Friday, July 17, 2009

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പുതിയ ഓഫീസ് അബൂഹമൂറില്‍

ദോഹ:ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഹിലാലിലെ ഓഫീസ് മാറുന്നു. അബൂഹമൂറില്‍ മെഡിക്കല്‍ കമ്മീഷന്‍ റൌണ്ട് എബൌട്ടില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് പോകുന്ന വഴിയിലാണ് പുതിയ ഓഫീസ് തയ്യാറാവുന്നത്.

ആഗസ്ത് അവസാനത്തോടെ പുതിയ സംവിധാനത്തിലേക്ക് മാറുമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ എം വര്‍ഗ്ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു നിലകളിലായി 1400 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കെട്ടിടത്തില്‍ സൌകര്യമൊരുക്കുന്നത്. 2000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയാണ് കെട്ടിടവും ചുറ്റു മതിലും ഉള്‍പ്പെടെ ഉള്ളത്.

100 പേര്‍ക്കിരിക്കാവുന്ന നാല് കൊച്ചു ഹാളുകള്‍ ഈ കെട്ടിടത്തിലുണ്ടാവും. ജിം, ലൈബ്രറി, ടി വി മുറി, ഐ സി സി മാനേജിംഗ് കമ്മിറ്റി ഓഫീസ് എന്നിവ സജ്ജീകരിക്കും. അഞ്ചു മുറികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ പതിനാറിന് കമ്മിറ്റിംയഗങ്ങള്‍ക്കും ഐ സി സിയുമായി ബന്ധപ്പെട്ടവര്‍ക്കും പുതിയ ഓഫീസ് സന്ദര്‍ശിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴു മുതല്‍ എട്ടുവരെ ഇന്ത്യക്കാരായ ആര്‍ക്കും ഈ സ്ഥലം സന്ദര്‍ശിക്കാനായി എത്താമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താനുള്ള സംവിധാനം, റെസ്റോറന്റ് എന്നിവയ്ക്കു പുറമെ 400 പേര്‍ക്ക് ഇരിക്കാവുന്ന അശോകാ ഹാള്‍ മാതൃകയിലുള്ള വിപുലമായ ഹാളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

പുതിയ കെട്ടിടത്തിന് ചുറ്റുമാണ് പാര്‍ക്കിംഗ് സംവിധാനം. ഇതിനായി പ്രത്യേക സംവിധാനമില്ലെങ്കിലും ചുറ്റുപാടും ധാരാളം ഓപ്പണ്‍ സ്പെയിസുകളുണ്െടന്ന് ഐ സി സി പ്രസിഡന്റ് വിശദീകരിച്ചു. "പുതിയ സംവിധാനം ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയോജന പ്രദമാവും. വിപുലമായ സജ്ജീകരണങ്ങളോടെയുള്ള ഈ ഓഫീസ് ഇന്ത്യക്കാരുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സേവനത്തിനുമുള്ള വേദിയായി മാറുമെന്നാണ് വിശ്വാസം.'' സംഘടനയുടെ ചീഫ് കോഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി മിനിസ്ററുമായ സഞ്ജീവ് കോഹ്ലി പറഞ്ഞു.

1992-ല്‍ ഔദ്യോഗികമായി തുടക്കമിട്ട ഐ സി സി 1993 ല്‍ ബിന്‍ ഉംറാനിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.

2000 ജനുവരി മുതലാണ് ഹിലാലിലെ ഓഫീസ് ആരംഭിക്കുന്നത്. ഈ ആഗസ്തോടെ അബൂഹമൂറിലേക്കാണ് മാറുന്നത്. നൂറോളം കലാ സാമൂഹിക സാംസ്കാരിക സംഘടനകള്‍ ഐ സി സിക്ക് കീഴില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കലാ സാംസ്കാരിക കായിക പരിപാടികള്‍ നടത്തുന്ന സംഘടനയ്ക്ക് 69 ഡോണര്‍ ഫൌണ്ടര്‍ അംഗങ്ങളാണുള്ളത്.

33 ഫൌണ്ടര്‍ അംഗങ്ങളും 780 ആയുഷ്കാല അംഗത്വമുള്ളവരും 22 സാധാരണ അംഗങ്ങളും സംഘടനയിലുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഹസ്സന്‍ ചോഗ്ളെ, ജനറല്‍സെക്രട്ടറി ഹബീബുന്നബി, വൈസ് പ്രസിഡന്റ് ഉഷ രവി ശങ്കര്‍, ഹെഡ് ഓഫ് പ്രിമൈസസ് വര്‍ഗ്ഗീസ് ചാക്കോ, ഹരീഷ് കാഞ്ചാനി, മന്ത ശ്രീനിവാസ്, മിലന്‍ അരുണ്‍ തുടങ്ങിയവരും സംബന്ധിച്ചു.

1 comment:

Unknown said...

ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഹിലാലിലെ ഓഫീസ് മാറുന്നു. അബൂഹമൂറില്‍ മെഡിക്കല്‍ കമ്മീഷന്‍ റൌണ്ട് എബൌട്ടില്‍ നിന്നും ഡി റിംഗ് റോഡിലേക്ക് പോകുന്ന വഴിയിലാണ് പുതിയ ഓഫീസ് തയ്യാറാവുന്നത്.