിയുടെ സഹായം സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്നു. തനിക്ക് ദൈവം നല്‍കിയ സ്വത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി ചിലവഴിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയും സന്തോഷവുമാണ് കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍നടത്തുവാന്‍ പ്രേരകമെന്നാണ് മേനോന്‍ വിശദീകരിക്കുന്നത്.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചിവഴിക്കും തോറും തന്റെ സമ്പാദ്യവും നേട്ടങ്ങളും അക്ഷരാര്‍ഥത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണെന്നും മേനോന്‍ അനുസ്മരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വ്യാവസായിക സംരംഭങ്ങളുള്ള അഡ്വ. സി.കെ. മേനോന്‍ പ്രവാസികള്‍ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്.
ജന്മനാട്ടില്‍ ചേരി നിര്‍മാര്‍ജനത്തിനായി ഒന്നരക്കോടി രൂപ ചെലവഴിച്ച് നൂറോളം വീടുകള്‍ നിര്‍മിച്ചു. തലച്ചോറിലെ വൈകല്യങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന 'ആദര്‍ശ് എന്ന സ്ഥാപനത്തിന്റെ രക്ഷാധികാരിയാണ്. ദോഹ ഇന്‍കാസിന്റെയും മലയാളി സമാജത്തിന്റെയും തൃശൂര്‍ ജില്ലാ സൌഹൃദവേദിയുടെയുമെല്ലാം രക്ഷാധികാരിയാണ്. തിരുവനന്തപുരത്ത് സ്കൂള്‍ ഓഫ് ഭഗവത്ഗീതയെന്ന വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍തന്നെ കണ്ണൂര്‍ മൊകേരിയില്‍ മുസ്ലിം പള്ളി പുനരുദ്ധരിക്കാനും സന്മനസ് കാട്ടിയും മാതൃകയായി.
കരവഴിയും കടല്‍വഴിയുമുള്ള ഇന്ധന നീക്കമാണ് ബെഹ്സാദ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖല. സാമൂഹിക സേവനങ്ങളെ മാനിച്ച് 2006ല്‍ പ്രവാസി ഭാരതീയ സമ്മാനും ലഭിച്ചിരുന്നു. ജയശ്രീയാണ് ഭാര്യ. മക്കള്‍: അഞ്ജന, രഞ്ജിനി, ജയകൃഷ്ണന്‍. ജീവകാരുണ്യ പ്രവര്‍ത്തനവും മതസൌഹാര്‍ദവും അച്ഛനില്‍നിന്നും മുന്‍ സ്പോണ്‍സര്‍ അലി ഹുസൈന്‍ ബഹ്സാദില്‍നിന്നുമാണ് പഠിച്ചതെന്ന് സി. കെ. മേനോന്‍ അനുസ്മരിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഗള്‍ഫ് മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതോടൊപ്പം സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മാതൃകാപരമായ സംഭാവനകള്‍ രാജ്യം ശ്രദ്ധിക്കുന്നതിന്റെ തെളിവാണ് എന്റെ പത്മശ്രീയെന്ന് സി.കെ. മേനോന്‍ പറഞ്ഞു.
ഇപ്രാവശ്യത്തെ റിപ്പബ്ളിക് ദിനപുരസ്കാരത്തിന് പ്രവാസി സമൂഹത്തിലെ മഹത് വ്യക്തികളെയും ഉള്‍പ്പെടുത്തിയത് പ്രശംസയര്‍ഹിക്കുന്നു.ഒപ്പം പ്രവാസി സമൂഹത്തിനുള്ള അംഗീകാരമാണെന്നും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി പ്രമുഖന്‍ സി.കെ. മേനോന്‍ പറയുന്നു.
Post a Comment