Monday, July 19, 2010

ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തിനു പത്തുനാള്‍ മാത്രം

ദോഹ: ഈ മാസം 28 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ (ഡബ്ലിയു.എം.സി) ഏഴാമത് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.

വിവിധ സെഷനുകളിലും പൊതുസമ്മേളനത്തിലും സമാപനച്ചടങ്ങിലുമായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീം, വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദന്‍, കെ.പി.സി.സി അധ്യക്ഷന്‍ രമേഷ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ എം.പി അബ്ദുസ്സമദ് സമദാനി, കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുകേഷ്, യു.എന്നിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍ സീതാരാമന്‍, പ്രവാസി എഴുത്തുകാരന്‍ ബെന്യാമിന്‍, മാധ്യമപ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, ടി.എന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എം.ഡി അല്‍കേഷ് ശര്‍മ എന്നിവരടങ്ങിയ അഞ്ചംഗ സംഘവും വ്യവസായമന്ത്രിയ അനുഗമിക്കുന്നുണ്ട്.

കേരളത്തിലെ വിവിധ കോളജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 ഉം ദോഹയിലെ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഉം വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 'രാഷ്ട്രനിര്‍മാണത്തില്‍ യുവാക്കളുടെ പങ്ക്' എന്ന വിഷയത്തില്‍ മന്ത്രി എം.എ ബേബി വിദ്യാര്‍ഥിളെ അഭിസംബോധന ചെയ്യും. 'കേരളത്തിന്റെ വികസനത്തില്‍ വിദേശ ഇന്ത്യക്കാരുടെ പങ്ക്' എന്ന തലക്കെട്ടില്‍ നടക്കുന്ന സെഷനില്‍ ആര്‍. സീതാരാമന്‍ അധ്യക്ഷത വഹിക്കും. 30ന് വൈകിട്ട് സമാപനസമ്മേളനം മന്ത്രി വയലാര്‍ രവിയും സാംസ്‌കാരിക മേള നടന്‍ മുകേഷും ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരിക്കും വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കുക. തുടര്‍ന്ന്, മേതില്‍ ദേവിക അവതരിപ്പിക്കുന്ന മോഹിനിയാട്ടം, രാജശ്രീവാര്യരുടെ ഭരതനാട്യം, ദോഹയിലെ വിവിധ ഗ്രൂപ്പുകളുടെ ശാസ്ത്രീയ നൃത്തങ്ങള്‍, പഞ്ചാരിമേളം, ദോഹ മെലഡീസ് ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവ അരങ്ങേറും.

സമ്മേളനത്തിന്റെ രജിസ്‌ട്രേഷന് ഈ മാസം 20 മുതല്‍ ദോഹ ഗ്രാന്റ് ഹോട്ടലില്‍ സൗകര്യമുണ്ടായിരിക്കും. വ്യക്തികള്‍ക്ക് 100 റിയാലും കുടുംബങ്ങള്‍ക്ക് 150 റിയാലുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബെഹ്‌സാദ് ഗ്രൂപ്പാണ് സമ്മേളനത്തിന്റെ മുഖ്യ പ്രായോജകര്‍. ദോഹ ബാങ്ക് സഹപ്രായോജകരും സ്റ്റാന്‍േറര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് വെബ്‌സൈറ്റ് സ്‌പോണ്‍സറുമാണ്. സമ്മേളനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.wmcdoha.org എന്ന വെബ്‌സൈറ്റിലുണ്ട്.

ഹോട്ടല്‍ റമദ പ്ലാസയില്‍ നടന്ന പത്രസമ്മേളനത്തില്‍ സമ്മേളനത്തിന്റെ രക്ഷാധികാരികൂടിയായ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ, സംഘാടകസമിതി ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി.കെ മേനോന്‍, ഡബ്ലിയു.എം.സി ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി, സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ചാക്കോ, വൈസ് ചെയര്‍മാന്‍ കെ.കെ ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ മാസം 28 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ (ഡബ്ലിയു.എം.സി) ഏഴാമത് ആഗോള സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.