Tuesday, January 20, 2009

ഒരു കുടുംബം രോഗം മൂലം ദോഹയില്‍ കഷ്ടപ്പെടുന്നു

ദോഹ:കുടുംബനാഥന്റെ രോഗവും ജീവിത പ്രയാസങ്ങളും കാരണം ദോഹയില്‍ ഒരു മലയാളി കുടുംബം ദുരിതത്തിലായി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മൂന്നുമാസമായി ദോഹയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ അബ്ദുല്‍മജീദിന്റെ കുടുംബത്തിനാണ് ഈ വിധിയുണ്ടായത്. താടിയെല്ലിനും കഴുത്തിനും വേദനയെ തുടര്‍ന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അവിടെ വച്ചാണ് തലച്ചോറിലേക്കുള്ള ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്കാഘാതമുണ്ടായത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷം റുമേല ഹോസ്പിറ്റലിലേക്ക് മാറ്റിയ ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ഒരു ഭാഗം തളര്‍ന്നു പോയ മജീദ് ചികിത്സയെ തുടര്‍ന്ന് ഇപ്പോള്‍ ചെറിയ തോതില്‍ നടക്കാനാരംഭിച്ചിട്ടുണ്െടങ്കിലും സ്വന്തം കാര്യം വ്യക്തമായി പറയാന്‍ പോലുമാകാത്ത അവസ്ഥയിലാണ്. ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനെ മജീദിന്റെ കുഴഞ്ഞു പോയ നാക്കു കൊണ്ടു കഴിയൂ.

ഭര്‍ത്താവിന്റെ അസുഖം കാരണം അറബി വീട്ടില്‍ ജോലി ചെയ്തിരുന്ന ഭാര്യ സക്കീനക്കും അത് തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്. അന്തിയുറങ്ങാന്‍ ദോഹയില്‍ ഒരിടം കൂടിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവര്‍. ഇന്നലെ തങ്ങാന്‍ ഒരു തമിഴ് കുടുംബം സൌകര്യം നല്‍കിയതായി ഭര്‍ത്താവിന്റെ രോഗശയ്യക്കരികില്‍ നിന്ന് കണ്ണീരോടെ സക്കീന പറഞ്ഞു.

വര്‍ഷങ്ങളായി അറബി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വന്ന മജീദ് ജോലി തുടരാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ നാട്ടിലേക്ക് തിരിച്ചു പോയെങ്കിലും പ്രായമായ മാതാപിതാക്കളും 17 ഉം 13 ഉം വയസ്സുള്ള രണ്ടു പെണ്‍മക്കളും ഉള്ള ഇയാള്‍ക്ക് അവരെ സംരക്ഷിക്കുന്ന കാര്യം പ്രയാസമായി. കടം കൊണ്ടു വലഞ്ഞ ഇയാള്‍ രണ്ടു വര്‍ഷം കഴിഞ്ഞ് മറ്റൊരു വിസയില്‍ വീട്ടു ഡ്രൈവറായി മടങ്ങിയെത്തി. പിന്നീട് സ്പോണ്‍സര്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് കാര്‍ വാടകക്കെടുത്ത് അതുമായി ചില ട്രിപ്പുകള്‍ ഓടിയാണ് ദോഹയില്‍ കഴിഞ്ഞു വന്നത്. കാര്‍ വാടകയും സ്പോണ്‍സര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയും ചിലവുകളും കഴിച്ചാല്‍ മിച്ചമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ഭാര്യ സക്കീനയെ വീട്ടു ജോലിക്കുള്ള വിസയില്‍ ദോഹയിലേക്ക് കൊണ്ടു വന്നു. രണ്ടു പേരും ജോലിയെടുത്തു ഒരു വിധം ജീവിച്ചു വരുന്ന സമയത്താണ് മജീദിന് അസുഖം ബാധിക്കുന്നത്.

കടബാധ്യതയും ഈ അസുഖത്തിനുള്ള ചികിത്സയ്ക്ക് വരുന്ന വന്‍ചിലവും നാട്ടിലുള്ള കുടുംബത്തിന്റെ സംരക്ഷണവും ഒക്കെ കൂടി വലിയ പ്രയാസത്തിലാണ് ഈ കുടുംബം ഇപ്പോള്‍. ഇവിടെ കഴിയാനും നാട്ടില്‍ പോകാനും കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബമിപ്പോള്‍. അനുകമ്പയുള്ളവരുടെ കാരുണ്യവും കാത്ത് കഴിയുകയാണ് റുമേല ഹോസ്പിറ്റലിലെ 17 ആം നമ്പര്‍ വാര്‍ഡില്‍ നന്നായി സംസാരിക്കാന്‍ പോലുമാകാതെ കിടക്കുന്ന അബ്ദുല്‍ മജീദ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കുടുംബനാഥന്റെ രോഗവും ജീവിത പ്രയാസങ്ങളും കാരണം ദോഹയില്‍ ഒരു മലയാളി കുടുംബം ദുരിതത്തിലായി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മൂന്നുമാസമായി ദോഹയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ അബ്ദുല്‍മജീദിന്റെ കുടുംബത്തിനാണ് ഈ വിധിയുണ്ടായത്. താടിയെല്ലിനും കഴുത്തിനും വേദനയെ തുടര്‍ന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് അവിടെ വച്ചാണ് തലച്ചോറിലേക്കുള്ള ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്കാഘാതമുണ്ടായത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷം റുമേല ഹോസ്പിറ്റലിലേക്ക് മാറ്റിയ ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ഒരു ഭാഗം തളര്‍ന്നു പോയ മജീദ് ചികിത്സയെ തുടര്‍ന്ന് ഇപ്പോള്‍ ചെറിയ തോതില്‍ നടക്കാനാരംഭിച്ചിട്ടുണ്െടങ്കിലും സ്വന്തം കാര്യം വ്യക്തമായി പറയാന്‍ പോലുമാകാത്ത അവസ്ഥയിലാണ്. ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനെ മജീദിന്റെ കുഴഞ്ഞു പോയ നാക്കു കൊണ്ടു കഴിയൂ.