Monday, August 31, 2009

ഖത്തറില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിയമം പിന്‍വലിച്ചു

ദോഹ:ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റണമെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തരവകുപ്പില്‍നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണമെന്ന നിയമം പിന്‍വലിച്ചു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍വകുപ്പ് ഈ നിയമം പിന്‍വലിച്ചതായി ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലിയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം കിട്ടിയിട്ടില്ല. ഇത് ഉടനെ എംബസിക്ക് ലഭിക്കുമെന്നദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ നേരത്തേയുണ്ടായിരുന്നതുപോലെ ഇന്ത്യന്‍ എംബസി നല്‍കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയത് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിക്കും. പുതിയ നിയമം നൂറുകണക്കിനാളുകളെയാണ് ആശങ്കാകുലരാക്കിയത്.സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള രേഖകളെല്ലാം ശരിയാക്കി ഇന്ത്യന്‍ എംബസിയില്‍ പി.സി.സി.ക്ക് വേണ്ടി ഹാജരായപ്പോഴാണ് പുതിയ വാര്‍ത്ത കേട്ട് പലരും തിരിച്ചുപോയത്.

ഖത്തറില്‍ താമസിക്കുന്നൊരാള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യയില്‍നിന്ന് ലഭിക്കണമെങ്കില്‍ അയാള്‍ തിരിച്ച് ഇന്ത്യയിലെത്തണം. ഇത് ലഭിച്ചാലും ഡല്‍ഹിയിലുള്ള വിദേശകാര്യ മന്ത്രാലയത്തില്‍നിന്നു സാക്ഷ്യപ്പെടുത്തിക്കിട്ടാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കണം. ഇതിനുള്ള വഴിയറിയാതെ നിരവധിയാളുകളാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയുടെ സജീവമായ ഇടപെടലിലൂടെയാണ് പുതിയ നിയമം പിന്‍വലിക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചത്. സാങ്കേതിക പ്രയാസങ്ങള്‍ എംബസി അധികൃതര്‍ ഖത്തര്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പുതിയ വാര്‍ത്ത ഇന്ത്യക്കാരില്‍ ആശ്വാസം പകര്‍ന്നിട്ടുണ്ട്.

1 comment:

Unknown said...

ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റണമെങ്കില്‍ ഇന്ത്യന്‍ ആഭ്യന്തരവകുപ്പില്‍നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണമെന്ന നിയമം പിന്‍വലിച്ചു.