Monday, January 19, 2009

സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭം:കുഞ്ഞാലിക്കുട്ടി

ദോഹ:എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തിനെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭം തുടരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജമാ അത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ മുസ്‌ലിംലീഗിനെ എങ്ങനെ ബാധിക്കുമെന്നു പറയാന്‍ അവരുടെ നയവും പരിപാടികളും എന്താണെന്നറിഞ്ഞശേഷമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഷര്‍ഖ് വില്ലേജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ശക്തമല്ലായെന്ന കരുണാകരന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കാരണം ഇതുപോലൊരു ദുര്‍ഭരണത്തെ എത്രതന്നെ എതിര്‍ത്താലും മതിയാവുകയില്ലെന്നു തോന്നിയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗള്‍ഫ് കെ.എം.സി.സി. സംഗമത്തില്‍ പങ്കെടുത്തശേഷം മുസ്‌ലിംലീഗ് അധ്യക്ഷന്‍ ശിഹാബ് തങ്ങളോടും പി.വി. അബ്ദുള്‍വഹാബ് എം.പി.യോടുമൊപ്പമെത്തിയ കുഞ്ഞാലിക്കുട്ടി കെ.എം.സി.സി. പുതിയ പ്രവര്‍ത്തനപദ്ധതികള്‍ക്ക് രൂപംനല്‍കിയതായി അറിയിച്ചു.

എന്‍.സി.പി.യുടെ മുന്നണിപ്രവേശം സംബന്ധിച്ച ചര്‍ച്ച യു.ഡി.എഫ്. ഏകോപനസമിതിയില്‍ വരാത്തകാലത്തോളം അഭിപ്രായം പറയാനാഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ്സിന്റെ തീരുമാനം പുറത്തുവരട്ടെ, അപ്പോള്‍ പ്രതികരിക്കാമെന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ്. ഭരണത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുസ്‌ലിംലീഗ് ഒട്ടും പിന്നിലല്ല. മുസ്‌ലിംലീഗ് സംഘടിപ്പിച്ച കാല്‍നടയാത്ര ഭരണത്തിനെതിരെയുള്ള ജനകീയവികാരം പ്രതിഫലിച്ചതായിരുന്നു. രാജ്യസഭാ സീറ്റ് മുസ്‌ലിംലീഗിനും അര്‍ഹതപ്പെട്ടതാണ്. പക്ഷേ, ഇപ്പോള്‍ മുസ്‌ലിംലീഗതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം ന്യായമാണ്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞയെടുക്കാത്തൊരാളെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കിയതിനെന്തു ന്യായീകരണമാണുള്ളത് -കുഞ്ഞാലിക്കുട്ടി ചോദിച്ചു.

എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തന്നെയാണ് മുസ്‌ലിംലീഗിന്റെ തീരുമാനം. മുസ്‌ലിംലീഗ് ഒരിക്കലും അക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തിനെതിരെ മുസ്‌ലിംലീഗ് പ്രക്ഷോഭം തുടരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ജമാ അത്തെ ഇസ്‌ലാമിയും എന്‍.ഡി.എഫും രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ മുസ്‌ലിംലീഗിനെ എങ്ങനെ ബാധിക്കുമെന്നു പറയാന്‍ അവരുടെ നയവും പരിപാടികളും എന്താണെന്നറിഞ്ഞശേഷമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഷര്‍ഖ് വില്ലേജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.