Thursday, July 2, 2009

ദോഹ കപ്പലപകടം:മരിച്ച 16 ഇന്ത്യക്കാരില്‍ 6 പേര്‍ മലയാളികളെന്നു സംശയം

ദോഹ:ഖത്തര്‍ തീരക്കടലില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള ചെറുകപ്പല്‍ മുങ്ങി കാണാതായ 30 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍
6 പേര്‍ മലയാളികളെന്നു സംശയം.

തിരച്ചിലില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഖത്തര്‍ തീരദേശ സേന കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ നേപ്പാള്‍ സ്വദേശികളാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മുങ്ങിയ കപ്പലില്‍നിന്ന് രണ്ടു മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

രക്ഷപ്പെട്ടവരില്‍ ബാലകൃഷ്ണന്‍ വേലായുധന്‍, ജയ്‌സണ്‍ വര്‍ഗീസ് എന്നിവരാണ് മലയാളികള്‍. അപ്പുറാവു പോത്തന്‍പള്ളിയാണ് രക്ഷപ്പെട്ട മൂന്നാമത്തെ ഇന്ത്യക്കാരന്‍. അപകടം നടക്കുമ്പോള്‍ ഇവര്‍ കപ്പലിന്റെ മേല്‍ത്തട്ടില്‍ ആയിരുന്നതിനാലാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്.

ദോഹാതുറമുഖത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കപ്പല പകടമുണ്ടായത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് ഖത്തര്‍ ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ തൊഴിലാളികളുമായി പോകുന്ന 'എം.വി. ദെവാസ്' എന്ന ചെറുകപ്പലാണ് അപകടത്തില്‍ പെട്ടത്. മോശമായ കാലാവസ്ഥയാണ് അപകടകാരണമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് അധികൃതരുടെ സാന്നിധ്യത്തില്‍ കപ്പല്‍ പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതര്‍.

മൊയ്തുണ്ണി, കുട്ടി, നാരായണന്‍, രഘുനാഥന്‍, ജോസഫ് സൂസായ്, പ്രഭു ചെല്ലം, ഫാറൂഖ് ബിശ്വാസ്, ഷൗക്കത്ത് ജാഫര്‍, മുഹമ്മദ് അമീന്‍, അബ്ദുള്‍ ഹക്കിം, റംസാന്‍ ഉമര്‍ഖാന്‍ ഷെയ്ക്ക്, മുഹമ്മദ് മുജമ്മില്‍ ഹുസൈന്‍, മുഹമ്മദ് ഷക്കീല്‍ നിര്‍വാന്‍, മുഹമ്മദ് റഫീഖ് സമാദാര്‍, മുജഫര്‍ ഹുസൈന്‍, മായിന്‍ നസീര്‍ഖാന്‍, പരിഹാര്‍, ജോസ്‌മോന്‍ എന്നിവരാണ് കാണാതായ ഇന്ത്യക്കാര്‍.

മാവേലിക്കര കറ്റാനം സ്വദേശി ജോര്‍ജ് മാത്യുവിന്റെ മിഡ്ഗള്‍ഫ് ഓഫ് ഷോര്‍ എന്ന കമ്പനിയുടേതാണ് കപ്പല്‍. ദുബായ് ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഏറെക്കാലം ഖത്തറിലായിരുന്നു. ജോര്‍ജ് മാത്യുവില്‍ നിന്ന് ദോഹയിലെ എച്ച്.ബി.കെ. കമ്പനിക്കാണ് നടത്തിപ്പുചുമതലയെന്നറിയുന്നു. എണ്ണക്കിണറുകളിലേക്ക് തൊഴിലാളികളെയും സാധനസാമഗ്രികളെയും എത്തിക്കാന്‍ കമ്പനി വാടകയ്‌ക്കെടുത്തതായാണ് വിവരം. ഇന്ത്യക്കാര്‍ക്കുപുറമെ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു.

കപ്പല്‍ മുങ്ങി കാണാതായവരില്‍ ഒരാള്‍ എറണാകുളം വൈപ്പിന്‍ കുഴുപ്പിള്ളി ചെറുവയ്പ് വാഴപ്പിള്ളി ഉമ്മച്ചന്റെ മകന്‍ ജോസ്‌മോനാണെന്ന് (23) ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. കൂടാതെ കാണാതായ രഘുനാഥന്‍ കൊല്ലം കൊട്ടിയം തഴുത്തല സ്വദേശിയാണ്.

3 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ തീരക്കടലില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള ചെറുകപ്പല്‍ മുങ്ങി കാണാതായ 30 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍
6 പേര്‍ മലയാളികളെന്നു സംശയം

lefobserver said...

Hello from Greece!

Sureshkumar Punjhayil said...

Prarthanakal...!!!