Tuesday, January 20, 2009

വെടിനിര്‍ത്തല്‍ ഇസ്രായേലിന്റെ പരാജയം:ഫലസ്തീന്‍ നേതാവ്

ദോഹ:വെടിനിര്‍ത്താനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ തീരുമാനം സൈനിക നീക്കത്തിലൂടെയും കൈറോ ചര്‍ച്ചയിലൂടെയും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമാണെന്ന് ഫലസ്തീന്‍ പോപുലര്‍ ഫ്രണ്ട് സെക്രട്ടറി ജനറല്‍ അഹ്മദ് ജിബ്രീല്‍. ഗാസയില്‍ രക്തപ്പുഴ ഒഴുക്കിയിട്ടും ലക്ഷ്യം നേടുന്നതില്‍ അധിനിവേശ സേന പരാജയപ്പെട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗാസയില്‍ കരയുദ്ധം നയിക്കുന്നത് കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഇസ്രായേലി നീക്കത്തിന് പിന്നില്‍. ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പോരാളികളില്‍ നിന്നേല്‍ക്കുന്ന തിരിച്ചടികള്‍ തങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിക്കുമെന്നതിനാലാണ് അവര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നാലോ അഞ്ചോ ദിവസത്തിനകം ഗാസയില്‍ നിന്ന് സൈനിക പിന്‍മാറ്റമുണ്ടായില്ലെങ്കില്‍ വെടിനിര്‍ത്തിലിന് ഒരുക്കമല്ലെന്നാണ് ചെറുത്തുനില്‍ക്കുന്ന സംഘടനകളുടെ നിലപാട്. അതിര്‍ത്തികള്‍ തുറക്കുകയും ഉപരോധം നീക്കുകയും വേണം. ഏത് വെടിനിര്‍ത്തലും ഗാസയെയും വെസ്റ് ബാങ്കിനെയും ഉള്‍പ്പെടുത്തിയുള്ളതാകണമെന്ന് നിര്‍ബന്ധമുണ്ട്.

കുടിയേററവും കൊലപാതകങ്ങളും അറസ്റും വിഭജന മതില്‍ നിര്‍മാണവും നിര്‍ത്തിവെക്കാതെ വെടിനിര്‍ത്തല്‍ പൂര്‍ണമാവില്ലെന്ന് ജിബ്രീല്‍ ചൂണ്ടിക്കാട്ടി. ദോഹ ഉച്ചകോടിയുടെയും മറ്റും തീരുമാനങ്ങള്‍ അട്ടിമറിക്കുന്നതാണ് ശറമുശൈãഖില്‍ നടക്കുന്ന ഉച്ചകോടിയും ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും. ഈജിപ്ത് മുമ്പ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം പോരാളികള്‍ തള്ളുകയായിരുന്നു. ചുരുങ്ങിയത് 12 വര്‍ഷത്തേക്ക് വെടിനിര്‍ത്തുകയെന്നതായിരുന്നു പ്രസ്തുത പാക്കേജ്. അധിനിവേശ ശക്തിക്ക് ബലമേകുന്ന ദീര്‍ഘകാല വെടിനിര്‍ത്തലിന് ഒരു ചെറുത്തുനില്‍പ് സംഘവും ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) പുന:സംഘടന മുഖ്യ അജണ്ടയാവാത്ത ആഭ്യന്തര അനുരഞ്ജന ചര്‍ച്ച നിശ്ഫലമാണ്.

പി.എല്‍.ഒയില്‍ അര്‍ഹമായ പങ്കാളിത്തം വേണമെന്ന കാര്യത്തില്‍ ചെറുത്തുനില്‍പു സംഘടനകള്‍ക്ക് മാത്രമല്ല, ഫതഹിലെ തന്നെ നിരവധി നേതാക്കള്‍ക്കും സമാന അഭിപ്രായമാണുളളത്. ആഭ്യന്തര ചര്‍ച്ചകള്‍ എല്ലാ കക്ഷികളോടും സമദൂരം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തിലാവണം. അനുരഞ്ജനം അസാധ്യമായാല്‍ ജനവിധി തേടുകയാണ് പോംവഴിയെന്ന് അഹ്മദ് ജിബ്രില്‍ പറഞ്ഞു.

ഗാസയിലേക്കുള്ള സഹായം നേരിട്ടെത്തിക്കണം. ജീവകാരുണ്യ സംഘങ്ങള്‍ ഗാസയില്‍ വന്ന് ദുരിതത്തിന്റെ ആഴമറിയണം. ഖത്തറിന്റെ മാതൃക പിന്തുടര്‍ന്ന് ഇസ്രായേലുമായി ബന്ധമുള്ള മറ്റ് അറബ് രാജ്യങ്ങളും അത് വിഛേദിക്കണമെന്ന് അഹ്മദ് ജിബ്രീല്‍ കൂട്ടിച്ചേര്‍ത്തു.

2 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വെടിനിര്‍ത്താനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ തീരുമാനം സൈനിക നീക്കത്തിലൂടെയും കൈറോ ചര്‍ച്ചയിലൂടെയും ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമാണെന്ന് ഫലസ്തീന്‍ പോപുലര്‍ ഫ്രണ്ട് സെക്രട്ടറി ജനറല്‍ അഹ്മദ് ജിബ്രീല്‍. ഗാസയില്‍ രക്തപ്പുഴ ഒഴുക്കിയിട്ടും ലക്ഷ്യം നേടുന്നതില്‍ അധിനിവേശ സേന പരാജയപ്പെട്ടതായി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുപ്തന്‍ said...

ഇസ്രായേല്‍ ഗസയില്‍ ചെയ്തത് തെമ്മാടിത്തരം ആണെന്ന് 300% ഉറപ്പുണ്ടെങ്കിലും ഇത്തരം പ്രസ്താവനകള്‍ വായിക്കുമ്പോള്‍ അടികിട്ടുമ്പോള്‍ നിലവിളി അതു കഴിയുമ്പോള്‍ വെല്ലുവിളി എന്ന് പറയാതിരിക്കാന്‍ പറ്റുന്നില്ല :(