Sunday, September 13, 2009

ഖത്തറില്‍ വിദ്യാലയങ്ങള്‍ സമയത്തിന്‌ തന്നെ തുറക്കും

ദോഹ:പന്നിപ്പനിയുടെ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ മധ്യവേനലവധിക്ക്‌ തുറക്കുന്നത്‌ നീട്ടില്ലെന്ന്‌ അധികൃതര്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ശൈറ്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ആല്‍താനിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

പന്നിപ്പനിയ്ക്ക്‌ കാരണമാകുന്ന എച്ച്‌ 1 എന്‍ 1 വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഫലപ്രദമാണ്‌. രാജ്യത്തെ സാഹചര്യങ്ങളില്‍ ആശങ്കയ്ക്ക്‌ യാതൊരു സാധ്യതയുമില്ല. അതു കൊണ്ടു തന്നെ സ്കൂളുകള്‍ സമയത്തിന്‌ തുറക്കാന്‍ ആരോഗ്യ വിദ്യാഭാസ ഉന്നതാധികാര സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്‌ അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്തെ സ്കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ തുറക്കുന്നതോടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാലികമായ ഇന്‍ഫ്ലുവന്‍സയ്ക്കതിരെ പ്രതിരോധ കുത്തിവെയ്പ്പ്‌ നല്‍കും.

രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായും വിദ്യാഭ്യാസ ഉന്നതാധികാര സമിതിയുമായും സഹകരിച്ചായിരിക്കും ഇത്‌. അതേ സമയം പന്നിപ്പനിക്ക്‌ കാരണമാവുന്ന എച്ച്‌ 1 എന്‍ 1 വൈറസിനെതിരെ പ്രതിരോധ മരുന്നുകള്‍ ലഭ്യമാവുന്ന മുറയ്ക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഈ പ്രതിരോധ കുത്തിവെയ്പും നല്‍കും.അവധി കഴിഞ്ഞ്‌ പ്രവര്‍ത്തനം പുനഃരാരംഭിച്ച രാജ്യത്തെ 30 പ്രവാസി സ്കൂളുകളെ ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു വരികയാണ്‌. ഇവിടെ ഇതു വരെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

കര്‍മ്മ പദ്ധതിയനുസരിച്ച്‌ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേയും നഴ്സുമാര്‍ക്കും അഡിമിനിസ്ട്രേറ്റീവ്‌ സ്റ്റാഫിനും പന്നിപ്പനിയെ കുറിച്ച്‌ രണ്ട്‌ ശില്‍പ്പശാലകള്‍ നടത്തും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പന്നിപ്പനിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

പന്നിപ്പനിക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച മാര്‍ഗരേഖ സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. വിദ്യാര്‍ഥികള്‍ക്കോ സ്റ്റാഫിനോ പനിയോ മറ്റോ കാരണം 37.8 ഡിഗ്രിയിലധികം ശാരീരികോഷ്മാവ്‌ ഉയരുകയോ ചുമ, ജലദോഷം, ശരീര വേദന, തലവേദന, തൊണ്ട വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അവരെ മറ്റുള്ളവരുമായി ഇടപെടുന്നതില്‍ നിന്ന്‌ തടയുകയും മാസ്ക്‌ ധരിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും വേണം. ഏഴു ദിവസത്തിനു ശേഷം മാത്രമേ ഇവര്‍ തിരിച്ച്‌ വിദ്യാലയത്തില്‍ എത്താവൂ. കൂടാതെ മരുന്നുകളൊന്നും ഇല്ലാതെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും യാതൊരു അസുഖവും ഇല്ലെന്ന്‌ ഉറപ്പു വരുത്തുകയും വേണമെന്ന്‌ ആരോഗ്യ ഉന്നതാധികാര സമിതിയുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

1 comment:

Unknown said...

പന്നിപ്പനിയുടെ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ മധ്യവേനലവധിക്ക്‌ തുറക്കുന്നത്‌ നീട്ടില്ലെന്ന്‌ അധികൃതര്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ശൈറ്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ആല്‍താനിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.