Saturday, September 26, 2009

ഹജ്ജ്:വാക്‌സിന്‍ അഭാവം തീര്‍ഥാടകരുടെ യാത്രയെ ബാധിക്കുമെന്ന് ആശങ്ക

ദോഹ:പന്നിപ്പനി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്റെ അഭാവം ഹജ്ജ് തീര്‍ഥാടകരുടെ യാത്രയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. ഹജ്ജ് തീര്‍ഥാടകര്‍ യാത്രയ്ക്ക് മുമ്പായി പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് സൗദി ഗവണ്മെന്റ് കര്‍ശനമായി നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണിത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമം ഖത്തര്‍ നടത്തുന്നുണ്ടെങ്കിലും അത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വാക്‌സിനുണ്ടെങ്കിലും എപ്പോള്‍ ലഭ്യമാകുമെന്നുറപ്പിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഖത്തര്‍ ഗവണ്മെന്റ്. അന്താരാഷ്ട്ര വിപണിയില്‍ ഈ വാക്‌സിനുള്ളതുകൊണ്ടാണ് സൗദി ഗവണ്മെന്റ് കുത്തിവെപ്പ് നിര്‍ബന്ധമാക്കിയത്.

ഒക്ടോബര്‍ അവസാനം കിട്ടുമെന്ന പ്രതീക്ഷ ഖത്തറിലെ ആരോഗ്യവകുപ്പിനുണ്ടെങ്കിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യ ഉന്നതാധികാര സമിതിയിലെ ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. അഹമ്മദ്‌നാജി പറഞ്ഞത്.

പന്നിപ്പനി സംബന്ധിച്ച് ഖത്തറിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയാശങ്കകള്‍ വാക്‌സിന്‍ ലഭ്യമാവുന്നതോടെ ഒരു പരിധി വരെ ദൂരീകരിക്കപ്പെടും.

വരുന്ന മാസങ്ങളില്‍ വേനലവധി കഴിഞ്ഞ് വിവിധ രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ തിരിച്ചെത്തുന്നതോടെ പന്നിപ്പനി വര്‍ധിക്കാനുള്ള സാധ്യതകളെ മുമ്പില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ നടപടികള്‍ ഖത്തര്‍ ആരോഗ്യവകുപ്പ് നടത്തി വരുന്നുണ്ട്.

ശൈത്യകാലം വന്നെത്തുന്നതോടെ പനിബാധിക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ആരോഗ്യവകുപ്പിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഖാലിദ് അബ്ദുള്‍നൂര്‍ ചൂണ്ടിക്കാട്ടി.

പന്നിപ്പനിക്ക് ചികിത്സ നടത്താനുള്ള പ്രത്യേകതകളോടെ ഗറാഫാ ക്ലിനിക്കില്‍ ഫ്‌ളൂ ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി പത്തുപേരെങ്കിലും പന്നിപ്പനിയാണെന്ന് സംശയിച്ചവിടെ എത്തുന്നുണ്ട്.

679 കേസുകളാണ് രേഖപ്പെടുത്തിയതെങ്കിലും ആഗസ്ത് അവസാനം 2580 ആയി ഉയര്‍ന്നിരുന്നുവെന്ന് പ്രാദേശിക ദിനപത്രം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1 comment:

Unknown said...

പന്നിപ്പനി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്‌സിന്റെ അഭാവം ഹജ്ജ് തീര്‍ഥാടകരുടെ യാത്രയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. ഹജ്ജ് തീര്‍ഥാടകര്‍ യാത്രയ്ക്ക് മുമ്പായി പന്നിപ്പനി പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് സൗദി ഗവണ്മെന്റ് കര്‍ശനമായി നിര്‍ദേശിച്ചതിന്റെ വെളിച്ചത്തിലാണിത്.